മലയാള സിനിമയില്‍ ഒരു കോസ്റ്റ്യൂം ഡിസൈനറായി തന്റെ കരിയര്‍ ആരംഭിക്കുകയും പിന്നീട് ഹാസ്യവേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത നടനാണ് ഇന്ദ്രന്‍സ്. 1981 ല്‍ പുറത്തിറങ്ങിയ ചൂതാട്ടം എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം തന്റെ നീണ്ട 40 വര്‍ഷത്തെ കരിയറില്‍ 500ല്‍ പരം സിനിമകളില്‍ അഭിനയിച്ചു.
സമീപകാലത്ത് കോമഡി റോളുകളില്‍ നിന്ന് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്ക് കളം മാറ്റി ചവിട്ടിയ ഇന്ദ്രന്‍സ് അഞ്ചാം പാതിര, ഉടല്‍, ഹോം എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇന്ദ്രന്‍സിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആശാന്‍.
Photo: ഇന്ദ്രന്‍സ് ആശാന്‍ സിനിമയിലെ ഒരു രംഗത്തില്‍ നിന്നും. Youtube. com
ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോമന്‍ ജ്യോതിറും ഒരു പ്രധാനവേഷത്തിലെത്തുന്നു. ഇപ്പോള്‍ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ പ്രധാന വേഷങ്ങളുള്ള കഥകളുമായി ഒരുപാട് പേര്‍ തന്നെ തേടിയെത്താറുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു.
‘കഥ കേട്ട് ഇഷ്ടമായാല്‍, അപ്പോള്‍ത്തന്നെ സഹകരിക്കാമെന്ന് തീരുമാനിക്കുന്നതാണ് രീതി. പക്ഷേ, ആ തീരുമാനം പലപ്പോഴും അപകടങ്ങളില്‍ ചാടിച്ചിട്ടുണ്ട്. ആദ്യ കേള്‍വിയില്‍ കേട്ട് ഇഷ്ടപ്പെട്ട പലതും അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ കഥയിലുണ്ടാകില്ല, നമ്മള്‍ പ്രതീക്ഷയോടെ കണ്ട പല സീനുകളും ഒഴി വാക്കിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. വാക്കുകൊടുത്ത സ്ഥിതിക്ക് സിനിമയുമായി സഹകരിക്കേണ്ടിവരും.
ഇത്തരം പല സിനിമകളുടെയും ചിത്രീകരണം തുടങ്ങി കുറച്ച് ദിവസം കഴിയുമ്പോഴേക്കും അണിയറപ്രവര്‍ത്തകരുടെ ആവേശം അവസാനിക്കും. പിന്നെയെങ്ങനെയെങ്കിലും സിനിമ ഇറക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്കാകും കാര്യങ്ങള്‍. പരസ്യമോ വേണ്ടത്ര പ്രചാരണമോ ഇല്ലാതെ, വിതരണക്കാരെപ്പോലും കിട്ടാതെയുള്ള റിലീസാകും പലപ്പോഴും സംഭവിക്കുക,’ ഇന്ദ്രന്‍സ് പറയുന്നു.
എല്ലാ സിനിമകളും അങ്ങനെയല്ലെന്നും പ്രധാനവേഷത്തിലേക്ക് ക്ഷണിക്കുമ്പോള്‍ കഥ, കഥാപാത്രം, അണിയറപ്രവര്‍ത്തകര്‍, നിര്‍മാതാക്കള്‍ എന്നിവരെക്കുറിച്ചെല്ലാം ഇപ്പോള്‍ അന്വേഷിക്കാറുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. വലിയ അഭിനേതാക്കളുള്ള സിനിമകളില്‍ ചെറുവേഷമാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും കാരണം, ആ സിനിമകളെല്ലാം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ആശാന്‍ ഫെബ്രുവരി 5നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന ചിത്രമായൊരുങ്ങിയ ആശാന് പ്രേക്ഷകരുടെയിടയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. ഇന്ദ്രന്‍സ് നായകവേഷത്തിലെത്തിയ ആദ്യ കൊമേഴ്ഷ്യല്‍ സിനിമയെന്ന പ്രത്യേകതയും ആശാനുണ്ട്.
വിമല്‍ ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് കിരണ്‍ ദാസാണ്. വിനായക് ശശികുമാര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ജോണ്‍ പോള്‍ ജോര്‍ജ് തന്നെയാണ്.
Content Highlight: Actor Indrans says that he is often approached for leading roles