| Wednesday, 9th July 2025, 12:26 pm

സൂംബയ്ക്ക് എന്താണ് കുഴപ്പം? ഇത്രയും വേവലാതിപെടേണ്ട കാര്യമില്ല: അലന്‍സിയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഈയിടെ ആയിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തത്. ഇപ്പോള്‍ സൂംബയ്ക്ക് എന്താണ് കുഴപ്പമെന്ന് ചോദിക്കുകയാണ് നടന്‍ അലന്‍സിയര്‍.

കുട്ടികള്‍ക്ക് ഉല്ലാസത്തിന് വേണ്ടിയാണ് സൂംബയെന്നും അതില്‍ കയറി ഇടപ്പെടുന്നത് സ്വേച്ഛാധിപത്യവും ഫാസിസവുമാണെന്നും അദ്ദേഹം പറയുന്നു. കുട്ടികള്‍ അവരുടെ ജീവിതം ആസ്വദിക്കട്ടേയെന്നും തങ്ങളുടെ പിരിമുറുക്കങ്ങളൊക്കെ അങ്ങനെ തുറന്നു വിടട്ടേയെന്നുമാണ് നടന്‍ പറയുന്നത്.

അതിന് ഇത്രയും വേവലാതിപെടേണ്ട കാര്യമില്ലെന്നും നമ്മുടെ സമൂഹം എങ്ങനെയായി മാറി കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സൂംബയ്ക്ക് എതിരെ വന്ന പരാമര്‍ശങ്ങളെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും പുതിയ അപൂര്‍വ്വ പുത്രന്മാര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യെസ് 27 എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘സൂംബയ്ക്ക് എന്താണ് കുഴപ്പം? കുട്ടികള്‍ക്ക് ഉല്ലാസത്തിന് വേണ്ടിയാണ് സൂംബ. അതില്‍ കയറി ഇടപ്പെടുന്നത് സ്വേച്ഛാധിപത്യമാണ്, ഫാസിസമാണ്. കുട്ടികള്‍ അവരുടെ ജീവിതം എന്‍ജോയ് ചെയ്യട്ടെ. അവരുടെ ജീവിതത്തിലെ സ്‌ട്രെസും അവര്‍ക്കുണ്ടാകുന്ന പിരിമുറുക്കങ്ങളുമൊക്കെ അവര്‍ അങ്ങനെ തുറന്നു വിടട്ടെ.

ലഹരി ഉപയോഗമെന്ന് പറയുന്നതിന് പകരമായി മറ്റൊരു ലഹരി അവര്‍ ആ ആര്‍ട്ട് ഫോമിലൂടെ കണ്ടെത്തട്ടേ. അതിന് ഇത്രയും വേവലാതിപെടേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ സൊസൈറ്റി എങ്ങനെയായി മാറി കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സൂംബയ്ക്ക് എതിരെ വന്ന പരാമര്‍ശങ്ങളൊക്കെയും,’ അലന്‍സിയര്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെ ചില മത സംഘടനകളും ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും ഭാരതീയ വിചാര കേന്ദ്രവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലഹരിയുടെ പേരില്‍ വിദേശ ചരക്കായ സൂംബയെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നായിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിന്റെ വാദം.


Content Highlight: Actor Alencier Ley Lopez Says what’s wrong with Zumba? There’s no need to worry too much

We use cookies to give you the best possible experience. Learn more