| Wednesday, 1st April 2026, 12:50 pm

സഞ്ജു സാംസണെ പോലെ അടിച്ച് ബിഗര്‍ ലീഗിലേക്ക് ഞാന്‍ കയറി വരും: ഭരത്

അശ്വിന്‍ രാജേന്ദ്രന്‍

2002 ല്‍ പുറത്തിറങ്ങിയ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഭരത്. അതേ വര്‍ഷം പുറത്തിറങ്ങിയ 4 ദി പീപ്പിള്‍ എന്ന യുവാക്കളുടെ ഹരമായി മാറിയ ചിത്രത്തിലെ വിവേക് എന്ന കഥാപാത്രത്തിലൂടെ ഭരത് മലയാളികള്‍ക്കിടയിലും വലിയ സ്വാധീനം സൃഷ്ടിച്ചിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമായി ഒട്ടനവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത താരം കൂതറ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

4 ദി പീപ്പിള്‍. Photo: Airtel Xtream

എന്നാല്‍ കരിയറിന്റെ ആരംഭത്തില്‍ ലഭിച്ച സ്വീകാര്യത പിന്നീട് മുതലാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. തമിഴിലെ ഭാവി മുന്‍നിര നടന്മാരിലൊരാളായി താരം മാറും എന്ന് പലരും പ്രതീക്ഷിച്ചെങ്കിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ അഭിമുഖത്തില്‍ തന്റെ കരിയറിനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ഉപമിച്ച് ഭരത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഒന്നും ചെയ്യാതെ സിനിമയില്‍ നിന്നും എങ്ങോട്ടോ പോയെന്നാണ് പലരും എന്നെക്കുറിച്ച് പറഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം തോന്നി. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. ഒരുവിധം ആളുകളൊന്നും എന്റെ ചിത്രങ്ങള്‍ കണ്ടിട്ടില്ല. പക്ഷേ ഞാനിപ്പോഴും രംഗത്തുണ്ട്. സഞ്ജുസാംസണെ പോലെ അടിച്ച് ബിഗര്‍ ലീഗിലേക്ക് ഞാന്‍ കയറി വരും. പ്രേക്ഷകര്‍ ഇപ്പോഴും എന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്,’ ഭരത് പറഞ്ഞു.

ഈ വര്‍ഷമാദ്യം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടി-20 വേള്‍ഡ് കപ്പില്‍ സിനിമയെ വെല്ലുന്ന പ്രകടനം കാഴ്ച്ചവെച്ചാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ടൂര്‍ണമെന്റിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ തിളങ്ങാനാവാതെ ഇലവനില്‍ നിന്നും പുറത്താക്കപ്പെട്ട താരം വേള്‍ഡ് കപ്പിലെ നിര്‍ണായക ഘട്ടത്തില്‍ ടീമിന് രക്ഷകനായി എത്തുകയായിരുന്നു. നോക്ക് ഔട്ട് മത്സരങ്ങളില്‍ 97*, 89, 89 എന്നിങ്ങനെ മികച്ച പെര്‍ഫോമന്‍സുകള്‍ കാഴ്ച്ചവെച്ചാണ് താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടം സ്വന്തമാക്കിയത്.

സഞ്ജു വി സാംസണ്‍. Photo: India Today

നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് അനീതിക്കും അഴിമതിക്കും എതിരെ നടത്തുന്ന പോരാട്ടമാണ് ജയരാജ് സംവിധാനം ചെയ്ത 4 ഫോര്‍ ദി പീപ്പിളിന്റെ കഥാപശ്ചാത്തലം. ചിത്രത്തില്‍ ഭരതിന് പുറമെ അരുണ്‍, പദ്മകുമാര്‍, നരേന്‍, അര്‍ജുന്‍ ബോസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ ജാസി ഗിഫ്റ്റ് ആലപിച്ച ‘ലജ്ജാവതിയേ’ എന്ന ഗാനവും ഭരതിന്റെ നൃത്തചുവടുകളും ഇന്നും പ്രേക്ഷകരുടെ ഫേവറിറ്റുകളില്‍ ഒന്നാണ്.

Content Highlight: Actor Bharath talks about Sanju Samson and his career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more