| Monday, 15th June 2026, 12:39 pm

സെറ്റില്‍ ചാന്‍സ് ചോദിച്ച് ചെല്ലുമ്പോള്‍ എല്ലാവരും ആട്ടിപ്പായ്ക്കുന്നെന്ന് അവന്‍ പറഞ്ഞു; സിനാനെ കുറിച്ച് ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ‘ബാലന്‍: ദി ബോയ്’. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായ ‘സിനാന്‍’ ഈ സിനിമയിലേക്ക് എത്തിയതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ്.
നടനും ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറുമായ ഗണപതി.

ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സിനാനെ ആദ്യമായി കണ്ട കഥ ഗണപതി പങ്കുവെക്കുന്നത്. ബാലനിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യനായ ഒരു കുട്ടിയെ കണ്ടെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നെന്നും സ്‌കൂളുകളിലും മറ്റുമായി നിരവധി ഓഡിഷനുകള്‍ നടത്തിയെങ്കിലും ആരെയും ഫിക്‌സ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഗണപതി പറയുന്നു.

‘വീട്ടിലിരിക്കുമ്പോള്‍ എനിക്ക് വാട്സ്ആപ്പില്‍ ഒരു മെസ്സേജ് വന്നു. ‘ചേട്ടാ, ഞാനിങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ്. പക്ഷേ ഞാന്‍ ഷൂട്ടിങ് സെറ്റുകളിലൊക്കെ ചാന്‍സ് ചോദിച്ചു പോകുമ്പോള്‍ എല്ലാവരും എന്നെ ആട്ടിപ്പറഞ്ഞയക്കും. അതുകൊണ്ട് ഞാന്‍ സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം ഡയറക്ട് ചെയ്തു. അതൊന്ന് കണ്ടുനോക്കണം. അതില്‍ എന്തെങ്കിലും പോരായ്മയോ സാധ്യതയോ ഉണ്ടെങ്കില്‍ പറയണം’ എന്നായിരുന്നു ആ മെസ്സേജ്.

ബാലന്‍ ദി ബോയ് Photo: Facebook

അങ്ങനെ ഞാന്‍ അവനെ കൊച്ചിയിലെ പ്രൊഡക്ഷന്‍ ഓഫീസിലേക്ക് ഓഡിഷനായി വിളിച്ചു. 12-ാം നിലയിലായിരുന്നു ഓഫീസ്. താഴെ എത്തിയെന്ന് അവന്‍ വിളിച്ച് പറഞ്ഞിട്ടും കുറേ നേരമായിട്ടും മുകളിലേക്ക് കാണാതായപ്പോള്‍വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു.

എവിടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പടികള്‍ നടന്നു കയറുകയാണെന്നായിരുന്നു സിനാന്റെ മറുപടി. ലിഫ്റ്റ് ഉപയോഗിക്കാതിരുന്നത് എന്താണെന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ കഥാപാത്രത്തിന് വേണ്ടി പ്രിപ്പയര്‍ ചെയ്യുകയായിരുന്നു’ എന്നായിരുന്നു അവന്‍ നല്‍കിയ മറുപടി. ഇത് എന്താണ് സംഭവം എന്ന് ഞാന്‍ ചിന്തിച്ചു. ഓഡിഷനിലും അവന്‍ തിളങ്ങി,’ ഗണപതി പറഞ്ഞു.

കൂടാതെ സിനിമയിലെ മൂന്ന് പ്രധാന കുട്ടികളെയും തെരഞ്ഞെടുത്തത് അവരുടെ ‘കണ്ണുകളിലെ പ്രത്യേകതകള്‍’ നോക്കിയാണെന്നും ഗണപതി കൂട്ടിച്ചേര്‍ത്തു.

ബാലന്‍ ദി ബോയ് Photo: Facebook

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാലന്‍. ജിത്തു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ. കാണാതായ അമ്മയെ തിരഞ്ഞിറങ്ങുന്ന ഒരു ആണ്‍കുട്ടിയുടെ തീവ്രമായ യാത്രയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇതിനോടകം തന്നെ കാന്‍ ചലച്ചിത്ര മേളയിലെ മാര്‍ഷെ ഡു ഫിലിം മാര്‍ക്കറ്റ് സ്‌ക്രീനിങ്ങില്‍ പ്രദര്‍ശിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ‘ബാലന്‍’.

Content Highlight: Actor -Casting Director Ganapathy about Balan Character Muhammed Zinaan

We use cookies to give you the best possible experience. Learn more