| Sunday, 19th July 2026, 11:10 am

സിനിമയിലെ പോലെ മാസ് അല്ല ഷാജി കൈലാസ്, ഷൂട്ടിന്റെ സമയത്ത് അദ്ദഹം വെജിറ്റേറിയനാണ്: ദീപക് പറമ്പോല്‍

അശ്വിന്‍ രാജേന്ദ്രന്‍

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലേക്ക് അവസരം ലഭിച്ച അഭിനേതാക്കളിലൊരാളാണ് ദീപക് പറമ്പോല്‍. തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം മലയാള സിനിമയില്‍ സജീവമായ താരം കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ്, പൊന്മാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വരവ്.

ദീപക് പറമ്പോല്‍. Photo: X.com

മലയാളത്തിലെ ഹിറ്റ് ഡയറക്ടറായ ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. കടുവ, കാപ്പ, എലോണ്‍, ഹണ്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ഇപ്പോഴിതാ ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഷാജി കൈലാസിനെ കുറിച്ച് ദീപക് പറമ്പോല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ കണ്ട ശേഷം നേരിട്ട് സംവിധായകനെ കണ്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് ദീപക് സംസാരിച്ചത്.

‘ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ആവശ്യമുള്ള ഷോട്ട് മാത്രമേ അദ്ദേഹം എടുത്തിട്ടുള്ളൂ. ചില സിനിമകളില്‍ പല സ്ഥലത്ത് ക്യാമറ വെച്ച് ഒരേ ആക്ടിവിറ്റി തന്നെ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ബോറടിക്കും. എന്നാല്‍ ഷാജി കൈലാസിന്റെ സിനിമകളില്‍ ഏത് ഷോട്ട് എങ്ങനെ എടുക്കണം എന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. അത് ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഒരുപാട് ഗുണകരമായ കാര്യമാണ്. ആ ഒരു തവണ നമ്മള്‍ നന്നായി ചെയ്താല്‍ മതിയാകും.

വരവ്. Photo: IMDB

മറ്റ് സംവിധായകരെ പോലെ അല്ല അദ്ദേഹം, ഇത്രയും സീനിയറായിട്ടും എപ്പോഴും അദ്ദേഹം കൃത്യനിഷ്ഠത പാലിക്കാറുണ്ട്. സെറ്റില്‍ ആദ്യം എത്തുന്ന ആള്‍ അദ്ദേഹമായിരിക്കും. ആരോടും ദേഷ്യപ്പെട്ട് അദ്ദേഹം സംസാരിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. വരവില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് ഷാജി കൈലാസ് എന്ന് കേട്ടപ്പോള്‍ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴുന്നു എന്ന് പറയുന്ന അദ്ദേഹത്തിന്റെ സിനിമകളിലെ മൈന്‍ഡ് സെറ്റാണ് ഓര്‍മിച്ചത്. പക്ഷേ സിഗററ്റ് വലിയോ മദ്യപാനമോ ഒന്നുമില്ല എന്ന് മാത്രമല്ല ഷൂട്ടിന്റെ സമയത്ത് പൂര്‍ണമായും വെജിറ്റേറിയനാണ് അദ്ദേഹം. നമുക്ക് അദ്ദേഹത്തോട് ഒരു ഇഷ്ടം തോന്നുന്ന വിധത്തില്‍ സിനിമയോട് ബഹുമാനം കാണിക്കുന്ന ആളാണ് അദ്ദേഹം,’ ദീപക് പറഞ്ഞു.

Content Highlight: Actor Deepak Parambol talks about Director Shaji Kailas

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more