മലയാള സിനിമയിൽ ആദ്യമായി മുഴുനീള WWE സ്റ്റൈൽ ആക്ഷൻ–കോമഡി ആയി ഒരുങ്ങുന്ന ചിത്രമാണ് അർജുൻ അശോകൻ നായകനായെത്തുന്ന ‘ചത്താ പച്ച’. ജനുവരി 22-ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ, നിരവധി സസ്പെൻസുകൾ ഒളിഞ്ഞിരിക്കുന്ന ഒരു വ്യത്യസ്ത സിനിമയാണ് ‘ചത്താ പച്ച’ എന്ന സൂചനയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്നതും സിനിമയോടുള്ള ആകാംഷ വർധിപ്പിക്കുന്നു.
ചത്താ പച്ച, Photo: IMDb
‘ചത്താ പച്ച’ എന്ന പേര് കേൾക്കുമ്പോൾ അതിന്റെ അർത്ഥം എന്തെന്ന സംശയം പലർക്കുമുണ്ടാകും. എന്നാൽ മട്ടാഞ്ചേരി–ഫോർട്ട് കൊച്ചി പ്രദേശങ്ങളുമായി അടുപ്പമുള്ളവർക്ക് ഇത് പരിചിതമായ ഒരു പ്രയോഗമാണ്. ഈ പേര് സിനിമയ്ക്ക് ലഭിച്ചതിന്റെ പിന്നിലെ കഥ പങ്കുവെക്കുകയാണ് നടൻ ഇഷാൻ ഷൗക്കത്ത്.
കല്യാണരാമൻ, Photo: YouTube/ Screen grab
‘ഈ പേര് വന്നത് സലിം കുമാറേട്ടന്റെ ഒരു ഡയലോഗിൽ നിന്നാണ്. നമ്മുടെ റൈറ്റർ സനൂപ് തൈക്കുടം കണ്ടുപിടിച്ചതാണ് ഇത്. ഈ സിനിമയുടെ മൂഡ്, തീം, മോട്ടിവേഷൻ എല്ലാം തന്നെ ‘ചത്താ പച്ച ’ എന്ന വാക്കിൽ അടങ്ങിയിട്ടുണ്ട്. അതായത് ‘ഡു ഓർ ഡൈ’. ഒന്നും നോക്കണ്ട ചത്താ പച്ച.
ഒരുപാട് വർക്കിംഗ് ടൈറ്റിലുകൾ ഉണ്ടായിരുന്നുവെങ്കിലും, ഒഫീഷ്യൽ ടൈറ്റിലായി ഇതാണ് ഏറ്റവും പറ്റിയതെന്ന് പിന്നീട് മനസിലായി. മട്ടാഞ്ചേരി–ഫോർട്ട് കൊച്ചി പശ്ചാത്തലത്തിലുള്ള ഒരു കഥ പറയുമ്പോൾ, ഇതിലുപരി യോജിക്കുന്ന മറ്റൊരു പേര് ഉണ്ടാകില്ല,’ ഇഷാൻ ഷൗക്കത്ത് പറഞ്ഞു.
അർജുൻ അശോകൻ, Photo: IMDb
ചിത്രത്തിൽ അർജുൻ അശോകനൊപ്പം റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻ ദാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗത സംവിധായകൻ അദ്വൈത് നായർ ആണ് ‘ചത്താ പച്ച’ സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു.
അർജുൻ അശോകൻ- ലോക്കോ ലോബോ, റോഷൻ മാത്യു- വെട്രി, വിശാഖ് നായർ- ചെറിയാൻ, ഇഷാൻ ഷൗക്കത്ത്- ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ എത്തുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ലുക്ക്, ഭാവം എന്നിവ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Content Highlight: Actor Ishaan Shaukat talks about the movie Chatha Pacha