സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും വിമർശനങ്ങളും വന്നാലും അതിനെയെല്ലാം സമാധാനത്തോടെ നേരിടാനാണ് താൻ ശ്രമിക്കാറുള്ളതെന്ന് നടൻ അർജുൻ അശോകൻ. അടുത്തിടെ തന്റെ സിനിമകളെല്ലാം പരാജയമാണെന്നും ഭാഗ്യം കൊണ്ടാണ് സിനിമകൾ ലഭിക്കുന്നതെന്നുമുള്ള തരത്തിൽ ഒരു റീൽ കണ്ടിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾക്ക് പിന്നിലെ കാരണം മനസിലായില്ലെന്നും താരം ന്യൂസ് 18 കേരളക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സോഷ്യൽ മീഡിയ ഞാൻ ഭയങ്കര ക്ലീനായിട്ടാണ് കൊണ്ടുനടക്കുന്നത്. മോശം കമന്റുകൾ വന്നാലും നല്ല രീതിയിൽ തന്നെയാണ് അതിനെ കൈകാര്യം ചെയ്യാറുള്ളത്. ഈയിടെ ഞാൻ ഒരു റീൽ കണ്ടിരുന്നു. എന്തോ ഭാഗ്യം കൊണ്ടാണ് എനിക്ക് സിനിമകൾ കിട്ടുന്നതെന്ന രീതിയിലായിരുന്നു അതിൽ പറഞ്ഞിരുന്നത്. എന്തിനാണ് അങ്ങനെയൊരു റീൽ ഇട്ടതെന്ന് എനിക്ക് മനസിലായില്ല. എന്റെ സിനിമകളൊന്നും ഹിറ്റാകാറില്ലെന്ന രീതിയിലായിരുന്നു സംസാരം,’ അർജുൻ അശോകൻ പറഞ്ഞു.
അർജുൻ അശോകൻ. Photo. Screen Grab/ Youtube
തന്റെ സിനിമകളെല്ലാം വിജയിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നതിനൊപ്പം അടുത്തിടെ പുറത്തിറങ്ങിയ ചില ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയിട്ടുണ്ടെന്നും അർജുൻ ചൂണ്ടിക്കാട്ടി. അങ്ങനെയിരിക്കെ തന്റെ സിനിമകളെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കി.
‘എന്റെ പടങ്ങളെല്ലാം ഹിറ്റാകാറില്ല. പരാജയപ്പെടുന്ന സിനിമകളുമുണ്ട്. പക്ഷേ, അവസാനം ഇറങ്ങിയ ചത്ത പച്ച, അത്യാവശ്യം കുഴപ്പമില്ലാതെ ഓടി. തലവരയും മോശമല്ലാതെ ഓടി. അതിനുമുമ്പ് ഭ്രമയുഗം, രോമാഞ്ചം എന്നിവയും വിജയിച്ചു. എന്നിട്ടും എന്തിനാണ് ആളുകൾ ഇങ്ങനെയൊരു റീൽ ഇടുന്നതെന്ന് എനിക്ക് മനസിലായില്ല,’ താരം പറഞ്ഞു.
സോഷ്യൽ മീഡിയയിലെ എല്ലാ കാര്യങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും അർജുൻ അശോകൻ പറഞ്ഞു. ചില കാര്യങ്ങൾ കാണുമ്പോൾ മറുപടി നൽകണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് അതിൽനിന്ന് മാറിനിൽക്കാറാണ് പതിവ്. പ്രതികരണങ്ങൾ പലപ്പോഴും നമ്മൾ ഉദ്ദേശിച്ച രീതിയിലായിരിക്കില്ല മറ്റുള്ളവർ മനസിലാക്കുകയെന്നും താരം ചൂണ്ടിക്കാട്ടി.
‘ലാലേട്ടൻ പറഞ്ഞതുപോലെ ആവശ്യമുള്ളത് മാത്രം എടുക്കുക മോനേ, അല്ലാത്തത് എടുക്കേണ്ട, പീസ്ഫുള്ളായിട്ട് ഇരിക്കുക എന്നതാണ്. സോഷ്യൽ മീഡിയയിലെ പല കാര്യങ്ങളും കാണുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ട്. പക്ഷേ, നമ്മൾ പ്രതികരിച്ചത് വേറൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടേണ്ടല്ലോ എന്ന് കരുതി മിണ്ടാതിരിക്കും.
ചില കാര്യങ്ങൾ നമ്മൾ വാക്കാൽ പറയുന്നതല്ല, കമന്റുകളിലൂടെയായിരിക്കും പറയുന്നത്. അത് പലരും അവരവരുടെ വ്യാഖ്യാനത്തിനനുസരിച്ചാണ് മനസിലാക്കുന്നത്. നമ്മൾ ഉദ്ദേശിച്ച രീതിയിലായിരിക്കില്ല അവർ കാര്യങ്ങൾ എടുക്കുന്നത്,’അർജുൻ അശോകൻ പറഞ്ഞു.
അർജുൻ അശോകൻ. Photo. Facebook.com
നവാഗതനായ നിഖിൽ മോഹൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മെൽകൗ പോണ്ടിച്ചേരി. ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, ശ്രീലക്ഷ്മി വിജയൻ, അന്ന സൂസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പോണ്ടിച്ചേരിയിലേക്കുള്ള ഒരു സംഘം സുഹൃത്തുക്കളുടെ യാത്രയും അതിനിടയിലെ രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗഹൃദവും കോമഡിയും യുവത്വത്തിന്റെ ആഘോഷവും നിറഞ്ഞൊരു എന്റർടെയ്നറായാണ് ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്.
Content Highlight:Actor Arjun Ashokan says that he tries to face negative comments and criticism on social media with composure