മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അച്ഛൻ–മകൻ കൂട്ടുകെട്ടായ ജയറാമും കാളിദാസ് ജയറാമും 23 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ആശകൾ ആയിരം’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിൽ ഇരുവരും അച്ഛനും മകനുമായാണ് എത്തുന്നത് എന്നതും സിനിമയോടുള്ള ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
ആശകൾ ആയിരം, Photo: IMDb
ജയറാമിന്റെ കരിയറിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ട്രോളന്മാർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ കഥാപാത്രം ‘സലാം കാശ്മീർ’ എന്ന ചിത്രത്തിലെ മേജർ ശ്രീകുമാർ തന്നെയാണ്. ചിത്രത്തിലെ ‘പാപ്പമാ’ എക്സ്പ്രെഷൻ ഇന്നും സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ സ്ഥിരം വിഷയമാണ്.
‘ആശകൾ ആയിരം’ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ ജയറാം മേജർ ശ്രീകുമാറിന്റെ ഐകോണിക് എക്സ്പ്രെഷൻ ആവർത്തിച്ചതോടെ, അത് വീണ്ടും ട്രോളന്മാർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ആ ‘പാപ്പമാ’ എക്സ്പ്രെഷന്റെ ഒരു റഫറൻസ് ചിത്രത്തിലും ഉണ്ടെന്ന് ജയറാം പറയുകയാണ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ചക്കിയോ കണ്ണനോ അവരിൽ ആരോ ഒരാളാണ് ആദ്യം ആ പാപ്പമാ എക്സ്പ്രെഷന്റെ ട്രോൾ എനിക്ക് കാണിച്ചു തന്നത്. പക്ഷേ ഞങ്ങൾ അത് വിട്ടുകളഞ്ഞിട്ടില്ല. ഈ സിനിമയിൽ അതിന്റെ റഫറൻസ് ഉണ്ടോയെന്ന് നിങ്ങൾ കാത്തിരുന്നു കാണൂ (ചിരി). കണ്ണന് നിർബന്ധമായിരുന്നു അത് വേണം എന്ന്. എങ്ങനെയെന്ന് എനിക്കറിയില്ല, പക്ഷേ സിനിമയിൽ അങ്ങനെ പാപ്പമാ എക്സ്പ്രെഷൻ വന്നു,’ ജയറാം പറഞ്ഞു.
ജയറാം, Photo: Jayaram/ Facebook
അഭിനയത്തെക്കുറിച്ചുള്ള ട്രോളുകൾ വീട്ടിൽ നിന്നുതന്നെ ലഭിക്കുന്നതിനാൽ പുറത്തുള്ള ട്രോളുകൾ തനിക്ക് അത്ര ബുദ്ധിമുട്ടാകാറില്ലെന്നും താരം പറഞ്ഞു. വീട്ടിൽ തന്റെ മക്കളാണ് ട്രോളുന്നതിൽ മുൻപന്തിയിലുള്ളതെന്നും, അതിനാൽ പാപ്പമാ ട്രോളുകളിൽ വലിയ പ്രശ്നമൊന്നുമില്ലെന്നും ജയറാം കൂട്ടിച്ചേർത്തു.
ട്രോളന്മാർ ആഘോഷമാക്കിയ ആ ഐകോണിക് എക്സ്പ്രെഷൻ വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
‘ഒരു വടക്കൻ സെൽഫി’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന് ജൂഡ് ആന്തണി ജോസഫാണ് ക്രിയേറ്റീവ് ഡയറക്ടർ. ആശ ശരത്, ഇഷാനി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രമേഷ് പിഷാരടി, ഷറഫുദ്ദീൻ, ആനന്ദ് മന്മഥൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫെബ്രുവരി 5ന് ‘ആശകൾ ആയിരം’ തിയേറ്ററുകളിലെത്തും
Content Highlight: Actor Jayaram talk about the movie Ashakal Ayiram