| Tuesday, 28th July 2026, 3:50 pm

കാവലന്‍ ഷൂട്ടിന്റെ സമയത്ത് ഞാനെടുക്കുന്ന എഫേര്‍ട്ടുകളെ കുറിച്ചെല്ലാം വിജയ് സാര്‍ ചോദിച്ചിരുന്നു; അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അഭിനേതാവും സംവിധായകനുമാണ് ഗിന്നസ് പക്രു. തന്റെ പൊക്ക കുറവിനെ ഊര്‍ജമാക്കി കൊണ്ട് സിനിമയിലെത്തിയ താരം അത്ഭുത ദ്വീപിലെ പ്രകടനത്തിലൂടെ ഒരു സിനിമയില്‍ ലീഡ് റോളിലെത്തുന്ന ഏറ്റവും ഉയരം കുറഞ്ഞ താരമെന്ന ഗിന്നസ് റെക്കോഡിന് ഉടമയായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ കുട്ടിം കോലും എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകന്‍ എന്ന നേട്ടവും താരം തന്റെ പേരിലാക്കിയിരുന്നു.

ഗിന്നസ് പക്രു. Photo: X.com

മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളിലൊരാളായി സ്ഥാനം നേടിയെടുത്ത താരം തമിഴിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ജീവ നായകനായ ഡിഷ്യൂം എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം സൂര്യയ്‌ക്കൊപ്പം ഏഴാം അറിവ് വിജയ്‌യുടെ കാവലന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. വിജയിക്കൊപ്പവും സൂര്യക്കൊപ്പവും പ്രധാന്യമുള്ള റോളിലായിരുന്നു ഗിന്നസ് പക്രു വേഷമിട്ടത്.

കാവലന്‍. Photo: The Hindu

കഴിഞ്ഞ ദിവസം ആനീസ് കിച്ചണില്‍ ആനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരം തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞതിനെ കുറിച്ചാണ് പക്രു സംസാരിച്ചത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് വീഡിയോ വൈറലാകുന്നത്.

‘കാവലന്‍ എന്ന സിനിമയിലാണ് വിജയ് സാറിനൊപ്പം അഭിനയച്ചത്. നമ്മുടെ ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായിരുന്നു അത്. ആ സമയത്ത് ഒരു സീനില്‍ നമ്മള്‍ നാല് ആര്‍ടിസ്റ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടയില്‍ ലൊക്കേഷനില്‍ സീനുകള്‍ക്കിടയില്‍ ഗ്യാപ്പ് വരുന്ന സമയത്തെല്ലാം വിജയ് സാര്‍ എന്നെ അടുത്ത് വിളിച്ചിരുത്തി സംസാരിക്കുകയും നമ്മുടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്റെ കുട്ടിക്കാലം തൊട്ടുള്ള കാര്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. എന്റെ ശരീര പ്രകൃതി ഇങ്ങനെയായത് കൊണ്ട് ഞാന്‍ എടുത്തിട്ടുള്ള എഫേര്‍ട്ടുകളെല്ലാം അദ്ദേഹം ചോദിച്ചു.

വിജയ്. Photo: The Hindu

ഇതിനെ കുറിച്ചെല്ലാം വളരെ വിശദമായിട്ടാണ് അദ്ദേഹം എന്നോട് ചോദിച്ചറിഞ്ഞത്. എന്നെ മാത്രമല്ല ശാരീരികമായിട്ട് പരിമിതികളുള്ള ഏതൊരാള്‍ വന്നാലും അവരെ അദ്ദേഹം പരിഗണിക്കും. അത്രയും നമ്മളോട് സംസാരിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്ത ആള്‍ തമിഴ്‌നാടിന്റെ സി.എം ആയി എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി,’ ഗിന്നസ് പക്രു പറഞ്ഞു.

Content Highlight: Actor Guinness Pakru talks about his experience with Vijay

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more