| Sunday, 6th July 2025, 2:51 pm

പ്രേം നസീറിനെ പോലെയൊരു താരത്തെ വിമര്‍ശിക്കാന്‍ ഞാന്‍ ആരാണ്; വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ പ്രേം നസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ടിനി ടോം. പ്രേം നസീറിനെ ആരാധിക്കുന്ന നിരവധി ആളുകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും അദ്ദേഹത്തെ പോലെയൊരു വലിയ ആര്‍ട്ടസ്റ്റിനെ പറ്റി പറയാന്‍ തനിക്കൊരു യോഗ്യതയും ഇല്ലെന്നും ടിനി ടോം പറയുന്നു.

ഒരു സീനിയര്‍ പറഞ്ഞു കേട്ട കാര്യമാണ് താന്‍ പങ്കുവെച്ചതെന്നും, ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നതെന്നും ടിനി ടോം പറഞ്ഞു. താന്‍ പറഞ്ഞ വാക്കുകളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടിനി ടോമിന്റെ പ്രതികരണം.

‘മലയാള സിനിമയുടെ ലെജന്‍ഡാണ് നസീര്‍ സാര്‍. നസീര്‍ സാറിനെ ആരാധിക്കുന്ന ലോകത്തൊരുപാട് പേരില്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ ആളാണ് ഞാന്‍. നസീര്‍ സാര്‍ എവിടെ കിടക്കുന്നു. ഞാന്‍ എവിടെ കിടക്കുന്നു. അത്രയും വലിയൊരു സ്റ്റാറിനെ വിമര്‍ശിക്കാന്‍ ഞാന്‍ ആരാണ്. ഒരു ഇന്റര്‍വ്യൂവില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഭാഗം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതാണ് പല ന്യൂസുകളും പുറത്തു വിടുകയാണ് ഉണ്ടായത്.

നസീര്‍ സാറിനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയര്‍ തന്ന ഒരു ഇന്‍ഫര്‍മേഷന്‍ ആണത്. അല്ലാതെ ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു,’ടിനി ടോം പറഞ്ഞു.

‘സിനിമകള്‍ ഇല്ലാതായതോടെ പ്രേം നസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍ നിന്നിറങ്ങി അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു’ എന്നായിരുന്നു ടിനി ടോമിന്റെ പ്രസ്താവന. ഈ പരാമര്‍ശം വിവാദമായതോടെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, എം.എ നിഷാദ് തുടങ്ങി നിരവധി പേര്‍ ടിനി ടോമിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

Content highlight: Actor and mimicry artist Tiny Tom apologizes for his controversial statement about Prem Nazir.

We use cookies to give you the best possible experience. Learn more