മലയാളികളുടെ ഓള്‍ ടൈം ഫേവറൈറ്റ് ആക്ടറാണ് ഫഹദ് ഫാസില്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിക്കഴിഞ്ഞ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് ഇന്നത്തെ പല താരങ്ങളുടേയും വലിയൊരു ആഗ്രഹം കൂടിയാണ്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി ആലിയ ഭട്ട് ആര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ഇനി ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മറുപടി നല്‍കിയിരുന്നു.
ഇത്തരത്തില്‍ മറ്റു ഭാഷകളില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങളെ കുറിച്ചും സ്വീകാര്യതയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഫഹദ്.
ആലിയ ഭട്ടിനെപ്പോലുള്ളവരൊക്കെ ഇങ്ങനെ പറയുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത് നല്ലൊരു ഫീല്‍ ആണെന്നും എങ്കിലും ഇതിലൊന്നും ഒരു പരിധിയില്‍ കൂടുതല്‍ സന്തോഷിക്കുന്ന ആളല്ല താനെന്നും ഫഹദ് പറയുന്നു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു ഫഹദ്.
‘അതൊരു വളരെ നല്ല ഫീലാണ്. പക്ഷേ എല്ലാ സിനിമയിലും ഒരു പക്ഷേ നമ്മള്‍ നല്ലതായിരിക്കില്ല. ചില സിനിമകള്‍ മികച്ചതായിക്കൊള്ളണമെന്നില്ല.
ഇതെല്ലാം ഒരു പ്രത്യേക സമയത്ത് നില്‍ക്കുന്ന കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒന്നും ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതല്ല. അതൊന്നും എന്‍ജോയ് ചെയ്യാനും അവഗണിക്കാനും ഞാനില്ല.
അവര്‍ ഇങ്ങനെ പറയുന്നതില്‍ സന്തോഷമുണ്ട്. അവരുമായി അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. അതിലൊന്നും ഒരു സംശയവും ഇല്ല.
പക്ഷേ സിനിമയില്‍ ഒന്നും സ്ഥിരമല്ലെന്ന് പറയില്ലേ. അതുകൊണ്ട് തന്നെ ഈ കോംപ്ലിമെന്റും സ്ഥിരമല്ലാത്ത ഒരു ഫീലാണ് എനിക്ക്. പിന്നെ പറഞ്ഞപോലെ ഒന്നും സ്ഥിരമല്ലല്ലോ,’ ഫഹദ് പറയുന്നു.
ഫാസില്‍ എന്ന സംവിധായകനില്‍ നിന്ന് പഠിച്ച ചില കാര്യങ്ങള്‍ എന്താണെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ക്യാമറയ്ക്ക് മുന്‍പില്‍ എല്ലാവരും തുല്യരാണെന്ന പാഠമാണ് വാപ്പച്ചിയില്‍ നിന്ന് താന്‍ പഠിച്ചതെന്നായിരുന്നു ഫഹദിന്റെ മറുപടി.
‘പെര്‍ഫോം ചെയ്യുന്നവര്‍ മാത്രമല്ല ഷൂട്ട് ചെയ്യുന്ന ക്യാമറാമാന്‍ ആയാലും സൗണ്ട് റെക്കോര്‍ഡ് ചെയ്യുന്ന റെക്കോര്‍ഡിസ്റ്റ് ആയാലും മേക്കപ്പ് ആര്‍ടിസ്റ്റായാലും ഇവരുടെയെല്ലാം കോളാബറേഷനിലാണ് ഒരു സീന്‍ പുള്‍ ഓഫ് ചെയ്യുന്നത്.
ഞാന്‍ വാപ്പയില്‍ നിന്ന് പഠിച്ചത് ഇവരെ എല്ലാവരേയും വാലിഡ് ആക്കണം എന്നത് തന്നെയാണ്. എന്റെ ക്രാഫ്റ്റ് മാത്രം ശ്രദ്ധിച്ച് അവിടെ നിന്ന് പെര്‍ഫോം ചെയ്തിട്ട് കാര്യമില്ല. കൂടെയുള്ളവരുടെ കഴിവും ഇതിനൊപ്പം വരണം. ഒരു ടീമായി മുന്നോട്ടു പോകണമെന്നത് തന്നെയാണ്. അത് എല്ലായ്‌പ്പോഴും സക്‌സസ് ആകണമെന്നില്ല. എങ്കിലും അത് നമ്മള്‍ ഫോളോ ചെയ്യേണ്ടതുണ്ട്,’ ഫഹദ് പറയുന്നു.
ഇത്തവണ ഓണത്തിന് ഒരു കിടിലന്‍ ട്രീറ്റുമായാണ് ഫഹദ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നടന്‍ കൂടിയായ അല്‍ത്താഫിന്റെ സംവിധാനത്തിലെത്തുന്ന ഓടും കുതിര ചാടും കുതിര ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ഫഹദും കല്യാണിയും കരിയറില്‍ ആദ്യമായി ഒരുമിക്കുന്ന സിനിമയെന്ന നിലയിലും ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര.
റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമയെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഫഹദ് ഫാസിലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം ലാല്‍, മണിയന്‍ പിള്ള രാജു, ബാബു ആന്റണി, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അനുരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
Content Highlight: Actor Fahadh Faasil about Actress Alia Bhatt Comment