തന്റെ സിനിമളെ കുറിച്ചും ചെയ്യാന്‍ ആഗ്രഹിക്കുന്ന തരം കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍.
ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ കുറിച്ചും കരിയറിന്റെ തുടക്ക സമയത്ത് എടുത്ത ചില തീരുമാനങ്ങളെ കുറിച്ചുമൊക്കെ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് സംസാരിക്കുന്നുണ്ട്.
തനിക്ക് പൂര്‍ണമായി ഇഷ്ടപ്പെട്ട സിനിമകള്‍ മാത്രമേ ഇക്കാലയളവിനുള്ളില്‍ താന്‍ തെരഞ്ഞെടുത്തിട്ടുള്ളൂവെന്നും അതിനൊരു കാരണമുണ്ടെന്നും ഫഹദ് പറയുന്നു.
ഒരേ സമയത്ത് ഒരു നടന്റെ തന്നെ ഒന്നിലേറെ സിനിമകള്‍ റിലീസിന് വരുമ്പോഴുണ്ടാകുന്ന ചില ആശങ്കളെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ സിനിമയില്‍ വരുന്നതിന് മുന്‍പ് എന്റെ അച്ഛന്‍ എന്നോട് ഒറ്റക്കാര്യമേ പറഞ്ഞിട്ടുള്ളൂ. നിനക്ക് ഇഷ്ടമുള്ള ഒരു സിനിമയാണ് നീ ചെയ്യുന്നതെങ്കില്‍ നിനക്കെങ്കിലും അത് ഇഷ്ടപ്പെടും. അതില്‍ കോംപ്രമൈസ് ചെയ്യാതിരിക്കുക എന്നതായിരുന്നു അത്.
ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതിലാണ് കാര്യം. അങ്ങനെയൊരു ഇഷ്ടം നമുക്ക് ഉണ്ടെങ്കില്‍ ആ സിനിമയ്ക്ക് വേണ്ട ബാക്കി കാര്യങ്ങളെല്ലാം ഓട്ടോമാറ്റിക്കായി വന്നോളൂം.
എന്റെ ലൈഫില്‍ മുന്‍പ് നടന്നിട്ടുള്ള ഒരു കാര്യം പറയാം. ഡയമണ്ട് നെക്ലേസും 22 ഫീമെയില്‍ കോട്ടയവും മൂന്നോ നാലോ ദിവസത്തിന്റെ വ്യത്യാസത്തിലാണ് റിലീസാകുന്നത്.
അന്ന് എല്ലാവരും എന്നോട് പറഞ്ഞത് ചെയ്യുന്നത് ഭയങ്കര മണ്ടത്തരമാണ് എന്നായിരുന്നു. ഇത്രയും ചെറിയ ഗ്യാപില്‍ സിനിമകള്‍ റിലീസിന് വരരുത് എന്ന് പറഞ്ഞു.
എന്നാല്‍ എന്നെ അന്ന് ഏറ്റവും സഹായിച്ചത് അതായിരുന്നു. രണ്ട് സിനിമകളില്‍ വ്യത്യസ്തമായി ഇരിക്കാന്‍ പറ്റുക. രണ്ടും തിയേറ്റര്‍ ആക്‌സെപ്ടന്‍സ് കിട്ടുക, അത് വലിയ കാര്യമാണ്.
നമുക്ക് എന്താണോ ഇഷ്ടപ്പെടുന്നത് അത് ചെയ്യുക. ഒരുമിച്ച് പടം റിലീസാകുന്നുണ്ടോ ഇല്ലയോ എന്നതൊന്നുമല്ല കാര്യം. ഇതൊന്നും നമ്മുടെ കൈയില്‍ അല്ല. നിങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ടോ എന്നത് മാത്രമാണ്. നിങ്ങള്‍ക്ക് ആ സിനിമ ചെയ്യാന്‍ ഒരു റീസണ്‍ ഉണ്ടാകും. അതുകൊണ്ട് നിങ്ങള്‍ ചെയ്യുക,’ ഫഹദ് ഫറഞ്ഞു.
സിനിമകളിലെ തന്റെ വ്യത്യസ്ത ചിരിയെ കുറിച്ചും ഫഹദ് സംസാരിച്ചു. ചിരിയെ എങ്ങനെയാണ് പുതുക്കുക എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘ മേക്ക് മി ഡു സംതിങ് ന്യൂ എന്നാണ് ഞാന്‍ സംവിധായകരോട് പറയാറ്. എനിക്ക് ഇതൊക്കെയേ ചെയ്യാന്‍ പറ്റുള്ളൂ. നിങ്ങള്‍ തരുന്ന ഇന്‍ഫര്‍മേഷന്‍ വെച്ച് ഞാന്‍ അതിനെ പുതുതാക്കാന്‍ ശ്രമിക്കാമെന്നാണ് പറയാറ്.
എല്ലാ ക്യാരക്ടറും ചെയ്യാന്‍ പറ്റിയ ആളല്ല ഞാന്‍. ഒരുപാട് ലിമിറ്റേഷന്‍സുണ്ട്. കുറേ ആള്‍ക്കാര്‍ വന്നിട്ടാണ് ഇത് കറക്ടാക്കുന്നത്. അല്ലാതെ ഒരു പരിപാടിയും ഞാന്‍ ഒറ്റയ്ക്ക് കറക്ടാക്കിയിട്ടില്ല. കഥ കേട്ട് ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ അവിടെ ഒരു കൂട്ടം ആളുകളുണ്ട്. ഇത് നന്നാക്കാന്‍.
പിന്നെ സിനിമയില്‍ നമ്മള്‍ ഉദ്ദേശിച്ച പല കാര്യങ്ങളും ആള്‍ക്കാര്‍ കാണാതെ പോയിട്ടുണ്ട്. ഞാന്‍ ഉദ്ദേശിക്കാത്ത പലതും ആള്‍ക്കാര്‍ സെലിബ്രേറ്റ് ചെയ്തിട്ടുമുണ്ട്. എല്ലാം ഒത്തിണങ്ങി ഒരു പൊസിഷനില്‍ വരുമ്പോഴാണ് നമുക്ക് പലതും നോട്ടീസ് ചെയ്യാന്‍ പറ്റുന്നത്. ഓടും കുതിരയില്‍ അത് വരുമെന്നാണ് പ്രതീക്ഷ,’ ഫഹദ് പറഞ്ഞു.
Content Highlight: Actor Fahadh Faasil about his Movies and Roles