സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസുകളും കണ്ട് ഒരാളുടെ ജീവിതം എപ്പോഴും സന്തോഷം നിറഞ്ഞതാണെന്ന് കരുതരുതെന്ന് നടനും അവതാരകനുമായ ജീവ. സന്തോഷമുള്ള നിമിഷങ്ങളാണ് ആളുകൾ കൂടുതലായും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതെന്നും അതുകൊണ്ട് മാത്രം അവരുടെ ജീവിതത്തിൽ സങ്കടങ്ങളില്ലെന്ന് കരുതാനാവില്ലെന്നും ജീവ പറയുന്നു. അറബ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജീവയുടെ പ്രതികരണം.
‘നമ്മൾ എപ്പോഴും ആളുകളെ കാണിക്കാൻ വേണ്ടി ഹാപ്പിയായിട്ട് ഇരിക്കുന്നതാണെന്നും ഇൻസ്റ്റാഗ്രാമിൽ നല്ല റീൽസുകൾ ഷെയർ ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കാനാണെന്നും ചിലർ വിചാരിക്കാറുണ്ട്. പക്ഷേ ഒരിക്കലും അങ്ങനെയല്ല. നമ്മൾ സന്തോഷമുള്ള നിമിഷങ്ങളും നല്ല കാര്യങ്ങളുമല്ലേ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. കരച്ചിലും പ്രാരബ്ധങ്ങളുമൊന്നും നമ്മൾ സാധാരണയായി ഷെയർ ചെയ്യാറില്ലല്ലോ. ആ രീതിയിൽ മാത്രം അതിനെ കണ്ടാൽ മതി,’ ജീവ പറഞ്ഞു.
ജീവ. Photo. Facebook.com
താൻ വലിയ സാമ്പത്തികശേഷിയുള്ള കുടുംബത്തിൽനിന്ന് വന്നയാളാണെന്ന് ചിലർ കരുതാറുണ്ടെന്നും എന്നാൽ അങ്ങനെയല്ലെന്നും ജീവ പറയുന്നു. വളരെ സാധാരണമായ ജീവിതസാഹചര്യങ്ങളിൽനിന്നാണ് താൻ വന്നതെന്നും താരം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം കണ്ടിട്ട് പഴയതുപോലെ ചിരിക്കുന്നില്ലെന്ന് ചിലർ പറയാറുണ്ട്. അത്തരം അഭിപ്രായങ്ങളെ താൻ മറ്റൊരു രീതിയിലാണ് കാണുന്നതെന്നും ജീവ പറഞ്ഞു.
‘ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ ചിലർ പറയും, ഇപ്പോൾ പഴയതുപോലെ ചിരിയില്ലല്ലോ എന്ന്. അങ്ങനെ പറയുമ്പോൾ അവർക്ക് അങ്ങനെ തോന്നാൻ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ എന്ന് ഞാൻ ചിന്തിക്കും. നമ്മൾ കാണാതെ പോയ എന്തോ ഒരു മാറ്റം അവർ കണ്ടതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ അവർക്ക് നമ്മളെ അത്രയും ഇഷ്ടമുള്ളതുകൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്,’ ജീവ പറഞ്ഞു.
എപ്പോഴും ചിരിക്കുന്ന മുഖത്തോടെയാണ് ആളുകൾ തന്നെ കണ്ടിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ അവരെ കാണുമ്പോൾ സന്തോഷത്തോടെ ഇടപെടാൻ ശ്രമിക്കാറുണ്ടെന്നും ജീവ പറഞ്ഞു. എന്നാൽ മനസ് വിഷമിച്ചിരിക്കുന്ന സമയത്ത് പുറത്തുപോകുന്നത് താൻ ഒഴിവാക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
ജീവ. Photo. Facebook.com
‘നമ്മുടെ ഉള്ളിൽ സങ്കടമുണ്ടായിരിക്കുമ്പോൾ പുറത്തുപോയി ഒരു പ്ലാസ്റ്റിക് ചിരിയുമായി നിൽക്കാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് മനസുതുറന്ന് ചിരിക്കേണ്ട സമയത്താണ് ഞാൻ പുറത്തിറങ്ങാറുള്ളത്. ഇനി പുറത്തിറങ്ങിയാൽത്തന്നെ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറക്കാൻ ശ്രമിക്കും. അല്ലെങ്കിൽ ആ സങ്കടങ്ങൾക്കുമുകളിൽ സന്തോഷത്തെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്,’ ജീവ പറഞ്ഞു.
Content Highlight: Actor and Anchor Jeeva advises against assuming that someone’s life is always full of happiness just by looking at the photos and reels they share on social media