| Monday, 30th January 2023, 3:21 pm

പുതിയ സിനിമയിലേക്ക് വിളിക്കാത്തതില്‍ ധര്‍മ്മേട്ടന് നല്ല വിഷമമുണ്ട്, അസൂയ മനുഷ്യ സഹജമാണ് പറഞ്ഞിട്ട് കാര്യമില്ല: ബിബിന്‍ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാക്കളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇരുവരും തന്നെയാണ്.

ഇരുവരുടെയും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഇരുവരും ഒരുമിച്ച് ചെയ്തിട്ടുള്ള മിക്ക സിനിമയിലും പ്രാധാന്യമുള്ള വേഷത്തില്‍ താരം എത്താറുമുണ്ട്. എന്നാല്‍ ബിബിനും വിഷ്ണുവും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ എന്തുകൊണ്ട് ധര്‍മജനെ വിളിച്ചില്ല എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ബിബിന്‍ ജോര്‍ജ്.

ഈ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ ധര്‍മജന് നല്ല സങ്കടമുണ്ടായിരുന്നു എന്നും എന്നാല്‍ അദ്ദേഹത്തിന് ചേര്‍ന്ന കഥാപാത്രം സിനിമയിലില്ലാത്തത് കൊണ്ടാണ് വിളിക്കാതിരുന്നതെന്നും ബിബിന്‍ പറഞ്ഞു. വെടിക്കെട്ടില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാണെന്നും ബിബിന്‍ പറഞ്ഞു.

‘ധര്‍മ്മേട്ടന് പറ്റിയ ഒരു കഥാപാത്രം ഈ സിനിമയില്‍ ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത്. സിനിമയില്‍ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ് അതിന്റെയിടയില്‍ ധര്‍മ്മേട്ടനെ കൊണ്ടുവരേണ്ട ആവശ്യമില്ല. ഞങ്ങളുടെ ഈ സിനിമയില്‍ അഭിനയിപ്പിക്കാത്തതില്‍ ധര്‍മ്മേട്ടന് നല്ല വിഷമമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ധര്‍മ്മേട്ടന്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു നമ്മുടെ സിനിമക്ക് വേണ്ടി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന്. നമ്മുടെ സിനിമ എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഞങ്ങളെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഞങ്ങളെ ഇഷ്ടമില്ലാത്ത ഞങ്ങളോട് അസൂയയുള്ള ഒരുപാട് ആളുകള്‍ വേറെയുമുണ്ട്. അതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അതൊക്കെ മനുഷ്യ സഹജമാണ്.

അതിപ്പോള്‍ മുഹമദ് നബിക്കുമുണ്ടായിട്ടുണ്ട് യേശു ക്രിസ്തുവിനുമുണ്ടായിട്ടുണ്ട് ശ്രീകൃഷ്ണനുമുണ്ടായിട്ടുണ്ട്. അതൊന്നും വലിയ കാര്യമല്ല. പക്ഷെ ഞങ്ങളെ വെറുക്കുന്നവരെ നോക്കാറില്ല. ഞങ്ങളെ സ്‌നേഹിക്കുന്ന എത്രയോ ആളുകളുണ്ട്. ഞങ്ങള്‍ അവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. അവര്‍ക്ക് വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നത്. ഞങ്ങള്‍ എപ്പോഴും ജോലി കൃത്യമായി ചെയ്യുന്നവരാണ്.

ജോലി ചെയ്യാത്ത ഒരു സമയവും ഞങ്ങളുടെ ജീവിതത്തിലില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ ജോലി ചെയ്തുകൊണ്ടേയിരിക്കുകയാണ്. ലോക് ഡൗണിലാണെങ്കില്‍ പോലും ഞങ്ങള്‍ മൂന്ന് കഥയെഴുതി. വലിയൊരു സിനിമയാണ് ആദ്യം എഴുതിയത്. അത് നടക്കാതെ വന്നപ്പോഴാണ് ഈ സിനിമയിലേക്ക് വന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു നേരം പോലും ഞാങ്ങള്‍ വെറുതെയിരിക്കുന്നില്ല,’ ബിബിന്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTOR BIBIN GEORGE TALKS ABOUT DHARMAJAN BOLGATTY

We use cookies to give you the best possible experience. Learn more