| Sunday, 2nd August 2026, 11:38 am

റിഹേഴ്സൽ പോലും ചെയ്തിരുന്നില്ല, കെ.എസ് ചിത്രയ്ക്കൊപ്പം പാടിയ അനുഭവം തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

അജ്മല്‍ കെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തിനൊപ്പം തിരക്കഥാകൃത്തായും സംവിധായകനായും താരം ശ്രദ്ധ നേടിയിട്ടുണ്ട്. കുഞ്ഞി രാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം, തിര തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാലും സംഘവും ഈയിടെ പങ്കെടുത്ത യൂറോപ്പ് സ്റ്റേജ് ഷോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ജർമനിയിലും അയർലൻഡിലുമായി നടന്ന പരിപാടികളിൽ ഗായിക കെ.എസ്. ചിത്രയ്ക്കൊപ്പം വേദി പങ്കിട്ട അനുഭവം പങ്കുവെക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ചിത്രചേച്ചിക്കൊപ്പം റിഹേഴ്സൽ പോലും ചെയ്യാതെയാണ് സ്റ്റേജിൽ പാടിയതെന്നും താരം പറയുന്നു. ഫ്രെയിംഎക്സ് സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം .

‘നരൻ’ സിനിമയിലെ ആ പാട്ട് മാത്രമാണ് എനിക്ക് അറിയാവുന്നത്. അത് വീണ്ടും വീണ്ടും പാടിയാണ് ഞാൻ പഠിച്ചത്. ‘പാടി പാടി ഇവൻ പാട്ട് പഠിച്ചു’ എന്ന് ഒരാൾ കമന്റ് ചെയ്തതും ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും അങ്ങനെ തന്നെയാണ് ആ പാട്ട് പഠിച്ചത്. എന്നോട് വേറെ ഒരു പാട്ട് പാടാൻ പറഞ്ഞാൽ അത് ഒരുപക്ഷേ കൊളമാകാം. പക്ഷേ, ചിത്ര ചേച്ചിയാണ് എനിക്ക് അതിനുള്ള കോൺഫിഡൻസ് തന്നത്. തലേദിവസം ഞാൻ ഒന്ന് പാടി നോക്കിയിരുന്നു. അതല്ലാതെ ഞാനും ചിത്രച്ചേച്ചിയും ഒരുമിച്ച് റിഹേഴ്സൽ പോലും ചെയ്തിരുന്നില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ.Photo:Youtube

‘നേരെ സ്റ്റേജിൽ കയറിയാണ് ഞങ്ങൾ പാടിയത്. ചിത്രച്ചേച്ചിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. അല്ലെങ്കിൽ ‘ഇവൻ എങ്ങനെയെങ്കിലും രക്ഷപ്പെട്ടുപോട്ടെ’ എന്ന് കരുതി എനിക്ക് ഒരു അവസരം തന്നതാകാം. പക്ഷേ, ചിത്രച്ചേച്ചിക്കൊപ്പം നിൽക്കുമ്പോൾ അത് നന്നാകണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. കാരണം ഒരു ലെജൻഡിനൊപ്പമാണ് നമ്മൾ പാടുന്നത്. സ്റ്റേജ് ഷെയർ ചെയ്യുന്നതിലും വലിയ ഭാഗ്യമാണ് അവർക്കൊപ്പം ഒരു പാട്ട് പാടാൻ കഴിയുക. അതുകൊണ്ട് അത് നന്നായി ചെയ്യണമെന്ന ആഗ്രഹമാണ് എന്നെ കൊണ്ട് പാടിപ്പിച്ചത്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ.Photo:Dhyan sreenivasan/Facebook.com

ഇപ്പോൾ വീണ്ടും പാടാൻ പറഞ്ഞാൽ അതുപോലെ പാടാൻ എനിക്ക് കഴിയുമോ എന്ന് പോലും അറിയില്ല. അന്ന് ചിത്രച്ചേച്ചി സ്റ്റേജിലുണ്ടായപ്പോൾ സംഭവിച്ച ഒരു മാജിക്കായിരുന്നു അത്. അതും അയർലൻഡിൽ പാടിയ ആ പെർഫോമൻസാണ് പിന്നെയും എനിക്ക് കുഴപ്പമില്ലാത്തതായി തോന്നിയത്. പാടുന്നതിനിടെ എവിടെയെങ്കിലും വെള്ളി വീണാൽ അത് കയ്യിൽ നിന്നും പോകും പക്ഷെ എങ്ങനെയൊക്കെയോ അത് മാനേജ് ചെയ്ത് മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Content Highlight: Actor Dhyan Sreenivasan shares his memories of singing with K. S. Chithra

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more