കിരീടം സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ ഒരു ഓര്‍മ പങ്കുവെക്കുകയാണ് നടന്‍ ജഗദീഷ്. കിരീടത്തിലെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തത് തന്റെ വീടിന് അടുത്തുവെച്ചാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ആ സമയത്ത് തന്റെ വീട്ടിലായിരുന്നെന്നും ജഗദീഷ് പറയുന്നു.
ഷൂട്ടിന്റെ ഇടവേളയില്‍ മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരാള്‍ പറങ്കിയണ്ടിയില്‍ വാറ്റിയ ഒരു പ്രത്യേക തരം ചാരായം അവിടേക്ക് കൊണ്ടുവന്നെന്നും ഏറ്റവും പ്രഷ്യസ് ആയി, നിധി പോലെ കൊണ്ടുവന്ന ആ ചാരായത്തിന്റെ കുപ്പി പക്ഷേ കയ്യില്‍ നിന്ന് വീണു പൊട്ടിയെന്നും അന്ന് പലരും ഗ്ലിസറിനില്ലാതെ കരയുന്നത് താന്‍ നേരിട്ട് കണ്ടെന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്. കിരീടം സിനിമയുടെ റി റിലീസുമായി ബന്ധപ്പെട്ട് നടന്ന ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘കിരീടമായി ബന്ധപ്പെട്ട് രസകരമായ ഒരു ഓര്‍മ ഞാന്‍ പങ്കുവെക്കാം. കിരീടത്തില്‍ ലാല്‍ ഒരു കടവരാന്തയില്‍ കിടന്നുറങ്ങുമ്പോള്‍ തിലകന്‍ ചേട്ടന്‍ വന്ന് ടോര്‍ച്ച് അടിച്ചുനോക്കുന്ന സീനൊക്കെ എന്റെ വീടിന്റെ അടുത്ത് വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ വീട്ടിലായിരുന്നു അന്ന് ഇവരെല്ലാം ഉണ്ടായിരുന്നത്.
ജഗദീഷ് Photo: Voice of Kerala Entertainment
മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വളരെ പ്രഷ്യസ് ആയിട്ടുള്ള, ഒരു നിധി പോലുള്ള ഒരു സാധനം കൊണ്ടുവന്നു. പറങ്കിയണ്ടിയില്‍ വാറ്റിയ ഒരു പ്രത്യേക തരം ചാരായം. എന്റെ മദര്‍ ഇന്‍ ലോ ഹെഡ് മിസ്ട്രസ് ആയി റിട്ടയര്‍ ചെയ്ത ലേഡിയാണ്. വളരെ സ്ട്രിക്ട് ആണ്. അതുകൊണ്ട് തന്നെ ഞാന്‍ ഇവരോട് ആരും അറിയാതെ നിങ്ങള്‍ മാനേജ് ചെയ്യണമെന്നൊക്കെ പറഞ്ഞു.
അതൊന്നും കുഴപ്പമില്ല, ഞങ്ങള്‍ ശ്രദ്ധിച്ചോളാമെന്നായി ഇവര്‍. വളരെ പ്രഷ്യസ് ആയി കൊണ്ടുവന്ന സാധനമാണ്. അത് ഇങ്ങനെ പ്രൊഡ്യൂസര്‍ ശ്രീ സെവന്‍ആര്‍ട്‌സ് വിജയകുമാര്‍ തൂക്കിപ്പിടിച്ച് കൊണ്ടുവരികയാണ്. അപ്പോള്‍ കോണ്‍ഫിഡന്‍സ് കുറച്ച് കൂടിയെന്ന് തോന്നുന്നു, കൈ ഇങ്ങനെ വീശി വന്നതും അത് വീടിന്റെ മുറ്റത്ത് തന്നെ ഇട്ട് പൊട്ടിച്ചു.
മോഹന്‍ലാല്‍ Photo: Voice of Kerala Entertainment
എങ്ങനെയാണെന്ന് അറിയില്ല, സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അവിടുന്ന് അത് റിമൂവ് ചെയ്തു. പക്ഷേ എന്റെ മദര്‍ ഇന്‍ ലോ അകത്തുനിന്നും വന്നു. പുള്ളിക്കാരി കെമിസ്ട്രി അധ്യാപിക കൂടിയാണ്. പുള്ളി അകത്തുനിന്നും നടന്നുവന്നിട്ട് ഇവിടെ സ്പിരിറ്റ് മണക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു ഇല്ല, തോന്നിയതായിരിക്കും. അല്ല സ്പിരിറ്റിന്റെ മണം എനിക്കറിയാം. ഉണ്ട്. മണക്കുന്നുണ്ടെന്ന് പറഞ്ഞു. മദ്യം ആണെന്ന് ഇമാജിന്‍ ചെയ്യുന്നില്ല. അതുകൊണ്ട് രക്ഷപ്പെട്ടു.
പക്ഷേ ആ സീനില്‍ റിയല്‍ ആയിട്ട് നമ്മുടെ കൂടെയുള്ള പല ആര്‍ടിസ്റ്റുകളും കരഞ്ഞുപോയി. കാരണം ഇത്രയും നല്ലൊരു ഡ്രിങ്ക് മിസായതില്‍ അവര്‍ക്കെല്ലാവര്‍ക്കും വലിയ സങ്കടമായി. അന്ന് ഗ്ലിസറിനില്ലാതെ നമ്മുടെ കൂടെയുള്ള പലരും കരയുന്നത് ഞാന്‍ കണ്ടു. ആ രംഗം ഇന്നും എന്റെ മനസിലുണ്ട്. കിരീടം എന്ന് പറയുന്നത് നമ്മുടെ മനസില്‍ അഭിമാനത്തിന്റെ കൂടി പ്രതീകമാണ്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Actor Jagadhish share a funny incident happening on Kieedam set