| Tuesday, 5th May 2026, 3:07 pm

അദ്ദേഹം അടിമുടി നോക്കിയിട്ട് പറഞ്ഞു 'വേണമെങ്കിൽ മുകേഷിൻ്റെ പിന്നിൽ ഒരാൾക്കൂട്ടമുണ്ട് അതിൽ പോയി നിന്നോ...' എന്ന്: ഇർഷാദ് അലി 

നന്ദന എം.സി

മൂന്ന് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിൽക്കുന്ന നടനാണ് ഇർഷാദ് അലി. സിബി മലയിൽ സംവിധാനം ചെയ്ത പ്രണയവർണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഇർഷാദ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്‌ത്‌ പ്രേക്ഷകശ്രദ്ധ നേടാൻ ഇർഷാദിന് സാധിച്ചു.

ഇപ്പോഴിതാ സിനിമയിലേക്കുള്ള  തന്റെ തുടക്കകാലത്ത് ഒരുപാട് പരിഹാസങ്ങളും അവഹേളനങ്ങളും ലഭിച്ചെന്ന് പറയുകയാണ് താരം എന്നാൽ അതൊന്നും തന്നെ ബാധിച്ചില്ല കാരണം സിനിമയാണ് തന്റെ മോഹമെന്നും അദ്ദേഹം പറഞ്ഞു.

ഇർഷാദ് അലി , Photo: IMDb

‘പ്രീഡിഗ്രിവരെയേ പഠിക്കാനായുള്ളൂ. ജോലി അത്യാവശ്യമായിരുന്നു. അങ്ങനെ കുന്നംകുളത്ത് കെ.ആർ.എസ് പാഴ്സ‌ൽ സർവീസിൻ്റെ ഏജൻസിയിൽ മൂന്നക്ക ശമ്പളം വാങ്ങിക്കുന്ന ക്ലർക്ക് ആയി.

അവിടെ വച്ചാണ് എൻ്റെ സിനിമ മോഹത്തെക്കുറിച്ച് അറിയാവുന്ന, കുന്നംകുളത്തെ വ്യാപാരിയായ ചെറുവത്തൂർ വിൽസൺ ചേട്ടൻ നിർമാതാവ് സ്വ‌പ്ന ബേബിയേട്ടനെ പരിചയപ്പെടുത്തുന്നത്.

അപ്പോൾ തൃശൂരിൽ പി.ജി വിശ്വംഭരൻ സാറിൻ്റെ സിനിമ നടക്കുന്നുണ്ടെന്നും അതിൽ കെ.എസ്. ഇ.ബി ഓവർസിയറിൻ്റെ വേഷത്തിലെക്ക് ആളെ വേണമെന്നും നീ പോയിനോക്കെന്നും പറഞ്ഞ് രണ്ടു പേരും എന്നെ പ്രോത്സാഹിപ്പിച്ചു.

ഞാൻ നേരെ ലൊക്കേഷനിലെത്തി. ഒരു പ്രൊഡ്യൂസർ പറഞ്ഞു വിട്ട ധൈര്യത്തിൽ വിശ്വംഭരൻസാറിനോടു പറഞ്ഞു ഓവർസിയറിൻ്റെ വേഷം ഉണ്ടെന്നറിഞ്ഞു, അതിൽ അഭിനയിക്കാൻ പറ്റുമോ? അദ്ദേഹം അടിമുടി എന്നെ നോക്കിയിട്ടു മറുപടി പറഞ്ഞു ‘അതൊന്നും പറ്റില്ല. വേണമെങ്കിൽ മുകേഷിൻ്റെ പിന്നിൽ ഒരാൾക്കൂട്ടം നിൽക്കുന്നുണ്ട്. അതിൽ പോയി നിന്നോ… ആ സിനിമയായിരുന്നു പാർവതീ പരിണയം,’ ഇർഷാദ് അലി പറഞ്ഞു.

ഇർഷാദ് അലി, വിജയ് സേതുപതി, Photo: Irshad Ali/ Facebook

പിനീട് അങ്ങോട്ട് മുപ്പത് വര്ഷം ശ്വാസം പോലെ താൻ സിനിമയെ കൊണ്ട് നടന്നുവെന്നും ചുണ്ടിനും ചുംബനത്തിനും ഇടയിൽ നഷ്‌ടമായി പോയ ഒരുപാടു സിനിമാ സ്വപ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെയ്ക്കപ്പ് ഇട്ടു കഴിഞ്ഞ് വേഷമില്ലെന്നു പറഞ്ഞതും, അഭിനയിച്ച ശേഷം സീൻ കട്ടായി പോയ സിനിമകളും ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു . അന്നും ഇന്നും ഇത്തരം അനുഭവങ്ങൾക്ക് തന്നെ വേദനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല കാരണം, തന്റെ മോഹമാണ് സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Actor Irshad Ali talks about the early days of his film career

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more