| Wednesday, 7th October 2026, 8:33 am

'കേൾക്കുമ്പോൾ തന്നെ ചാർജ് ആകും' എന്നത് എന്താണെന്ന് ആദ്യം മനസിലായില്ല, പിള്ളേർ പറഞ്ഞപ്പോഴാണ് ഇതൊക്കെ അറിഞ്ഞത്; അനൂപ് മേനോൻ

അജ്മല്‍ കെ

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിലെ പല ഡയലോഗുകളും സിനിമാ റഫറൻസുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 22ൽ അധികം റഫറൻസുകളാണ് ഇപ്പോൾ സിനിമാ പ്രേമികൾ കണ്ടെത്തിയിരിക്കുന്നത്. പലതും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോൾ ഒ.ടി.ടി റിലീസിന് പിന്നാലെയും സിനിമയിലെ ഇത്തരം ചെറിയ റഫറൻസുകളും തമാശകളും പ്രേക്ഷകർ ഏറ്റെടുത്ത് ചർച്ച ചെയ്യുകയാണ്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് അനൂപ് മേനോന്റെ ‘ഹീറോ’ എന്ന സിനിമയുമായുള്ള രംഗങ്ങൾ.

അനൂപ് മേനോൻ,Photo. Screen Grab/ Youtube

അനൂപ് മേനോൻ ‘ഹീറോ’യിൽ അവതരിപ്പിച്ച സംവിധായക കഥാപാത്രം പറയുന്ന ‘കേൾക്കുമ്പോൾ തന്നെ ചാർജ് ആകും’ എന്ന ഡയലോഗാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും റഫറൻസ് ചെയ്തിരിക്കുന്നത്. സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ സിനിമയിലുടനീളം ഒരു ഷോർട്ട് ഫിലിം ചെയ്യാനുള്ള ശ്രമത്തിലാണ്. ‘സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം’ എന്ന പേരിൽ ഷോർട്ട് ഫിലിം ഒരുക്കുന്ന ജോയൽ, അനൂപ് മേനോന്റെ ‘ഹീറോ’യിലെ കഥാപാത്രത്തെ അനുകരിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ചിരിയുണ്ടാക്കുന്നുണ്ട്.

ഷോർട്ട് ഫിലിം മേക്കിങ്ങുമായി ബന്ധപ്പെട്ട ജോയലിന്റെ രംഗങ്ങൾ സിനിമയിലെ തന്നെ പ്രധാന കോമഡി ട്രാക്കുകളിലൊന്നായിരുന്നു. ‘ഹീറോ’യിലെ അനൂപ് മേനോന്റെ കഥാപാത്രത്തെ അനുകരിച്ചുകൊണ്ട് ജോയൽ നടത്തുന്ന പല കാര്യങ്ങളും തിയേറ്ററിൽ ചിരി നേടിയിരുന്നു. ഇപ്പോൾ ഒ.ടി.ടിയിലെത്തിയതോടെ ഈ റഫറൻസുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ അനൂപ് മേനോൻ. മാതൃഭൂമിക്ക് നല്കിയയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ വളരെ ലൈറ്റായിട്ടാണ് അത്തരം ട്രോളുകളെയും മീമുകളെയും കുറിച്ച് അറിയുന്നത്. സോഷ്യൽ മീഡിയയുമായി അധികം ബന്ധമില്ലാത്തതുകൊണ്ട് വളരെ ലൈറ്റായിട്ടാണ് ഇതൊക്കെ അറിയുന്നത്. രാജ്കുമാർ എന്ന് പറയുന്ന എന്റെ കൂടെയുള്ള ഒരാൾ പറഞ്ഞിട്ടാണ് ഞാൻ ഇത് അറിയുന്നത്. അയാളാണ് എന്നോട് ഇങ്ങനെയൊരു സംഭവമുണ്ട്, ഇതാണ് സംഭവം എന്നൊക്കെ പറയുന്നത്. എനിക്ക് മനസിലായിരുന്നില്ല, ഇതെന്താണെന്ന്,’ അനൂപ് മേനോൻ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

ഒരു പ്രൊമോഷൻ പരിപാടിക്ക് പോയപ്പോഴാണ് അതിനെ കുറിച്ച് അറിഞ്ഞതെന്നും നടൻ പറഞ്ഞു.

‘ഏതോ ഒരു പ്രമോഷന് പോയപ്പോൾ പിള്ളേർ എന്നോട് ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. എനിക്കാണെങ്കിൽ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. ‘ചാർജ് ആണോ’ എന്ന് ചോദിച്ചപ്പോൾ ഞാൻ ‘ചാർജാണ്, കുഴപ്പമില്ല’ എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അവരോട് ചോദിക്കുന്നത്, ഇതെന്താണ് പരിപാടിയെന്ന്. അപ്പോഴാണ് അവർ പറഞ്ഞത് ഇങ്ങനെയൊരു പരിപാടി ലൈവായി നടക്കുന്നുണ്ടെന്ന്. ഇതൊക്കെ കാണുമ്പോൾ സന്തോഷമാണ്,’ അനൂപ് മേനോൻ പറഞ്ഞു.

Content Highlights: Actor Anoop Menon is speaking about the references to the movie Hero after they once again became a topic of discussion on social media

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more