മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം എസ്. പൊതുവാള്‍ സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് ബാലന്‍ ദി ബോയ്. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്നാണ് ബാലന്‍ ദി ബോയ് എന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സമീപകാലത്ത് താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശനും ബാലനെ പ്രശംസിച്ചിരുന്നു.
പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കിലും വലിയ പ്രശംസയാണ് ഇരുവര്‍ക്കും ലഭിച്ചിരുന്നത്. ഇതിന് പുറമെ ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്ത അഭിനേതാവായിരുന്നു ജീന്‍ പോള്‍ ലാല്‍. ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തെയായിരുന്നു ജീന്‍ അവതരിപ്പിച്ചത്. അഭിനേതാവ് എന്ന നിലയില്‍ അറിയപ്പെടുന്നതിന് മുമ്പ് തന്നെ സംവിധായകനായി ജീന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി നായകനായി 2013ല്‍ പുറത്തിറങ്ങിയ ഹണിബീയിലൂടെയായിരുന്നു ജീന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. വലിയ ഹിറ്റാകുകയും ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്ത ചിത്രത്തെ കുറിച്ചും തന്റെ കരിയറിന്റെ ആദ്യ കാലത്തെ കുറിച്ചും ജീന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ബാലന്‍ ദി ബോയ്. Photo: District
‘അമേരിക്കയിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലാണ് ഞാന്‍ സിനിമ പഠിച്ചത്. അത് കഴിഞ്ഞ് വന്ന സമയത്ത് ആഷിഖേട്ടനായിട്ടെല്ലാം നല്ല ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ ഒരു യാത്രയെല്ലാം ഒരുമിച്ച് ചെയ്തിരുന്നു. ആ സമയത്താണ് ഇങ്ങനെയൊരു ത്രെഡിനെ കുറിച്ച് പറയുന്നത്. കേട്ടപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. എന്നോട് വേണമെങ്കില്‍ എടുത്തോളാനും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ചിത്രം ഹാങ് ഓവറുമായി ഒരു സിമിലാരിറ്റി തോന്നിയിരുന്നു. അതിന്റെ ഹ്യൂമര്‍ പോസിബിളിറ്റി എല്ലാം ആ ത്രെഡിലുണ്ടായിരുന്നു.
അങ്ങനെ ആ ത്രെഡ് എടുത്ത് ഞാന്‍ എഴുതി തുടങ്ങി. പെട്ടെന്ന് തന്നെ എഴുതി തീര്‍ന്നിട്ടുണ്ട്. ഇങ്ങനെയൊരു കഥ ഞാന്‍ ചെയ്യുന്നുണ്ടെന്ന് കേട്ടപ്പോള്‍ ആന്റോ ജോസഫ് ചേട്ടന്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു നമ്മുടെ കമ്പിനിയ്ക്ക് വേണ്ടി ചെയ്യണം എന്ന്. എനിക്ക് ഭയങ്കര സന്തോഷമായി. അഡ്വാന്‍സ് കിട്ടിയ ശേഷം ഒരു ഫ്‌ളാറ്റ് എടുത്ത് നമ്മുടെ പിള്ളേരെ എല്ലാം വിളിച്ച് പണി തുടങ്ങി. അങ്ങനെ ഫസ്റ്റ് ഹാഫ് ആന്റോ ചേട്ടനെ കേള്‍പ്പിച്ചു. എന്നാല്‍ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഇത് ഞാനെന്തിനാണ് ചെയ്യുന്നതെന്നും ആസിഫിനോട് ഇപ്പോള്‍ പറയേണ്ട അവന്‍ ഇത് ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നുമാണ് ആന്റോ ചേട്ടന്‍ പറഞ്ഞത്. മലര്‍വാടിയിലെ പിള്ളേരോട് നമുക്ക് സംസാരിക്കാം എന്നിട്ട് നോക്കാം എന്നും ആന്റോ ചേട്ടന്‍ പറഞ്ഞു. ഒരു നെപ്പോ പടമായത് കൊണ്ട് ഒരു വലിയ പടമായിരുന്നു ആന്റോ ചേട്ടന്‍ ഉദ്ദേശിച്ചിരുന്നത് എന്ന് എനിക്ക് തോന്നുന്നു.
ഹണിബീ. Photo: Jio Hotstar
അത് കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ തളര്‍ന്നുപോയി. കാരണം ആന്റോ ചേട്ടന്‍ അടുത്ത ആളായിരുന്നു. അങ്ങനെ എന്റെ ഒരു ഫാമിലി ഫ്രണ്ടായ ജെയ്‌സണ്‍ ചേട്ടനും കൂടെ സഹായിച്ചാണ് എസ്.ജെ.എന്‍ എന്ന് പറയുന്ന പ്രൊഡക്ഷന്‍ കമ്പിനിയിലേക്ക് ചിത്രമെത്തുന്നത്. നെപ്പോ കിഡായത് കൊണ്ട് ആളുകളെ ബന്ധപ്പെടാന്‍ എളുപ്പമുണ്ടെങ്കിലും നിര്‍മാതാക്കളും അഭിനേതാക്കളും കഥ ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും,’ ജീന്‍ പറഞ്ഞു.
Content Highlight: Actor-Director Jean Paul Lal talks about Honey Bee Movie