കോസ്റ്റിയൂം ഡിസൈനറായി സിനിമയിലെത്തി അഭിനയത്തിലേക്ക് കൂടുമാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. കരിയറിലെ ആദ്യകാലങ്ങളില്‍ ചെറിയ വേഷങ്ങില്‍ പ്രത്യക്ഷപ്പെട്ട താരം പിന്നീട് മലയാളത്തിലെ മുന്‍നിര ഹാസ്യനടനായി മലയാള സിനിമയില്‍ സ്ഥാനം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചത് സീരിയസ് വേഷങ്ങളില്‍ ഇന്ദ്രന്‍സ് കാണിച്ച അഭിനയമികവാണ്. ആളൊരുക്കത്തിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരം അഞ്ചാം പാതിര, ഹോം തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം തന്റെ കഴിവ് തെളിയിച്ചിരുന്നു.
ഇന്ദ്രന്‍സ്. Photo: X.com
തമിഴില്‍ ഈ വര്‍ഷം വലിയ ഹിറ്റായി മാറിയ സൂര്യ ചിത്രം കറുപ്പില്‍ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു ലഭിച്ചത്. ചിത്രത്തിന് പിന്നാലെ ഇന്ദ്രന്‍സിന് തമിഴ്‌നാട്ടില്‍ വലിയ സ്വീകാര്യത നേടിയെടുക്കാനും സാധിച്ചിരുന്നു. അടുത്തിടെ ഇന്ദ്രന്‍സ് നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ചിന്ന ചിന്ന ആസൈ. ഇതോടൊപ്പം താരം പ്രധാനവേഷത്തിലെത്തിയ അനന്തന്‍ കാടും തിയേറ്ററുകളിലെത്തിയിരുന്നു.
ഇപ്പോഴിതാ ഇന്ദ്രന്‍സ് തന്റെ ഇഷ്ടനടനായ മധുവിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആദ്യമായി അഭിനയിക്കുന്നത് നസീര്‍ സാറിനൊപ്പമാണ്. നസീര്‍ സാര്‍ അന്ന് സൂപ്പര്‍ സ്റ്റാറാണെങ്കിലും വലിപ്പ ചെറുപ്പം നോക്കാതെ അഭിനയിക്കുന്ന ആളാണ്. എങ്കിലു മധു സാറിന്റെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തെ ഒളിഞ്ഞുനോക്കിയാണ് എന്റെ കഴുത്ത് നീണ്ടിരിക്കുന്നതെന്ന് തോന്നുന്നു. ഞാന്‍ തയ്യല്‍ക്കടയില്‍ പോകുമ്പോഴും കടയിലിരിക്കുന്നവരില്‍ ഭൂരിഭാഗവും നസീര്‍ സാറിന്റെ ആരാധകരാണ്.
പ്രേം നസീറും മധുവും. Photo: IMDB/ Actor Madhu
മധു സാറിന് വേണ്ടി പറയാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരു മേസ്തിരിയുണ്ട് മധു സാറിനെ ഇഷ്ടപെട്ട ആളാണ്, പക്ഷേ സിനിമയൊന്നും കാണാറില്ല. പലപ്പോഴും ഇത്തരത്തില്‍ ഞങ്ങള്‍ രണ്ട് കൂട്ടരും തമ്മില്‍ സംസാരമുണ്ടാകാറുണ്ട്. നിന്റെ മധുവിനെ എന്തിന് കൊള്ളാം, ദേഹത്ത് മുഴുവന്‍ മുടിയുണ്ട്, വാനര വംശമാണ്, ഹനുമാന്‍ ആവാന്‍ കൊള്ളാമെന്നും നസീറിനെ നോക്കെടാ കൃഷ്ണവംശമാണ് എന്നൊക്കെയാണ് ഒരു നസീര്‍ ആരാധകന്‍ പറയാറുള്ളത്. അതില്‍ ഒരാള്‍ ഷര്‍ട്ടെല്ലാം ഊരി കാണിച്ച് എന്റെയും ദേഹത്ത് രോമമില്ല എന്നെല്ലാം പറയുമായിരുന്നു,’ ഇന്ദ്രന്‍സ് ഓര്‍ത്തെടുത്തു.
Content Highlight: Actor Indrans talks about his favorite actor Madhu and Prem Nazir