മലയാള സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അഭിനേതാവും സംവിധായകനുമാണ് ഗിന്നസ് പക്രു. തന്റെ പൊക്ക കുറവിനെ ഊര്‍ജമാക്കി കൊണ്ട് സിനിമയിലെത്തിയ താരം അത്ഭുത ദ്വീപിലെ പ്രകടനത്തിലൂടെ ഒരു സിനിമയില്‍ ലീഡ് റോളിലെത്തുന്ന ഏറ്റവും ഉയരം കുറഞ്ഞ താരമെന്ന ഗിന്നസ് റെക്കോഡിന് ഉടമയായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ കുട്ടിം കോലും എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകന്‍ എന്ന നേട്ടവും താരം തന്റെ പേരിലാക്കിയിരുന്നു.
Photo: IMDB
പക്രുവിന്റെ കരിയറിലെ തന്നെ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു വിനയന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ അത്ഭുത ദ്വീപ്. ചിത്രത്തിലെ ഗജേന്ദ്രന്‍ എന്ന കഥാപാത്രത്തിന് പിന്നാലെ തമിഴ് സിനിമകളിലും പക്രു വേഷമിട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളില്‍ കിട്ടിയ അവസരത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ആനീസ് കിച്ചണ് നല്‍കിയ അഭിമുഖത്തിലാണ് അന്യഭാഷകളിലെ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് പക്രു സംസാരിച്ചത്.
‘തമിഴില്‍ ഞാന്‍ ചെയ്ത ആദ്യ പടമായ ഡിഷ്യൂമില്‍ തന്നെ ബെസ്റ്റ് സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുള്ള അവാര്‍ഡ് കിട്ടിയിരുന്നു. അത് വലിയ ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. ചിത്രത്തില്‍ ജീവയും ഞാനും തമ്മിലുള്ള കോമ്പിനേഷന്‍ ഭയങ്കരമായിട്ട് ക്ലിക്കാകുകയും ആ സിനിമ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു. അതിലെ പാട്ടാണ് ഡൈലാമോ ഡൈലാമോ. ചിത്രത്തിലെ അഭിനയത്തിന് ബെസ്റ്റ് സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ ശേഷം ആ ഒരു ഒറ്റ പടം കൊണ്ട് തന്നെ വലിയ ഒരു എക്‌സ്‌പോഷര്‍ കിട്ടി.
അത്ഭുത ദ്വീപ്. Photo: X.com
തെലുങ്കിലേക്ക് ഒന്ന് രണ്ട് പടങ്ങളിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ ഭാഷയെ കുറിച്ച് ആലോചിക്കുമ്പോളാണ് എനിക്ക് ഭയങ്കര പേടി. എനിക്ക് തെലുങ്ക് അറിയില്ല. മറ്റൊരു കാര്യം എന്റെ ഒരു മൂന്ന് നാല് ചിത്രങ്ങള്‍ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. അത്ഭുത ദ്വീപ്, ഏഴാം അറിവ്, കാവലന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അവിടെ ഇറക്കിയിട്ടുണ്ട്. അങ്ങനെ അവരുടെ ഇടയിലും എന്റെ മുഖം പരിചിതമാണ്. അതുകൊണ്ട് ശബരിമലയ്ക്ക് പോകാന്‍ പറ്റില്ല (ചിരിയോടെ). എന്റെ അടുത്ത് തെലുങ്കന്‍മാരൊക്കെ വന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി. അത്ഭുത ദ്വീപ് പെട്ടെന്ന് ആള്‍ക്കാരുടെ ഓര്‍മയില്‍ നിന്നും പോകില്ല. ഏത് ഭാഷയാണെങ്കിലും അവര്‍ നമ്മളെ പെട്ടെന്ന് മനസിലാക്കും,’ പക്രു പറഞ്ഞു.
Content Highlight: Actor Guiness Pakru talks about the love he received from Telegu and Tamil audience