| Sunday, 6th July 2025, 6:12 pm

ഇന്നും ആ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ട്, എന്തിനായിരുന്നു ആ സിനിമക്ക് ഓക്കെ പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്: ആനന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് സജീവമായ നടനാണ് ആനന്ദ്. തമിഴ് ചിത്രം വാന കനുവങ്കള്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത തിരുടാ തിരുടയില്‍ നായകനായി തിളങ്ങിയ ആനന്ദിനെ സുരേഷ് ഗോപി ചിത്രം ദി ടൈഗറിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതമായത്.

തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ആനന്ദിന് സാധിച്ചു. ടെലിവിഷന്‍ രംഗത്തും താരം ഇപ്പോള്‍ സജീവമാണ്. കരിയറില്‍ ഏതെങ്കിലും വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ആനന്ദ്. മോഹന്‍ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് അത്തരത്തിലൊരു സിനിമയാണെന്ന് താരം പറഞ്ഞു.

മോഹന്‍ലാലിനൊപ്പമുള്ള വേഷമാണെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ പോയതെന്നും എന്നാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത വേഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെറ്റിലെത്തി മൂന്നാമത്തെ ദിവസം തന്നെ തനിക്ക് ഇത് തോന്നിയെന്നും ആനന്ദ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമ എന്തിനാണ് ചെയ്തതെന്ന് ആലോചിച്ചിട്ടുണ്ട്. അത് ആലോചിച്ച് ഇപ്പോഴും കുറ്റബോധമുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഓക്കെ പറഞ്ഞു. എന്നാല്‍ മൂന്നാമത്തെ ദിവസമായപ്പോള്‍ ഞാന്‍ സ്വയം ആലോചിച്ചു, എന്തിനാണ് ഈ സിനിമക്ക് ഓക്കെ പറഞ്ഞതെന്ന്. ഇതുവരെ ഇക്കാര്യം ആരോടും ഞാന്‍ പറഞ്ഞിട്ടില്ല.

എനിക്ക് ഒന്നും ചെയ്യാനില്ലാത്ത ക്യാരക്ടറായിരുന്നു അത്. 10 ദിവസത്തെ ഡേറ്റായിരുന്നു ചോദിച്ചത്. എന്നാല്‍ പിന്നീട് അത് 20 ദിവസമെന്ന് അവര്‍ പറഞ്ഞു. അതിലും കൂടുതല്‍ ദിവസം പോയപ്പോള്‍ ഞാന്‍ പൈസ ചോദിച്ചുവാങ്ങാന്‍ തുടങ്ങി. കാരണം, നമ്മള്‍ ഒരുപാട് പ്രതീക്ഷിച്ചിട്ടാണല്ലോ ആ സെറ്റിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ അതൊന്നും ഇല്ലാത്ത അവസ്ഥയായി.

എനിക്ക് അത് കയ്‌പ്പേറിയ ഒരു അനുഭവമായിരുന്നു. സെറ്റില്‍ എന്നെ ആ അവസ്ഥയില്‍ കണ്ട ബിജു മേനോന്‍ എന്നോട് ‘നീ എന്തിനാണ് ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യുന്നത്?’ എന്ന് ചോദിച്ചു. ആ സിനിമ ചെയ്തതിലുള്ള കുറ്റബോധം ഇപ്പോഴുമുണ്ട്. ‘കുറ്റബോധം’ എന്ന വാക്ക് ഞാന്‍ മനപ്പൂര്‍വം എടുത്തുപറയുകയാണ്,’ ആനന്ദ് പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. മോഹന്‍ലാലിന് പുറമെ ദിലീപ്, സുരേഷ് ഗോപി, ശരത് കുമാര്‍, ബിജു മേനോന്‍, കാവ്യ മാധവന്‍, ലക്ഷ്മി റായ്, സായ് കുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറി.

Content Highlight: Actor Anand saying he still regret for acted in Christian Brothers movie

We use cookies to give you the best possible experience. Learn more