| Monday, 1st December 2025, 12:07 pm

എങ്ങനെയാ ചേട്ടാ ഇത്രയും നന്നായി പൊലീസ് മാനറിസം ചെയ്യുന്നത്?; സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നും പഠിച്ചതാണെന്ന് വിനായകന്‍ ചേട്ടന്‍:ജിബിന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കളങ്കാവല്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ എങ്ങനെയാണ് അത്രയും നന്നായി പൊലീസ് മാനറിസം കൈകാര്യം ചെയ്തതെന്ന തന്റെ ചോദ്യത്തിന് നടന്‍ വിനായകന്‍ നല്‍കിയ മറുപടിയെക്കുറിച്ച് പറയുകയാണ് നടന്‍ ജിബിന്‍ ഗോപിനാഥ്. കളങ്കാവല്‍ ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

vinayakan.photo: screen grab from kalamkaval/movie trailer

‘ഒരു പൊലീസുകാരനായത് കൊണ്ട് എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ വിനായകന്‍ ചേട്ടന് അഭിനയത്തിനിടയില്‍ പറഞ്ഞുകൊടുക്കാമെന്ന ധാരണ എനിക്കുണ്ടായിരുന്നു. കാരണം ചിത്രത്തില്‍ ഞങ്ങള്‍ രണ്ടു പേരും പൊലീസ് വേഷത്തിലാണെത്തുന്നത്. പലരും പൊലീസ് വേഷം കൈകാര്യം ചെയ്യുമ്പോള്‍ ഒരുപാട് മിസ്റ്റേക്കുകള്‍ വരുത്താറുണ്ട്. മഫ്തിയ്ല്‍ നില്‍ക്കുമ്പോളും യൂണിഫോമില്‍ നില്‍ക്കുമ്പോഴുമുള്ള വ്യത്യാസം പലപ്പോഴും ശരിയായ രീതിയില്‍ അല്ല സിനിമയില്‍ കൈകാര്യം ചെയ്യാറുള്ളത്. പലതും ചെറിയ ചെറിയ തെറ്റുകളാണ്.

പക്ഷേ വിനായകന്‍ ചേട്ടന്റെ പ്രകടനം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. കുറച്ച് കാര്യങ്ങള്‍ വിനായകന്‍ ചേട്ടന് പറഞ്ഞു കൊടുക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും പുള്ളി അതിനുള്ള അവസരം എനിക്ക് തന്നിട്ടില്ല. ചെറിയ രീതിയില്‍ ഷോ ഇടാമെന്ന് കരുതി പോയതായിരുന്നു. പക്ഷേ പുള്ളി അതിന്റെ മുകളില്‍ കയറി അടിച്ചു’ ജിബിന്‍ ഗോപിനാഥ് പറയുന്നു.

പൊലീസുകാരുടെ മാനറിസങ്ങളും പല തരത്തിലുള്ള ചിട്ടകളുമെല്ലാം താന്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും നോക്കി പഠിച്ചതാണെന്നായിരുന്നു ഇതിനോടുള്ള വിനായകന്റെ മറുപടി. ഒരു സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ പ്രൊഡക്ടാണ് താനെന്നും തമാശയോടെ വിനായകന്‍ പറഞ്ഞു.

vinayakan. photo: screen grab/cue studio

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. എക്കോക്ക് ശേഷം മൂജീബ് മജീദ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിനായകന്‍,രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

kalam kaval/theatrical poster

Content Highlight: ACTOR GIBIN GOPINATH TALKS ABOUT VINAYAKAN’S ACTING

We use cookies to give you the best possible experience. Learn more