അച്ഛൻ മമ്മൂട്ടിയുടെയും തന്റെയും സിനിമയും ഒരേസമയം റിലീസ് ചെയ്യുന്നത് വലിയ സന്തോഷവും അനുഗ്രഹവുമാണെന്ന് നടൻ ദുൽഖർ സൽമാൻ. ഒരേ വീട്ടിൽനിന്നുള്ള രണ്ട് മലയാളി നടന്മാരുടെ ചിത്രങ്ങൾ, അതും രണ്ട് വ്യത്യസ്ത ഭാഷകളിൽ ഒരുമിച്ച് പ്രേക്ഷകരിലേക്ക് എത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും ദുൽഖർ പറഞ്ഞു.
തന്റെ ചിത്രമായ ‘ആകാശം ലോ ഒക താര’യുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. നവംബർ 20 നാണ് മമ്മൂട്ടിയും ധനുഷും നായകനാകുന്ന ഒ.എം സിനിമയും ദുൽഖറിന്റെ ആകാശം ലോ ഒക താരയും റിലീസിനെത്തുന്നത്.
ദുൽഖർ സൽമാൻ.Photo. Screen Grab/ Youtube
‘അപ്പയുടെ സിനിമയും എന്റെ സിനിമയും ഒരുമിച്ച് റിലീസ് ചെയ്യുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഒരേ വീട്ടിൽനിന്ന് രണ്ട് പേർ, അതും കേരളത്തിൽനിന്നുള്ള രണ്ട് മലയാളി നടന്മാർ, അച്ഛനും മകനും സിനിമകളുമായി എത്തുന്നു. എന്റെ സിനിമ ഒരു തെലുങ്ക് ചിത്രമാണ്, അപ്പയുടെ സിനിമ ഒരു തമിഴ് ചിത്രവും. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേർക്കും ഇത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്,’ ദുൽഖർ പറഞ്ഞു.
അമ്മയ്ക്ക് തന്നോടാണ് കുറച്ചുകൂടി ഇഷ്ടമെന്നും അച്ഛൻ പലപ്പോഴും ഇക്കാര്യം പറയാറുണ്ടെന്നും ദുൽഖർ തമാശയായി പങ്കുവെച്ചു. താൻ സിനിമയിൽ എത്തിയതിനുശേഷം മമ്മൂട്ടി തന്റെ ചിത്രങ്ങൾ കൂടുതൽ താത്പര്യത്തോടെ കാണാറുണ്ടെന്നാണ് ദുൽഖർ പറഞ്ഞു.
‘അമ്മയ്ക്ക് കുറച്ച് ചായ്വ് എന്നോടാണ്. അപ്പൻ എപ്പോഴും പറയാറുണ്ട്, ‘ഞാൻ ഇത്രയും വർഷമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്റെ സിനിമയെക്കുറിച്ച് ചോദിക്കാറുപോലുമില്ല, എന്റെ സിനിമ കാണാനും അങ്ങനെ ഇരിക്കാറില്ല. എന്നാൽ നീ വന്നതിനുശേഷം നിന്റെ സിനിമകളെല്ലാം ഭയങ്കര താത്പര്യത്തോടെയാണ് കാണുന്നത്’ എന്ന്,’ ദുൽഖർ പറഞ്ഞു.
ഒ.എം സിനിമയിലെ അച്ഛന്റെ എൻട്രി സോങ് തനിക്ക് ഏറ്റവും പ്രിയപെട്ടതാണെന്നും അതിന്റെ വലിയ ഫാനാണ് താനെന്നും ദുൽഖർ വ്യക്തമാക്കി.
ഒ.എം , ആകാശം ലോ ഒക താര. Photo.IMDb
‘ഒ.എം മിലെ സിയയുടെ എൻട്രിയും ആ പാട്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിന്റെ വിഷ്വൽസിന്റെ വലിയ ഫാനാണ് ഞാൻ. അപ്പൻ സ്ക്രീനിലേക്ക് വരുമ്പോൾ ചെറിയ കുട്ടിയായിരുന്ന കാലം മുതൽ തന്നെ ഞാൻ ഫാൻ ബോയ് ആണ്. സംവിധായകർ അദ്ദേഹത്തെ ഇത്രയും സ്റ്റൈലായി അവതരിപ്പിക്കുമ്പോൾ ഉള്ളിൽനിന്ന് വലിയ സന്തോഷമാണ് തോന്നുന്നത്,’ ദുൽഖർ പറഞ്ഞു.
Content Highlight: Actor Dulquer Salmaan says that the simultaneous release of his own film and that of his father, Mammootty, is a source of great joy and a blessing