| Saturday, 27th September 2025, 5:19 pm

അവശനിലയില്‍ പ്രായമായ കോലത്തില്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടു; ന്യൂദല്‍ഹിയുടെ ഓര്‍മകളില്‍ ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്തെ മലയാളികളുടെ പ്രിയപ്പെട്ട വില്ലനായിരുന്നു നടന്‍ ദേവന്‍. 1980കളില്‍ മലയാള സിനിമയില്‍ എത്തിയ ദേവന്‍ പിന്നീടിങ്ങോട്ട് നൂറിലേറെ സിനിമകളുടെ ഭാഗമായി. സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ദേവന് മലയാള സിനിമയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു.

എം.ടിയും ഹരിഹരനും ഒരുമിച്ച വെള്ളം എന്ന ചിത്രത്തിലൂടെയാണ് ദേവന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ദേവന് മികച്ച വേഷങ്ങള്‍ അവതരിപ്പിക്കാനായി.

ദേവന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ന്യൂദല്‍ഹി. 1987 ല്‍ ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ദേവന്‍ അവതരിപ്പിച്ചത്.

താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നത് ന്യൂദല്‍ഹിയുടെ ലൊക്കേഷനിലാണെന്ന് ദേവന്‍ പറയുന്നു. ഒരു സീനിനായി മേക്കപ്പിട്ട് തയ്യാറായി നില്‍ക്കുന്ന മമ്മൂട്ടിയെ അത്ഭുതത്തോടെ നോക്കി നിന്നതിനെ കുറിച്ചാണ് ദേവന്‍ സംസാരിക്കുന്നത്. അമൃത ടിവിയോട് സംസാരിക്കുകയായിരുന്നു ദേവന്‍.

ജയിലില്‍ വെച്ചുള്ള ഒരു സീനിന്റെ ചിത്രീകരണമായിരുന്നു അന്ന് നടക്കുന്നതെന്നും പ്രായമായി അവശനിലയിലുള്ള ഒരാളായിട്ടാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നും ദേവന്‍ പറയുന്നു.

താന്‍ കാണുമ്പോള്‍ ആ കഥാപാത്രം അങ്ങനെയാണെന്നും പക്ഷേ എങ്ങനെ അയാള്‍ ആ നിലയില്‍ എത്തി എന്നൊന്നും തനിക്കറിയില്ലായിരുന്നെന്നും ദേവന്‍ പറയുന്നു.

‘ സിനിമയുടെ കഥ മുഴുവന്‍ അറിയില്ലായിരുന്നു. അഭിനയത്തോടൊപ്പം തന്നെ സംവിധാനമെന്ന മോഹവും അന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ അഭിനയം വളരെ സൂക്ഷ്മമായിട്ടാണ് ഞാന്‍ നിരീക്ഷിച്ചു പോന്നത്.

തിരിഞ്ഞുനിന്ന് ചുമരില്‍ എന്തോ വരയ്ക്കുന്ന രീതിയിലുള്ള മമ്മൂട്ടിയുടെ ഷോട്ടായിരുന്നു എടുക്കുന്നത്. ആക്ഷന്‍ പറഞ്ഞതും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കഥാപാത്രമായി മാറി. തിരിഞ്ഞുനോക്കുന്ന ആ സീനില്‍ ആ കഥാപാത്രത്തെ അദ്ദേഹം ആവാഹിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു,’ ദേവന്‍ പറയുന്നു.

മമ്മൂട്ടി, സുമലത, സുരേഷ് ഗോപി, ഉര്‍വശി തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം അതുവരെയുള്ള റെക്കോര്‍ഡുകള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ 2.5 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

മലയാള സിനിമയില്‍ തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മമ്മൂട്ടിയെ മെഗാ സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ചതും ന്യൂദല്‍ഹിയാണ്. നാല് ഭാഷകളിലാണ് പിന്നീട് ചിത്രം നിര്‍മ്മിക്കപ്പെട്ടത്.

Content Highlight: Actor Devan talks about the moment he first met Mammootty

We use cookies to give you the best possible experience. Learn more