| Thursday, 9th July 2026, 9:09 pm

എന്റെ ഭര്‍ത്താവിന്റെ പടത്തിന്റെ ഡബ്ബിങ്ങിന് പോകാതെ ഇവിടെ വന്ന് നില്‍ക്കുന്നത് എന്തിനാണെന്ന് നസ്രിയ ചോദിച്ചു: യൂട്യൂബര്‍ ദ്രാവിഡ് സെല്‍വം

അമര്‍നാഥ് എം.

തമിഴ് മീം പേജുകളിലൂടെ ശ്രദ്ധ നേടി വ്യക്തിയാണ് ദ്രാവിഡ് സെല്‍വം. തമിഴില്‍ ഒരുപാട് ഫാന്‍ ഫോളോയിങ്ങുള്ള പരിതാബങ്ങള്‍ എന്ന യൂട്യൂബ് ചാനലിലെ പ്രധാനിയാണ് ദ്രാവിഡ് സെല്‍വം. സമകാലിക സംഭവങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന പരിതാബങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിന് കൈയും കണക്കുമില്ല. യൂട്യൂബില്‍ നിന്ന് സിനിമയിലേക്ക് ദ്രാവിഡ് അടുത്തിടെയാണ് എന്‍ട്രി നടത്തിയത്.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഡ്യൂഡില്‍ പ്രധാനവേഷം ദ്രാവിഡിനെ തേടിയെത്തിയിരുന്നു. തമിഴ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ 47ലും ദ്രാവിഡ് സെല്‍വം ഭാഗമാണ്. ചിത്രത്തിലെ സംഭാഷണങ്ങള്‍ തയാറാക്കുന്നത് ദ്രാവിഡാണ്. കഴിഞ്ഞദിവസം ദ്രാവിഡ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ വൈറല്‍.

ദ്രാവിഡ് സെല്‍വം Photo: Screen grab/ Touring Talkies

ദ്രാവിഡ് സെല്‍വം ഭാഗമാകുന്ന ഇദയം മുരളി റിലീസിന് തയാറെടുക്കുകയാണ്. അഥര്‍വ നായകനാകുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമാണ് ദ്രാവിഡിന്റേത്. സൂര്യ 47ന്റെ പ്രീ പ്രൊഡക്ഷനിടയിലാണ് തനിക്ക് ഇദയം മുരളിയിലേക്ക് വിളി വന്നതെന്നും വളരെ നല്ല വേഷമാണെന്നും താരം പറഞ്ഞു. ടൂറിങ് ടാക്കീസിനോട് സംസാരിക്കുകയായിരുന്നു ദ്രാവിഡ് സെല്‍വം.

‘ഇദയം മുരളിയുടെ ഷൂട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ നേരെ സൂര്യ 47ന്റെ സെറ്റിലെത്തി. ഡബ്ബിങ്ങിനൊന്നും നിന്നില്ല. കാരണം, സൂര്യ 47ലെ ഡയലോഗുകള്‍ എഴുതുന്നത് ഞാനാണ്. എല്ലാദിവസവും സെറ്റില്‍ എന്റെ ആവശ്യമുണ്ട്. ഇദയം മുരളിയുടെ ആളുകളോട് ഞാന് ഈ കാര്യം പറഞ്ഞ് കണ്‍വിന്‍സാക്കിയിരുന്നു. പക്ഷേ, ട്വിസ്റ്റ് അതല്ല.

സൂര്യ 47ന്റെ സെറ്റില്‍ നസ്രിയയുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ ‘നീയെന്താ ഇവിടെ’ എന്ന് ചോദിച്ചു. ഈ പടത്തിന്റെ ഡയലോഗെഴുതുന്നത് ഞാനാണെന്ന് അവരോട് പറഞ്ഞു. ‘അപ്പുറത്ത് എന്റെ ഭര്‍ത്താവ് അഭിനയിച്ച പടത്തിന് ഡബ്ബ് ചെയ്യാന്‍ പോകാതെ ഇവിടെ വന്ന് നില്‍ക്കുകയാണോ’ എന്നായിരുന്നു അടുത്ത ചോദ്യം. ഇദയം മുരളിയില് ഫഹദ് ഫാസില്‍ ഗസ്റ്റ് റോളിലെത്തുന്നുണ്ടെന്ന് അപ്പോഴാണ് ഓര്‍ത്തത്,’ ദ്രാവിഡ് സെല്‍വം പറഞ്ഞു.

ആവേശം പോലെ കോമഡിക്ക് പ്രാധാന്യമുള്ള ആക്ഷന്‍ ചിത്രമാണ് സൂര്യ 47 എന്നും ദ്രാവിഡ് പറയുന്നു. പിതാമകനിലെ ശക്തിയെപ്പോലെ ഒരു വ്യത്യസ്ത കഥാപാത്രമാണ് സൂര്യക്കെന്നും കൂടുതലൊന്നും തനിക്ക് പറയാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Actor Dravid Selvam about Suriya 47 and Nazriya Nazim

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more