| Sunday, 3rd May 2026, 8:44 am

ഒരു ദിവസം ആറ് ബലാത്സംഗരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, സ്ത്രീകൾക്ക് എന്നെ കാണുന്നത് തന്നെ ഭയമായിരുന്നു: ജനാർദ്ദനൻ

നന്ദന എം.സി

മലയാളികൾക്ക് പ്രേത്യേക ഒരിഷ്ടമുള്ള നടനാണ് ജനാർദ്ദനൻ. വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും, പിന്നീട് സ്വഭാവ നടനായും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികളെ രസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. ജ്യോതിഷക്കാരനായ ചിറ്റപ്പനായി എത്തിയപ്പോൾ പ്രേക്ഷകർ അതീവ സന്തോഷത്തോടെയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്.

ജനാർദ്ദനൻ, Photo: X.com

അഖിൽ സത്യൻ സംവിധാനം ചെയ്‌ത സർവ്വം മായയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ജനാർദ്ദനൻ അവതരിപ്പിച്ചത്. പണ്ടുമുതൽ സിനിമകളിൽ കണ്ടുവന്ന താരത്തിന്റെ അതേ എനർജി സർവ്വം മായയിലും കാണാനായതാണ് പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാക്കിയത്.

ഇപ്പോഴിതാ മാതൃഭൂമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ഒരു ദിവസം തന്നെ ആറ് ബലാത്സംഗ രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും ആ കാലത്തെല്ലാം സ്ത്രീകൾക്ക് തന്നെ കാണുമ്പോൾ ഭയമായിരുന്നെന്നും പറയുകയാണ് ജനാർദ്ദനൻ.

‘സിനിമ എൻറെ തൊഴിൽമേഖലയാണ്. ഡിഗ്രി കഴിഞ്ഞശേഷം സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് ജീവിച്ചത്. അതു കൊണ്ടുതന്നെ വേഷങ്ങളുടെ തെരഞ്ഞെടുപ്പൊന്നും ഒരിക്കലും സാധ്യമായിരുന്നില്ല, വിളിക്കുന്ന സിനിമകളിലേക്കെല്ലാം ചെന്നു. ഗോവിന്ദൻകുട്ടിച്ചേട്ടനും ജോസ് പ്രകാശുമെല്ലാം വില്ലന്മാരായി നിറഞ്ഞുനിന്ന കാലത്താണ് എന്റെ അരങ്ങേറ്റം.

അവരുടെ തുടർച്ചയിലേക്ക് വൈകാതെ ഞാനും കണ്ണിചേർക്കപ്പെട്ടു. ഒരു ദിവസം തന്നെ ആറ് ബലാത്സംഗ രംഗങ്ങളിൽവരെ അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ സ്ത്രീകൾക്ക് എന്നെ കാണുന്നതു തന്നെ ഭയമായിരുന്നു.

ജനാർദ്ദനൻ, Photo: X.com

തമാശകഥാപാത്രങ്ങൾ എനിക്ക് വഴങ്ങുമെന്ന് കണ്ടെത്തിയതും സംവിധായകരാണ്. രാജസേനനും സിദ്ദിഖ്-ലാലുമെല്ലാം ചിരിയുടെ വഴിയിലൂടെ എന്നെ നടത്തിച്ചു. മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ അമ്മാവൻ വേഷം സംവിധായകൻ എന്നെ ധൈര്യപൂർവം ഏൽപ്പിക്കുകയായിരുന്നു.

മാന്നാർ മത്തായിയിലെ ഗർവാസീസ് ആശാൻ ഒരു ചവിട്ടുനാടകക്കാരനാണെന്നാണ് സിദ്ദിഖ്-ലാൽ പറഞ്ഞത്. എൻ്റെ കഥാപാത്രത്തിന്റെ ഡയലോഗുകൾ അവർ എൻ്റെ ശബ്ദത്തിൽ സംസാരിച്ചുനോക്കിയാണ് എഴുതിയതെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു.

ഫ്രണ്ട്സ് സിനിമയിലെ എൻ്റെ കഥാപാത്രം സ്വയം ചിരിച്ചുകൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുകയായിരുന്നു. കോമഡി കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതോടെ അത്തരം വേഷങ്ങളുമായി കൂടുതൽ സിനിമകൾ വന്നു.

ജനാർദ്ദനൻ, Photo: YouTube/ Screengrab

ചിരിപടർത്തുന്ന വേഷങ്ങളിൽ കൈയടി നേടിനിൽക്കുമ്പോഴും, തേടിവന്ന വില്ലൻ വേഷങ്ങളും വിട്ടുകളഞ്ഞില്ല. ക്രൈം ഫയൽ അത്തരത്തിൽ അഭിനയിച്ചൊരു സിനിമയായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ആരോടും പറയരുതെന്ന് സംവിധായകൻ കെ. മധു കഥ പറയാൻ എത്തിയപ്പോൾത്തന്നെ പറഞ്ഞിരുന്നു. കാളിയാർ പത്രോസ് എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ മുഖം സിനിമയുടെ ക്ലൈമാക്സിലാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞത്,’ ജനാർദ്ദനൻ പറഞ്ഞു.

ഹൃദയപൂർവ്വത്തിലേക്ക് സത്യൻ അന്തിക്കാടാണ് വിളിച്ചത്, മോഹൻലാലിനൊപ്പമുള്ള വേഷം. സത്യൻ്റെ മകൻ അഖിൽ സംവിധാനം ചെയ്ത സർവ്വം മായയാണ് അടുത്തിടെ അഭിനയിച്ച മറ്റൊരു ചിത്രമെന്നും താരം പറഞ്ഞു.

രണ്ടിലും ആസ്വദിച്ച് അഭിനയിക്കുകയായിരുന്നു. അടൂരിന്റെ മമ്മൂട്ടിച്ചിത്രം പദയാത്രയാണ് പ്രദർശനത്തി നൊരുങ്ങുന്ന മറ്റൊരു സിനിമ. ഈ പ്രായ ത്തിൽ തന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് അഭിനയിക്കാൻ വിളിക്കുന്നവർക്കുമൊരു ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Actor Janardhanan says that women were afraid to see him because he acted in rape scenes.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more