| Thursday, 1st January 2026, 1:04 pm

മലയാളത്തിന്റെ മൂത്തോന്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോ എന്ന് ചന്തു; പുഞ്ചിരിച്ച് മമ്മൂട്ടി

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ വലിയ ഓളം തീര്‍ത്ത ചിത്രമായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ച് മലയാളികള്‍ക്ക് പുതിയൊരു സിനിമാ അനുഭവം നല്‍കിയ ചിത്രം മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും മാറിയിരുന്നു.

ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമായിരുന്നു ചന്തു സലീം. നസ്ലിനൊപ്പം ചേര്‍ന്ന മികച്ച കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ കാഴ്ചവെച്ച താരം ഇതിനോടകം മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൈരളി ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ സൂപ്പര്‍ താരം മമ്മൂട്ടിയെ സദസ്സിലിരുത്തി ചന്തു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

Photo: Britanica/ Tv Time

പരിപാടിയില്‍ മമ്മൂട്ടിയെ താരം മൂത്തോന്‍ എന്നാണ് വിശേഷിപ്പിച്ചത്. ലോകഃ യില്‍ ചിത്രത്തിന്റെ അവസാന ഭാഗത്ത് കല്ല്യണിയുടെ കഥാപാത്രമായ ചന്ദ്രയുടെയടക്കം അതിമാനുഷിക ശക്തിയുള്ളവരുടെ തലവനായി മൂത്തോന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പട്ടിരുന്നു. മുഖം വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തില്‍ പരാമര്‍ശിച്ച മൂത്തോന്‍ മമ്മൂട്ടിയാണെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ വേഫെറര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ലോക എന്ന മലയാളത്തിന്റെ പുതിയ സിനിമാറ്റിക് യൂണിവേഴിസിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ‘ഹാപ്പി ബര്‍ത്ത്‌ഡേ മൂത്തോന്‍ എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്ററിലാണ് ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ വിവരം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയെ പൊതുവേദിയില്‍ വെച്ച് ചന്തു, മൂത്തോന്‍ എന്ന് അഭിസംബോധന ചെയ്തത്.

തന്നെ ഈ പരിപാടിക്ക് ക്ഷണിച്ചത് മമ്മൂക്കയാണെന്നും മൂത്തോന്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോയെന്നും ചോദിച്ച ചന്തുവിന്റെ വാക്കുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. സദസ്സിലിരുന്ന് സന്തോഷത്തോടെ ചിരിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Photo: Economic Times

‘ഞാന്‍ ഒരു മമ്മൂട്ടി ആരാധകനാണ്, ചെറുപ്പം മുതല്‍ മമ്മൂക്ക നായകനാായ ചിത്രങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മനു അങ്കിള്‍ എന്ന മമ്മൂക്കയുടെ ചിത്രം കണ്ടിട്ടാണ് ഞാന്‍ മമ്മൂട്ടി ആരാധകനാകുന്നതും സിനിമയിലേക്ക് വരുന്നതും. മനു അങ്കിളിനെ പോലെ എന്നെ മറ്റൊരു ചിത്രവും എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല,’ താരം പറയുന്നു.

ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായാണ് നടന്‍ സലീംകുമാറിന്റെ മകനായ ചന്തു സലീം സിനിമയിലേക്ക് എത്തുന്നത്. 2021 ലെ ഹിറ്റ് ചിത്രം മാലിക്കിലും മഞ്ഞുമ്മല്‍ ബോയ്‌ലിലും താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഹണി റോസ് നായികയായെത്തുന്ന റേച്ചലാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.

Content Highlight: Actor Chandu salim calls mammoottyy as moothon during a program

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more