| Tuesday, 22nd September 2026, 9:58 pm

പ്രീതി ഈ ചിത്രത്തിലേക്കെത്തുമ്പോള്‍ ആസൈ കൂടെ മാത്രമാണുണ്ടായിരുന്നത്, ഞാന്‍ ഇന്‍വെസ്റ്റ് ചെയ്ത ബിറ്റ് കോയിനാണവര്‍: അശോക് സെല്‍വന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിക്കുകയും സായ് അഭ്യങ്കാറിന്റെ ആല്‍ബമായ ആസ കൂടെയിലൂടെ തരംഗമാകുകയും ചെയ്ത അഭിനേത്രിയാണ് പ്രീതി മുകുന്ദന്‍. 2024ല്‍ പുറത്തിറങ്ങിയ ഓം ഭീം ബുഷ് എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രീതി, അതേ വര്‍ഷം പുറത്തിറങ്ങിയ സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വലിയ രീതിയില്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. നര്‍ത്തകിയെന്ന നിലയിലും ആരാധകരെ നേടിയെടുത്ത താരം മേനെ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയാണ് മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

താരത്തിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിനല്‍കിയ ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും റിയ ഷിബുവും പ്രധാനവേഷത്തിലെത്തി ഹിറ്റടിച്ച സര്‍വ്വം മായ. ചിത്രത്തിലെ സാധ്യ എന്ന കഥാപാത്രം പ്രീതിയ്ക്ക് മോളിവുഡിലും വലിയ ആരാധക പിന്തുണ നേടിനല്‍കിയിരുന്നു. പ്രീതി നായികയായെത്തുന്ന തമിഴിലെ ഏറ്റവും പുതിയ ചിത്രമാണ് അന്‍ബില്‍ അവന്‍.

പ്രീതി മുകുന്ദന്‍. Photo: Deadline

ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട് അശോക് സെല്‍വന്‍ നായകനാകുന്ന അന്‍ബില്‍ അവന്‍ സെപ്റ്റംബര്‍ 25നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ പ്രീതി മുകുന്ദനെ കുറിച്ച് അശോക് സെല്‍വന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രീതിയുടെ ആസ കൂടെ എന്ന ആല്‍ബം മാത്രം ചെയ്തപ്പോഴാണ് അന്‍ബില്‍ അവനിലേക്ക് കാസ്റ്റ് ചെയ്തതെന്നും ഇപ്പോള്‍ പ്രീതി വലിയ താരമായെന്നും അശോക് പറഞ്ഞു.

‘ചിത്രത്തിലെ നായികയായി പ്രീതിയെ കാസ്റ്റ് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വര്‍ക്കും പ്രീതി ചെയ്തിട്ടുണ്ടായിരുന്നില്ല. ആസ കൂടെ മാത്രമായിരുന്നു പ്രീതി ചെയ്തിരുന്നത്. അത് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രീതി ഒരു സ്റ്റാറാവുമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്ത ബിറ്റ്‌കോയിനാണ് പ്രീതി. ബ്ലാസ്റ്റടക്കമുള്ള ചിത്രങ്ങളിലൂടെ ഒരു വലിയ ഫാന്‍ബേസുണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

അന്‍ബില്‍ അവന്‍. Photo: Book My Show

ചിത്രത്തിന്റെ പ്രൊമോഷനായി പോയപ്പോള്‍ അത് ഞാന്‍ നേരിട്ടനുഭവിച്ചതാണ്. പ്രീതിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തത് നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. നല്ലൊരു കരിയര്‍ നിങ്ങളുടെ മുന്നിലുണ്ടെന്ന് എനിക്കറിയാം. അതിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ ചിത്രം നന്നായി വരികയാണെങ്കില്‍ നമുക്ക് സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാം,’ അശോക് സെല്‍വന്‍ പറഞ്ഞു.

Content Highlight: Actor Ashok Selvan talks about actress Priety Mukundhan

We use cookies to give you the best possible experience. Learn more