| Monday, 16th November 2026, 4:30 pm

‘വളരെ വെർസറ്റൈൽ ആക്ടർ, സ്വീറ്റ് പേഴ്സൺ; ദുൽഖറിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്’; അല്ലു അർജുൻ

അജ്മല്‍ കെ

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ദുൽഖർ സൽമാൻ. താരപുത്രനെന്ന ലേബലിനപ്പുറം സ്വന്തം അഭിനയത്തിലൂടെയും സിനിമാ തെരഞ്ഞെടുപ്പുകളിലൂടെയും തന്റേതായ ഇടം കണ്ടെത്താൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരത്തെക്കുറിച്ച് മനസുതുറന്ന് സംസാരിച്ചിരിക്കുകയാണ് നടൻ അല്ലു അർജുൻ. ദുൽഖറിന്റെ സിനിമാ തെരഞ്ഞെടുപ്പുകളെയും അഭിനയ മികവിനെയും വ്യക്തിത്വത്തെയും പ്രശംസിച്ചുകൊണ്ടായിരുന്നു അല്ലു അർജുൻ സംസാരിച്ചത്.

‘എനിക്ക് ദുൽഖർ സൽമാനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മലയാളത്തിലാണ് കണ്ടത്. അവിടെനിന്ന് അദ്ദേഹത്തിന്റെ കരിയർ എങ്ങനെയാണ് വളർന്നതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മലയാളത്തിൽനിന്ന് തമിഴിലെത്തി മണിരത്നത്തെപ്പോലെയുള്ള മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. പിന്നീട് തെലുങ്കിലെത്തി മഹാനടി, സീതാരാമം, ലക്കി ഭാസ്കർ തുടങ്ങിയ മികച്ച സിനിമകൾ ചെയ്തു. ആ ഹിറ്റ് ലിസ്റ്റ് തുടർന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ അല്ലു അർജുൻ പറഞ്ഞു.

അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍ Photo : Screen grab/ Geetha arts

വളരെ വെർസറ്റൈലായ അഭിനേതാവാണ് ദുൽഖറെന്നും നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു. വലിയ പരിചയമില്ലെങ്കിലും കാണുമ്പോഴെല്ലാം വർഷങ്ങളായി അറിയുന്ന ഒരാളെന്ന തോന്നലാണ് ദുൽഖർ നൽകുന്നതെന്നും താരം പറഞ്ഞു.

‘വളരെ വെർസറ്റൈലായ അഭിനേതാവാണ് അദ്ദേഹം. അതുപോലെതന്നെ വളരെ സ്വീറ്റ് പേഴ്സണുമാണ്. എനിക്ക് അദ്ദേഹവുമായി വലിയ പരിചയമൊന്നുമില്ല. പക്ഷേ എപ്പോൾ കണ്ടാലും പണ്ടുമുതലേ അറിയുന്ന ഒരാളെപ്പോലെയാണ് തോന്നുക,’ അല്ലു അർജുൻ പറഞ്ഞു.

സൂപ്പർതാരം മമ്മൂട്ടിയുടെ മകനാണെങ്കിലും ദുൽഖർ ഒരിക്കലും ആ താരപ്രഭാവം മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാറില്ലെന്നും അല്ലു അർജുൻ അഭിപ്രായപ്പെട്ടു. എല്ലാവരോടും വളരെ ലളിതമായും വിനയത്തോടെയും ഇടപെടുന്ന സ്വഭാവമാണ് ദുൽഖറിന് ഇത്രയധികം ആരാധകരെയും വിജയവും നേടിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങൾക്കെല്ലാവർക്കും അറിയാം, അദ്ദേഹം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകനാണ്. പക്ഷേ ഒരു സ്റ്റാർ കിഡ് എന്നതിന്റെ യാതൊരു പ്രഭാവവും അദ്ദേഹം മറ്റുള്ളവരെ അനുഭവിപ്പിക്കാറില്ല. എല്ലാവരോടും വളരെ ലളിതമായും വിനയത്തോടെയുമാണ് പെരുമാറുന്നത്. ആ നല്ല ഗുണങ്ങളാണ് അദ്ദേഹത്തിന് ഇത്രയധികം ഇമേജും വിജയവും നേടിക്കൊടുക്കുന്നത്. ദുൽഖർ, ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാൻ നിങ്ങൾക്ക് കഴിയട്ടെ. നിങ്ങളിൽനിന്ന് കൂടുതൽ സിനിമകൾ വരട്ടെയെന്ന് ആഗ്രഹിക്കുന്നു,’ അല്ലു അർജുൻ പറഞ്ഞു.

ലോക പോലെയുള്ള മികച്ച ചിത്രത്തിൽ ചെറിയൊരു കാമിയോ വേഷത്തിലും ദുൽഖർ എത്തിയ കാര്യം അദ്ദേഹം പരാമർശിച്ചു. മലയാളി താരങ്ങളിൽ തെലുങ്ക് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ദുൽഖറെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

ആകാശം ലോ ഒകതാര. Photo. IMDb

നവംബർ 20ന് റിലീസ് ചെയ്യുന്ന ആകാശം ലോ ഒകതാരയുടെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ. പവൻ സാധിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും സാത്വിക വീരവല്ലിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ പ്രത്യേക വേഷത്തിലുണ്ട്. ഗീത ആർട്സ്, സ്വപ്ന സിനിമാസ്, ലൈറ്റ് ബോക്സ് മീഡിയ എന്നീ ബാനറുകളിൽ സന്ദീപ് ഗുണ്ണം, രമ്യ ഗുണ്ണം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Content Highlight: Actor Allu Arjun has spoken candidly about Dulquer Salmaan

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more