ബോസ് എങ്കിറ ഭാസ്കരൻ, മദ്രസാപട്ടിണം , രാജാ റാണി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആര്യ. ഉത്തര ചെന്നൈയിലെ ബോക്സിങ് പശ്ചാത്തലത്തിൽ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ തമിഴ് പീരിയഡ് സ്പോർട്സ് ഡ്രാമയാണ് സർപട്ട പരമ്പരൈ. സർപട്ട ക്ലാനിൽ നിന്നുള്ള കബിലൻ എന്ന യുവ ബോക്സറായി ആര്യ നടത്തിയ പ്രകടനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കഥാപാത്രത്തിനായി ശരീരഭാരം കൂട്ടുകയും മാസങ്ങളോളം ബോക്സിങ് പരിശീലനം നടത്തുകയും ചെയ്ത താരം ആ വേഷത്തിനായി നടത്തിയ തയ്യാറെടുപ്പുകളും ശ്രദ്ധ നേടിയിരുന്നു. ആര്യയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഇന്നും ആ കഥാപാത്രത്തെ വിലയിരുത്തപ്പെടുന്നത്.
സർപട്ട പരമ്പരൈ.screen grab/ Behindwoods
നിരവധി സിനിമകളിലും കഥാപാത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം കബിലനാണെന്ന് പറയുകയാണ് ആര്യ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ടത് സർപട്ട പരമ്പരൈയിലെ കബിലനാണ്. കോവിഡ് സമയത്താണ് ആ സിനിമ റിലീസ് ആയത്. സിനിമ പുറത്തിറങ്ങിയ ശേഷം ഒരുപാട് ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്, അവർ ജീവിതത്തിൽ ഒരു ഡൗൺഫേസിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ആ സിനിമ കണ്ടതെന്ന്. ചിത്രം കണ്ട ശേഷം അവർക്ക് വീണ്ടും പ്രചോദനം ലഭിച്ചുവെന്നും ബോക്സിങ് ഉൾപ്പെടെ പല കാര്യങ്ങളും വീണ്ടും തുടങ്ങാൻ കഴിഞ്ഞുവെന്നും പറഞ്ഞിട്ടുണ്ട്.
അത് ഒരു തരത്തിൽ റിഡംഷൻ മൂവിയായിരുന്നു. കാരണം ജീവിതത്തിൽ വീണുപോയ ഒരാൾ കഠിനാധ്വാനത്തിലൂടെ വീണ്ടും ഉയർന്നുവരുന്ന കഥയാണ് സിനിമ പറയുന്നത്. ആ സിനിമ കണ്ട ശേഷം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയ ഒരുപാട് ആളുകളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. പ്രേക്ഷകരുടെ ജീവിതത്തിൽ അത്തരത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയുന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.
കോവിഡ് സമയമായതുകൊണ്ട് സർപട്ട പരമ്പരൈക്ക് തിയേറ്റർ റിലീസ് ലഭിച്ചിരുന്നില്ല. എന്നാൽ സർപട്ട 2 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും,’ ആര്യ പറഞ്ഞു.
സർപട്ട പരമ്പരൈ.screen grab/ Behance