ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ പ്രഖ്യാപിച്ചതുമുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പ്രത്യേകിച്ച് ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’യുമായി ‘കാട്ടാളൻ’ സിനിമയ്ക്ക് ബന്ധമുണ്ടെന്നും, ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഭാഗമാകുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഫിലിംസ്. ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഔദ്യോഗിക വിശദീകരണം പങ്കുവെച്ചത്.
പുതിയ പ്രോജക്റ്റുമായോ മറ്റേതെങ്കിലും സിനിമാറ്റിക് യൂണിവേഴ്സുമായോ ഉണ്ണി മുകുന്ദന് യാതൊരു ബന്ധവുമില്ലെന്ന് കുറിപ്പിൽ വ്യക്തമായി പറയുന്നു.
‘യഥാർത്ഥമായ കഥപറച്ചിലുകളിലെയും സിനിമനിർമാണത്തിലെയും ഓരോ മുന്നേറ്റത്തെയും ആഘോഷിക്കുന്നതിൽ ഉണ്ണി മുകുന്ദൻ ഫിലിംസ് വിശ്വസിക്കുന്നു.
ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ സംരംഭത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. അവരുടെ ആദ്യ സംരംഭമായ ‘മാർക്കോ’യിൽ സഹനിർമാതാക്കളായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് അഭിമാനകരമായ യാത്രയായിരുന്നു,’ എന്നാണ് കുറിപ്പിൽ പറയുന്നത്.
അതോടൊപ്പം തന്നെ, നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പ്രോജക്റ്റിലോ മറ്റേതെങ്കിലും സിനിമാ യൂണിവേഴ്സിലോ ഉണ്ണി മുകുന്ദൻ ഭാഗമല്ലെന്നും, ഇതുമായി ബന്ധപ്പെട്ട അനാവശ്യ ചോദ്യങ്ങളിൽ നിന്നും ആരാധകരും പൊതുജനങ്ങളും വിട്ടുനിൽക്കണമെന്നും യു.എം.എഫ് അഭ്യർഥിച്ചു.
‘മാർക്കോ’ സിനിമയിലെ അഡാട്ട് ജോർജ് പീറ്റർ എന്ന കഥാപാത്രമായി സിദ്ദീഖ് ‘കാട്ടാളനി’ൽ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നത്.
അതിനൊപ്പം തന്നെ മാർക്കോയുടെ സഹോദരനും അഡാട്ട് കുടുംബത്തിന്റെ മുഖ്യകഥാപാത്രവുമായ ജോർജ്ജ് വീണ്ടും പ്രത്യക്ഷപ്പെടുമോ, ഉണ്ണി മുകുന്ദൻ അതിഥി വേഷത്തിലെത്തുമോ തുടങ്ങിയ ചർച്ചകളും ആരാധകർക്കിടയിൽ സജീവമായിരുന്നു.
ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വലിയ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപന ഘട്ടത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Content Highlight: Actor clarifies that Unni Mukundan is not in the movie Kattalan