| Monday, 12th January 2026, 2:45 pm

പിയൂസിലെ വില്ലന്റെ തീവ്രത വെളിവാക്കുന്ന സംഘട്ടനം; ബിനു പപ്പുവും സന്ദീപ് പ്രദീപും തകര്‍ത്തഭിനയിച്ച എക്കോയിലെ ഫൈറ്റ് സീന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഓരോ തവണ കാണുമ്പോഴും പുതിയ ചോദ്യങ്ങള്‍ ഉടലെടുക്കുന്ന, മലയാളം കണ്ട് പരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. ‘ഫ്രം ദ ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ഓരോ മിനുട്ടിലും വന്നു പോകുന്ന കഥാപാത്രങ്ങള്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തിലേക്കുള്ള യാത്ര കൂടുതല്‍ ആവേശഭരിതമാക്കിയിരുന്നു.

Eko. Photo: Theatrical poster

എക്കോയിലെ കുറഞ്ഞ സീനുകളില്‍ മാത്രം വന്നുപോകുന്ന എന്നാല്‍ ചിത്രത്തെയാകെ പിടിച്ചുനിര്‍ത്തുന്ന കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ വിശ്വസ്തനായ വളര്‍ത്തുനായയായാണ് സന്ദീപ് പ്രദീപ് അവതരിപ്പിച്ച പിയൂസ് എന്ന കഥാപാത്രം ചിത്രത്തിലെത്തുന്നത്. കുര്യച്ചന്റെ ജീവനെടുക്കാന്‍ വരുന്നവരെ ഒരോരുത്തരെയായി ഇല്ലാതാക്കുന്ന പിയൂസിന്റെ ഉള്ളിലെ ക്രൂരതയുടെ തീവ്രത വെളിപ്പെട്ടത് എക്കോയുടെ അവസാന ഭാഗത്ത് ബിനു പപ്പു അവതരിപ്പിച്ച സുകുമാരനും രഞ്ജിത് ശങ്കര്‍ അവതരിപ്പിച്ച സോമന്‍ എന്ന കഥാപാത്രവും തമ്മിലുള്ള ഫൈറ്റ് സീനിലാണ്.

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സുകുമാരന്‍ ഞെട്ടിക്കുമ്പോള്‍ പേടിക്കുന്ന വെറുമൊരു ചെക്കന്‍ മാത്രമായ പിയൂസില്‍ നിന്നും രണ്ടാം ഭാഗത്ത് സോമന്‍ തന്റെ ജീവനായി കരഞ്ഞ് അപേക്ഷിക്കുമ്പോള്‍ എത്രമാത്രം അപകടകാരിയാണ് താനെന്ന് വിളിച്ചു പറയുന്ന പിയൂസിനെ കാണാന്‍ സാധിക്കും. കാടിനുള്ളില്‍ വെച്ച് പിയൂസ് യഥാര്‍ത്ഥത്തില്‍ ആരാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുന്ന രംഗത്തിന് ശേഷം നടക്കുന്ന ഫൈറ്റ് സീന്‍ ചിത്രത്തിലെ കഥാപാത്രങ്ങളുടെ തീവ്രത വ്യക്തമാക്കുന്നുണ്ട്.

കാടിനുള്ളിലും വെള്ളച്ചാട്ടത്തിലുമായി ചിത്രീകരിച്ച സംഘട്ടന രംഗത്തിന് കൊറിയോഗ്രാഫി ഇല്ലായിരുന്നുവെന്നും സന്ദീപ് ഓടുന്നതിനനുസരിച്ച് പിന്നാലെ ചെന്ന് ഓരോ ആക്ഷനും ചെയ്യുകയായിരുന്നുവെന്നും ബിനു പപ്പു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സീനില്‍ പിയൂസിന്റെ കഥാപാത്രം സുകുമാരനെ വടി കൊണ്ടടിക്കുന്ന രംഗങ്ങളും കല്ലെടുത്തെറിയുന്ന രംഗങ്ങളും ഇരുവരും പല രീതിയിലുള്ള വെല്ലുവിളികള്‍ നേരിട്ട് ചിത്രീകരിച്ചതാണെന്ന് താരം പറയുന്നുണ്ട്.

Eko. Photo: Screen grab/ Netflix.com

സുകുമാരനില്‍ നിന്നും രക്ഷപ്പെടാന്‍ പിയൂസ് മരത്തിന് മുകളിലേക്ക് വലിഞ്ഞ് കയറുന്ന രംഗത്തില്‍ സന്ദീപിന് നേരെ ബിനു പപ്പു കല്ലെടുത്തെറിയുന്നുണ്ട്. നേരത്തേ തയ്യാറാക്കി വെച്ച ഡമ്മി കല്ലുകള്‍ തീര്‍ന്നിട്ടും കട്ട് പറയാതെ വീണ്ടും ഒറിജിനല്‍ കല്ലുകള്‍ സന്ദീപിന് നേരെ എറിയേണ്ടി വന്നെന്നും മാറിക്കോളാന്‍ പറഞ്ഞപ്പോള്‍ ഉന്നമില്ലാത്തത് കൊണ്ട് പ്രശ്‌നമില്ലെന്നായിരുന്നു സന്ദീപിന്റെ മറുപടിയെന്നും ബിനു പറഞ്ഞിരുന്നു.

ചെങ്കുത്തായ മലനിരകളിലും അട്ട നിറഞ്ഞ വഴുക്കുളള വെള്ളക്കെട്ടിലും മൂന്നു പേരും ചേര്‍ന്ന് നടത്തിയ ആക്ഷന്‍ രംഗങ്ങള്‍ എക്കോയുടെ തിരക്കഥക്കൊപ്പം മികച്ച രീതിയില്‍ ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട കാറിലെ രംഗം അപകടകരമായ രീതിയില്‍ ചിത്രീകരിച്ചതിന്റെ അനുഭവം നടന്‍ നരേനും നേരത്തേ പങ്കുവെച്ചിരുന്നു.

Content Highlight: Actor Binu pappu’s experience about the fight scene in eko movie with sandeep pradeep

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more