‘ആകാശം ലോ ഒക താര’ തനിക്ക് ഏറെ പ്രത്യേകതയുള്ള സിനിമയാണെന്ന് നടൻ ദുൽഖർ സൽമാൻ. ‘സീതാരാമം’ കഴിഞ്ഞതിന് ശേഷമാണ് ചിത്രത്തെക്കുറിച്ച് കേട്ടതെന്നും അന്ന് തന്നെ കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ദുൽഖർ പറഞ്ഞു. സിനിമ മറ്റൊരു താരത്തിലേക്ക് പോകുമോ എന്ന ഭയം ഉണ്ടായിരുന്നതായും പിന്നീട് സംവിധായകനെയും നിർമാതാവിനെയും വിളിച്ച് ചിത്രം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. ആകാശം ലോ ഒക താര ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
‘ആക്ച്വലി, ഇത് എനിക്ക് ഭയങ്കര സ്പെഷ്യലായിട്ടുള്ള ഒരു സിനിമയാണ്. ‘സീതാരാമം’ കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഈ സിനിമയെക്കുറിച്ച് കേൾക്കുന്നത്. ആ സമയത്ത് ഞാൻ ‘മഹാനടി’ ചെയ്തിരുന്നു. ‘സീതാരാമ’ത്തിന് ശേഷം ഈ സിനിമയെക്കുറിച്ച് കേട്ടപ്പോൾ ഇതൊരു ഹീറോയിൻ സെന്ററിക് സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. എനിക്ക് ആ കഥ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.
ആകാശം ലോ ഒക താര. Photo. IMDb
ഈ സിനിമ എന്റെ കൈയിൽനിന്ന് പോയേക്കുമോ എന്നൊരു ഭയം ആദ്യമേ ഉണ്ടായിരുന്നു. കാരണം പിന്നീട് ഞാൻ ‘ലക്കി ഭാസ്കറി’ന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ഇതിനിടെ ഈ സിനിമയുടെ സംവിധായകനും നിർമാതാവും ഇടയ്ക്കിടെ വന്ന് എന്നെ കാണുമായിരുന്നു. അവർ ചിത്രത്തിനായി നായികയെ അന്വേഷിക്കുകയാണെന്ന് പറയാറുണ്ടായിരുന്നു. അപ്പോൾ ഞാൻ ആരെയാണ് അന്വേഷിക്കുന്നതെന്ന് ചോദിച്ചു. നായകന്റെ കാര്യത്തിൽ മറ്റൊരാളെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് അവർ പറഞ്ഞത്.
ഈ സിനിമ മറ്റാർക്കെങ്കിലും പോയാൽ അത് എനിക്ക് വലിയൊരു നഷ്ടമായിരിക്കുമെന്ന് തോന്നി. അങ്ങനെ ഒരു ദിവസം ഞാൻ അവരെ വിളിച്ച്, എനിക്ക് ഈ സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ ചില കമ്മിറ്റ്മെന്റുകൾ ഉണ്ടെന്ന് പറഞ്ഞു. എത്ര സമയം കഴിഞ്ഞിട്ടും ഈ സിനിമയുടെ കഥയും അതെന്നിലുണ്ടാക്കിയ ഇഷ്ടവും മനസിൽനിന്ന് പോയിരുന്നില്ല,’ ദുൽഖർ പറഞ്ഞു.
‘ആകാശം ലോ ഒക താര’ ഒരു തെലുങ്ക് സിനിമയാണെന്ന് പ്രേക്ഷകർക്ക് തോന്നില്ലെന്നും ഏത് ഇന്ത്യൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലും സംഭവിക്കാവുന്ന കഥയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ദുൽഖർ പറയുന്നു. ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളും താരം പങ്കുവെച്ചു.
ആകാശം ലോ ഒക താര. Photo. IMDb
‘ഇതൊരു തെലുങ്ക് സിനിമയാണെന്ന് നിങ്ങൾക്ക് തോന്നില്ല. ഒരു ഇന്ത്യൻ കഥയായിട്ടായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. ഇന്ത്യയിലെ ഏത് ചെറിയ ഗ്രാമത്തിൽ നടന്നാലും വിശ്വസിക്കാൻ കഴിയുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരുപാട് പേർ ചേർന്ന് സഹകരിച്ച് ചെയ്ത സിനിമയാണിത്. ഷൂട്ടിങ് സമയത്ത് ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. അത്രയും സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് സിനിമ ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ എനിക്ക് ഒരുപാട് ഓർമകൾ സമ്മാനിച്ച ചിത്രമാണിത്,’ താരം പറഞ്ഞു.
Content Highlight: Actor Dulquer Salmaan says ‘Aakasham Lo Oka Tara’ is a very special film for him