| Friday, 18th September 2026, 1:45 pm

ഹോമിലൊക്കെയുള്ള പോലെയുള്ള അച്ഛൻ കഥാപാത്രമാണെന്ന് പറഞ്ഞു, സൂര്യയുടെ പടമാണെന്നറിഞ്ഞപ്പോൾ കൊതി തോന്നി; ഇന്ദ്രൻസ്

അജ്മല്‍ കെ

തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ യാത്രയാണ് നടത്തിയത്. ആളൊരുക്കം, ഹോം, വെയിൽമരങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

തമിഴ് സിനിമയിൽ അഭിനയിക്കാൻ നേരത്തെ തന്നെ ഭയമുണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത കറുപ്പ് എന്ന ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

ഇന്ദ്രൻസ്. Photo. Screen Grab/ Youtube

ചിത്രത്തിൽ സൂര്യയ്ക്കൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളായിരുന്നു ഇന്ദ്രൻസിനുള്ളത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം കറുപ്പിന്റെ സിനിമാവിശേഷങ്ങൾ പങ്കുവെച്ചത്.

‘കറുപ്പിലേക്ക് ആർ.ജെ. ബാലാജി ഡയറക്ടർ വിളിക്കുകയായിരുന്നു. ഹോമിലൊക്കെയുള്ള പോലെ അച്ഛൻ കഥാപാത്രമാണെന്നൊക്കെ പറഞ്ഞു. പക്ഷേ അന്ന് ഒരുപാട് സിനിമകളുണ്ടായിരുന്നു എനിക്ക്. മാത്രമല്ല, തമിഴ് സിനിമയിൽ ചെയ്യാനും പേടിയായിരുന്നു. പണ്ട് മുതലേ തമിഴിൽ നിന്ന് അവസരങ്ങൾ വന്നിട്ട് ഞാൻ പോകാതിരുന്നതാണ്,’ഇന്ദ്രൻസ് പറഞ്ഞു.

തമിഴ് ഭാഷയും അഭിനയവും രണ്ടും കൂടി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അതിനെ കുറിച്ച് ഭയമുണ്ടായിരുന്നെന്നും താരം വ്യക്തമാക്കി.

‘ഞാൻ തന്നെ അഭിനയിച്ച സിനിമ മൊഴിമാറ്റി തമിഴിൽ ചെയ്തപ്പോഴും ആ കഥാപാത്രം ചെയ്യാൻ ഞാൻ പോയിട്ടില്ല. ഭാഷ അത്ര എളുപ്പമല്ല. അത് കൈകാര്യം ചെയ്ത് ശ്രദ്ധിക്കുമ്പോഴേക്കും പിന്നെ മുഖം ബ്ലാങ്ക് ആകും. അപ്പോൾ അത് രണ്ടും കൂടി ശരിയാവില്ല എന്ന പേടിയായിരുന്നു,’ ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

എന്നാൽ കറുപ്പിന്റെ കാര്യത്തിൽ ഭാഷയെക്കുറിച്ച് പേടിക്കേണ്ടതില്ലെന്ന് ആർ.ജെ. ബാലാജി പറഞ്ഞതോടെയാണ് സിനിമ ചെയ്യാൻ സമ്മതിച്ചത്. ഡേറ്റ് സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാമെന്നും സംവിധായകൻ പറഞ്ഞിരുന്നു.

‘പിന്നെ അദ്ദേഹം പറഞ്ഞു, ഭാഷയുടെ കാര്യം പേടിക്കണ്ട. മലയളിയായിട്ടുള്ള ഒരു കഥാപാത്രമാണ്. ഇവിടെ വന്ന് ആൾക്കാരോട് അറിയാവുന്ന തമിഴ് പറഞ്ഞാൽ മതി, അതൊന്നും പ്രശ്നമില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് കറുപ്പിലേക്ക് പോയത്.’താരം പറഞ്ഞു.

കറുപ്പ്. Photo. IMDb

‘അതിന്റെ ഉള്ളിൽ പിന്നെ സൂര്യ സാറുമായി കോമ്പിനേഷനുണ്ട്. സൂര്യയുടെ പടം എന്നൊക്കെ പറയുമ്പോൾ ഒരു കൊതി ഉണ്ടാകുമല്ലോ. അങ്ങനെയും ഒരു ആഗ്രഹം തോന്നി,’ ഇന്ദ്രൻസ് പറഞ്ഞു.

Content Highlight: Actor indrans talks about surya and ‘karuppu’ Movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more