മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ പരിപാടിയിലെ തമാശകളും കൗണ്ടറുകളും മുൻകൂട്ടി തയ്യാറാക്കുന്നതല്ലെന്ന് നടൻ ബിബിൻ ജോർജ്. മഞ്ജു ചേച്ചിയും കോട്ടയം നസീർ ഇക്കയും താനും തിരക്കഥ വായിച്ച് തയ്യാറെടുത്തല്ല പരിപാടിയിൽ തമാശകൾ പറയുന്നതെന്നും കൗണ്ടറുകൾ അപ്പോൾ തോന്നുന്നതാണെന്നും ബിബിൻ പറയുന്നു. പരിപാടിയിൽ എല്ലാവർക്കും കൗണ്ടറുകൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതാണ് ഷോ കൂടുതൽ രസകരമാക്കുന്നതെന്നും താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ബംപർ ചിരിയിൽ എല്ലാവർക്കും കൗണ്ടറടിക്കാനുള്ള സ്പേസ് ഉണ്ട്. അതാണ് ആ പ്രോഗ്രാമിനെ ലൈവാക്കുന്ന ഘടകം. ഞാനും മഞ്ജു ചേച്ചിയും കോട്ടയം നസീർ ഇക്കയും തിരക്കഥ വായിച്ച് തയ്യാറെടുത്തിട്ടൊന്നുമല്ല തമാശകൾ പറയുന്നത്. കൗണ്ടറുകളൊക്കെ ഓൺ ദ് സ്പോട്ടിൽ വരുന്നതാണ്,’ ബിബിൻ പറഞ്ഞു.
ബിബിൻ ജോർജ്. Photo. Screen Grab/ Youtube
സിനിമകളിലെ തമാശരംഗങ്ങൾ പോലും പലപ്പോഴും അഭിനേതാക്കൾ അപ്പോൾ പറയുന്ന സംഭാഷണങ്ങളിലൂടെയും അവരുടെ എക്സ്പ്രഷനുകളിലൂടെയും കൂടുതൽ രസകരമാകാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
തന്നെപ്പോലൊരാൾക്ക് നടനാകാൻ കഴിയില്ലെന്ന് പലരും പറഞ്ഞുകേട്ടാണ് വളർന്നതെന്നും എന്നാൽ ജീവിതത്തിലെ തിരിച്ചടികൾ ലക്ഷ്യത്തിൽനിന്ന് പിന്നോട്ടുപോകാനുള്ള കാരണമാകരുതെന്നും ബിബിൻ പറയുന്നു. പോളിയോ ബാധിച്ച ഒരാൾ നടനാകുക മാത്രമല്ല നായകനായി മാറുകയും ചെയ്ത തന്റെ ജീവിതം അതിനുള്ള ഉദാഹരണമാണെന്നും താരം പറഞ്ഞു.
‘എന്നെപ്പോലൊരാൾക്ക് നടനാകാൻ പറ്റില്ലെന്ന് പലരും പറയുന്നത് കേട്ടാണ് വളർന്നത്. പല തരത്തിലുള്ള തിരിച്ചടികൾ എല്ലാവരുടെയും ജീവിതത്തിലുണ്ടാകാം. പക്ഷേ തിരിച്ചടികളുടെ കടുപ്പം കൂടുന്നതിനനുസരിച്ച് നമ്മൾ കൂടുതൽ ഫോക്കസ്ഡ് ആയാൽ മതി. നമ്മൾ ലക്ഷ്യത്തിലെത്തുമെന്ന കാര്യം ഉറപ്പാണ്. പോളിയോ ബാധിച്ച ഒരാൾ നടനാകുക എന്നതിനപ്പുറം നായകനായി മാറില്ലേ? അതുകൊണ്ട് അവഹേളനങ്ങളിലൊന്നും എനിക്ക് പരാതിയില്ല. അതൊക്കെ എന്റെ ആഗ്രഹങ്ങൾ കൂട്ടിയിട്ടേയുള്ളൂ,’ ബിബിൻ വ്യക്തമാക്കി.
ബിബിൻ ജോർജ്. Photo. Screen Grab/ Youtube
എഴുത്തിനോടും സ്റ്റേജ് പരിപാടികളോടുമുള്ള ഇഷ്ടത്തെക്കുറിച്ചും താരം സംസാരിച്ചു. ശൂന്യതയിൽനിന്ന് എന്തെങ്കിലും സൃഷ്ടിച്ചെടുക്കുന്ന അനുഭവം എഴുത്തിൽ വലിയ സന്തോഷം നൽകുന്നുണ്ടെന്നും സ്റ്റേജ് പരിപാടികളിൽനിന്നാണ് തനിക്ക് കൂടുതൽ പുതിയ കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും കഴിയുന്നതെന്നും ബിബിൻ പറഞ്ഞു. എഴുത്തും സ്റ്റേജ് പരിപാടികളും തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Actor Bibin George states that the jokes and witty retorts in the Mazhavil Manorama show ‘Oru Chiri Iru Chiri Bumper Chiri’ are not pre-planned