| Monday, 23rd November 2026, 11:08 am

സിനിമ ഹിറ്റാകുന്നത് നമ്മുടെ മാത്രം കയ്യിലുള്ള കാര്യമല്ല; കഴിഞ്ഞ വർഷം ഡിപ്രഷനും ആങ്സൈറ്റിയും അനുഭവിച്ചു: ആന്റണി വർഗീസ് പെപെ

അജ്മല്‍ കെ

സിനിമ ഹിറ്റാകുന്നതും പോസ്റ്റർ ഇറങ്ങുന്നതുമൊക്കെ മാത്രം സന്തോഷത്തിന്റെ മാനദണ്ഡമാക്കരുതെന്നും ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തണമെന്നും നടൻ ആന്റണി വർഗീസ് പെപെ. സിനിമയുടെ വിജയം നമ്മുടെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും പ്രേക്ഷകരിലേക്ക് സിനിമ കണക്ട് ആകുമ്പോഴാണ് വിജയം ഉണ്ടാകുന്നതെന്നും പെപെ പറയുന്നു.

സിനിമ ഹിറ്റാകാത്തതിന്റെ പേരിലും പോസ്റ്റർ ഇറങ്ങാത്തതിന്റെ പേരിലും വിഷമിച്ചിരിക്കുന്ന സുഹൃത്തുക്കളെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കാര്യം സാമ്പത്തികമാണ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആന്റണി വർഗീസ് പെപെ. Screen Grab/ Youtube

‘കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ നമ്മൾ സന്തോഷം കണ്ടെത്തിയില്ലെങ്കിൽ നമ്മുടെ ജീവിതം ഇല്ലാതാകും. സിനിമ ഹിറ്റായാലേ ഞാൻ സന്തോഷിക്കൂ എന്നൊക്കെ പറയുന്നത് നമ്മുടെ കയ്യിലുള്ള കാര്യമല്ല അതൊന്നും. നമ്മൾ ചെയ്തതും ഡയറക്ടർ ചെയ്തുവെച്ചതുമെല്ലാം ആളുകൾക്ക് കണക്ട് ആയാൽ മാത്രമാണ് ആ വിജയം ഉണ്ടാകുന്നത്. സിനിമ ഹിറ്റായില്ല, പോസ്റ്റർ ഇറക്കിയില്ല എന്നൊക്കെ പറഞ്ഞ് ഡിപ്രഷൻ അടിച്ചിരിക്കുന്ന ചില സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്.

അങ്ങനെ വിഷമിച്ചിരുന്നാൽ പിന്നെ അതിനൊക്കെ മാത്രമേ സമയം ഉണ്ടാകൂ. നല്ല ഭക്ഷണം കിട്ടുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുക, യാത്ര ചെയ്യുമ്പോൾ നല്ല കാഴ്ചകൾ കാണുന്നതിൽ സന്തോഷിക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് പ്രധാനം,’ പെപെ പറഞ്ഞു.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താൻ കടന്നുപോയ വിഷമഘട്ടങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. കഴിഞ്ഞ വർഷം ഡിപ്രഷനും ആങ്സൈറ്റിയും പോലുള്ള അവസ്ഥകളിലേക്ക് പോയിരുന്നുവെന്നും അതിൽനിന്ന് തിരിച്ചുവരാൻ ഏറെ ബുദ്ധിമുട്ടിയെന്നും പെപെ വ്യക്തമാക്കി.

ആന്റണി വർഗീസ് പെപെ. Photo. Screen Grab/ Youtube

‘എനിക്ക് ആ സമയത്ത് ക്രൗഡും കൂടുതൽ ആളുകളെ കാണുന്നതുമൊക്കെ ബുദ്ധിമുട്ടായിരുന്നു. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആളുകളോട് തുറന്നുപറയുകയും കൃത്യമായ തെറാപ്പി എടുക്കുകയും വേണം. അതല്ലെങ്കിൽ അതിൽനിന്ന് മറികടന്നുവരുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ഒരുപാട് തെറാപ്പികൾ ചെയ്തിട്ടാണ് ഞാൻ അതിൽനിന്ന് ഓവർകം ചെയ്ത് വന്നത്,’ പെപെ വ്യക്തമാക്കി.

Content Highlight: Actor Antony Varghese ‘Pepe’ says that one should find happiness in the small things in life.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more