| Wednesday, 22nd April 2026, 10:52 pm

ഞാന്‍ സിനിമയിലഭിനയിച്ചതറിയാതെ ഇപ്പോഴും നിയമസഹായം ചോദിച്ച് വിളിക്കുന്നവരുണ്ട്: ദേവരാജ്

അശ്വിന്‍ രാജേന്ദ്രന്‍

നവാഗതനായ സംവിധായകന്റെയും റീലുകളിലൂടെ കഴിവുതെളിയിച്ച ഒരുകൂട്ടം യുവാക്കളുടെയും കരുത്തില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയാണ് വാഴ 2. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ സാ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം 200 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

വാഴ 2. Photo: X.com

ഇവര്‍ക്കൊപ്പം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മറ്റൊരു അഭിനേതാവായിരുന്നു യൂറേക്കാ സ്റ്റോറീസിലൂടെ ശ്രദ്ധേയനായ ദേവരാജ്. ചിത്രത്തില്‍ അജിന്റെ ജ്യേഷ്ഠനായി വേഷമിട്ട ദേവരാജിന് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും നിറഞ്ഞ കൈയടികളാണ് ലഭിക്കുന്നത്. അഭിനയത്തില്‍ സജീവമാകുന്നതിന് മുമ്പ് താന്‍ ഒരു ലോയര്‍ ആയിരുന്നുവെന്ന് പറയുന്ന ദേവരാജിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. വാഴ 2വിന്റെ വന്‍ വിജയത്തിന് പിന്നാലെ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം തന്റെ ആദ്യത്തെ ജോലിയെക്കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ കോളേജില്‍ നിന്നിറങ്ങിയ ശേഷം രണ്ട് വര്‍ഷം കോര്‍പ്പറേറ്റ് ലോയില്‍ പോയിരുന്നു. ലോ പ്രാക്ടീസ് ചെയ്യാന്‍ എനിക്ക് ഭയങ്കര താത്പര്യമായിരുന്നു. കുറച്ച് മാത്രമേ ഞാന്‍ ലോയില്‍ പോകുള്ളൂ അതിന് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് പ്രാക്ടീസ് ചെയ്യേണ്ട, കുറച്ച് കാലം ലോയില്‍ വര്‍ക്ക് ചെയത് സേഫായിട്ട് നമുക്ക് ഇതിലേക്ക് വരാം എന്ന് മനസിലുണ്ടായിരുന്നു. അതിന് ശേഷം ഒരിക്കലും ഞാനത് ഫോളോ ചെയതിട്ടില്ല.

വാഴ റിലീസായതറിയാതെ, വാഴയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നറിയാതെ ഇപ്പോഴും നിയമപരമായ സംശയങ്ങള്‍ ചോദിച്ച് എന്റെ പഴയ ഓഫീസില്‍ നിന്നും വക്കീലന്മാര്‍ എന്നെ വിളിക്കാറുണ്ട്. കാരണം അന്ന് വര്‍ക്ക് ചെയതിരുന്ന ആരോടും ഞാന്‍ സിനിമാതാത്പര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. അതുപോലെ സിനിമാ ഫീല്‍ഡിലുള്ള ആര്‍ക്കും ഞാന്‍ ലോയര്‍ ആണെന്ന കാര്യം അറിയില്ല. കൃത്യമായിട്ട് ഒരു മാര്‍ക്ക് വരച്ച് രണ്ടും ഞാന്‍ വേര്‍തിരിച്ചിട്ടുണ്ട്,’ ദേവരാജ് പറഞ്ഞു.

വാഴ 2. Photo: The Hindu

2024ല്‍ പുറത്തിറങ്ങിയ വാഴയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ വാഴ 2വില്‍ അല്‍ഫോണ്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു, സുധീഷ്, ബിജുക്കുട്ടന്‍, ഏയ്ഞ്ചല്‍ മരിയ തുടങ്ങിയവരും പ്രധനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി വാഴയുടെ മൂന്നാം ഭാഗം തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് പ്രഖ്യാപിച്ചിരുന്നു.

Content Highlight: Actor Devaraj Talks about his first profession as lawyer

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more