| Thursday, 6th November 2025, 2:16 pm

അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ചത്; അന്നാണ് അഭിനയം ആരംഭിച്ചു: ജനാര്‍ദനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജനാര്‍ദനന്‍. തിരുവനന്തപുരം ധനുവച്ചപുരം എന്‍.എസ്.എസ് കോളജില്‍ ബി.കോമിന് പഠിക്കുമ്പോഴാണ് താന്‍ അഭിനയം ആരംഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

അക്കാലത്താണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രലേഖ ഫിലിം സൊസൈറ്റി തുടങ്ങുന്നതെന്നും കോളജിലെ ഇംഗ്ലിഷ് പ്രഫസറായിരുന്ന ശ്രീവരാഹം ബാലകൃഷ്ണനാണ് അടൂരിന്റെ അടുക്കല്‍ കൊണ്ടുചെല്ലുന്നതെന്നും ജനാര്‍ദനന്‍ പറഞ്ഞു. അന്ന് താന്‍ ‘പ്രതിസന്ധി’ എന്നൊരു ഡോക്യുമെന്ററിയില്‍ ഏതാനും സീനുകള്‍ അഭിനയിച്ചവെന്നും ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു.

‘തിരുവനന്തപുരത്തെ മാഗ്നറ്റ് ഹോട്ടലില്‍ പോകുന്ന പതിവുണ്ടായിരുന്നു. എസ്.കെ.നായര്‍ എന്നൊരു സിനിമാക്കാരന്‍ ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന് പരിചയക്കാരനായ റൂം ബോയി ഒരു ദിവസം പറഞ്ഞു. പ്രഭാകരന്‍ എന്ന ആ റൂം ബോയിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി.
അദ്ദേഹത്തിന്റെ പേര് എസ്.കെ.നായര്‍ എന്നായതുകൊണ്ട്, ‘വൈക്കത്ത് നിന്നൊരു നായര്‍ പുറത്തു കാത്തു നില്‍ക്കുന്നു’ എന്നൊരു കടലാസില്‍ എഴുതിക്കൊടുത്തു,’ ജനാര്‍ദനന്‍ പറയുന്നു.

അദ്ദേഹമാണ് തന്നെ സിനിമയിലേക്ക് കൈപിടിച്ചതെന്നും എസ്.കെ.നായര്‍ നിര്‍മിച്ച് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ചെമ്പരത്തി’ എന്ന ചിത്രത്തില്‍ ജോലി ചെയ്തുവെന്നും ജനാര്‍ദനന്‍ പറയുന്നു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വൈക്കം ജനാര്‍ദനന്‍ നായര്‍ എന്ന പേര് ആ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘8 മാസത്തോളം എസ്.കെ.നായരുടെ തന്നെ മലയാളനാട് മാസികയില്‍ ജോലി ചെയ്തു. മദ്രാസില്‍ ഓഫീസ് തുടങ്ങിയപ്പോള്‍ എന്നെ അവിടെ മാനേജരാക്കി. സംവിധായകന്‍ കെ.എസ്.സേതു മാധവനാണ് ആദ്യ ചിത്രത്തിലേക്ക് അവസരം തരുന്നത്. അതാണ് ‘ആദ്യത്തെ കഥ’ എന്ന സിനിമ,’ ജനാര്‍ദനന്‍ പറഞ്ഞു.

Content highlight: Actor Janardhanan shares his memories of his entry into cinema

We use cookies to give you the best possible experience. Learn more