എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമായി തിരുവനന്തപുരത്ത് നടക്കുന്ന കഥയെ ആസ്പദമാക്കി റിലീസിന് ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് അനന്തൻ കാട്. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 25-ന് തിയേറ്ററുകളിലെത്തും. തമിഴ് നടൻ ആര്യ, ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
മലയാളത്തിൽ ആദ്യ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ, സിനിമയിൽ തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ചും മലയാള സിനിമയുമായുള്ള അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു നടൻ.
ആര്യ.photo:screen grab/youtube
സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രികളിൽ അഭിനയരീതിയിൽ വലിയ വ്യത്യാസം തോന്നിയിട്ടില്ലെങ്കിലും, മലയാള സിനിമകളുടെ തിരക്കഥകളിലും അവതരണത്തിലും പ്രത്യേകത അനുഭവപ്പെട്ടിട്ടുണ്ടെന്ന് ആര്യ പറഞ്ഞു.
‘മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ ജോലി ചെയ്യുന്നത് ഒരുപോലെയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ മലയാള സിനിമകളുടെ സ്‌ക്രിപ്റ്റിങ് കൂടുതൽ റൂട്ടഡാണെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ സീനുകളുടെ പേസിങ്ങും കഥാപാത്രങ്ങളിലെ ചെറിയ സൂക്ഷ്മതകളും തമിഴ് സിനിമയിൽ നിന്ന് വ്യത്യസ്തമാണ് എന്ന് നടൻ പറഞ്ഞു .
മലയാളത്തിലെ മനോഹരമായ ഒരു ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്. ആ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിന് മുമ്പ് ഞാൻ പറഞ്ഞിരുന്നു റീമേക്ക് ചെയ്യേണ്ടതില്ലെന്ന്. കാരണം മലയാളി പ്രേക്ഷകരെ കണക്ട് ചെയ്യുന്ന ചില ചെറിയ സൂക്ഷ്മതകൾ തമിഴ് പ്രേക്ഷകർക്ക് അതേ രീതിയിൽ കണക്ട് ആവണമെന്നില്ല. അതു കൊണ്ട് തന്നെ തമിഴിൽ ആ ചിത്രത്തിനു മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നില്ല. അതല്ലാതെ വർക്കിങ്ങിന്റെയും പ്രൊഡക്ഷന്റെയും കാര്യത്തിൽ തമിഴ്, മലയാളം ഇൻഡസ്ട്രികൾ തമ്മിൽ വലിയ വ്യത്യാസമൊന്നും എനിക്ക് തോന്നിയിട്ടില്ല,’ ആര്യ പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും കണക്ട് ചെയ്യാൻ കഴിയുന്ന കൂറേ ഘടകങ്ങൾ അനന്തൻ കാടിലുണ്ടെന്നും നടൻ പറഞ്ഞു.
‘ഒരുപാട് പ്രകടനങ്ങളും വികാരങ്ങളും നിറഞ്ഞ സിനിമയാണ് അനന്തൻ കാട്. വ്യത്യസ്ത പ്രായത്തിലുള്ള പ്രേക്ഷകർക്കും കണക്ട് ചെയ്യാൻ കഴിയുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ട്. മുരളി സാറിന്റെ കഥാപാത്രമായാലും ശാന്തിയുടെ കഥാപാത്രമായാലും പ്രേക്ഷകർക്ക് ഓർത്തുവെക്കാൻ കഴിയുന്ന ഒരുപാട് ഇമോഷൻസ് ഉള്ള സിനിമയാണ് അനന്തൻ കാട്,’ ആര്യ പറഞ്ഞു.
ബാംഗ്ലൂർ ഡേയ്സ്.photo.reddit