| Thursday, 24th September 2026, 9:21 pm

മമ്മൂക്ക സിനിമയുടെ യൂണിവേഴ്‌സിറ്റിയാണ്, പുതിയ ആള്‍ക്കാരുമായി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം എപ്പോഴും ഉറപ്പുവരുത്തും: അഭിരാം രാധാകൃഷ്ണന്‍

അശ്വിന്‍ രാജേന്ദ്രന്‍

2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് അഭിരാം രാധാകൃഷ്ണന്‍. പിന്നീട് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചാം പാതിര, ഉണ്ട, ജാന്‍.എ.മന്‍, ഫാലിമി, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാലയിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും ഭരതനാട്യം 2 മോഹിനിയാട്ടവും.

ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. സമാനമായി അഭിരാമിന്റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട. ബോക്സ് ഓഫീസില്‍ വലിയ വിജയമായ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയത് മമ്മൂട്ടിയായിരുന്നു. ചിത്രത്തില്‍ പി.സി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു അഭിരാം അവതരിപ്പിച്ചത്.

അഭിരാം രാധാകൃഷ്ണന്‍. Photo: IMDB

സമീപകാലത്തെ മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഉണ്ടയിലെ പൊലീസ് വേഷം. ചിത്രത്തിലെ പ്രകടനത്തിന് രാജ്യാന്തര തലത്തില്‍ മമ്മൂട്ടിയ്ക്ക് നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ എഴുപത്തിരണ്ടാമത് ദേശീയ പുരസ്‌കാര വേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. നാലാമത്തെ തവണയാണ് താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഈ സാഹചര്യത്തില്‍ താരത്തെ കുറിച്ച് അഭിരാം രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരത്തോടൊപ്പം ഉണ്ടയില്‍ അഭിനയിച്ച അനുഭവമാണ് അഭിരാം ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.

‘സിനിമയുടെ ഒരു യൂണിവേഴ്‌സിറ്റിയാണ് മമ്മൂക്ക. ആക്ടിങ്ങിനെ കുറിച്ച് മാത്രമല്ല ചരിത്രപരമായി സിനിമയെകുറിച്ചുള്ള എല്ലാ കാര്യങ്ങളും മമ്മൂക്കയ്ക്കറിയാം. സിനിമകള്‍ അതിന്റെ സംവിധായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ്, അഭിനേതാക്കള്‍, ടെക്‌നീഷന്‍ തുടങ്ങി എല്ലാം അദ്ദേഹത്തിനറിയാം.

എഴുപത്തിരണ്ടാമത് ദേശീയ പുരസ്‌കാര വേളയില്‍. Photo: X.com

മറ്റൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ഓരോ ദിവസവും പുതിയ ആള്‍ക്കാരുടെ ഒപ്പം വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്താറുണ്ട്. അവന്‍ കൊള്ളാലോ, അവന്‍ പുതിയ ആളാണല്ലോ, അവനെ വിളിക്ക് അവന്റെ കൂടെ ചെയ്യാം എന്ന പോയന്റ് മമ്മൂക്ക എപ്പോഴും മുന്നോട്ട് വെക്കും. ഇപ്പോഴും അദ്ദേഹം ചെയ്യുന്ന ചിത്രങ്ങളില്‍ അത് കാണാം. നിതീഷ് സഹദേവന്റെ കൂടെയാണ് അദ്ദേഹം അടുത്ത ചിത്രം ചെയ്യാന്‍ പോകുന്നത്. ഫാലിമി ചെയ്ത സംവിധായകനാണ് അദ്ദേഹം. ഉണ്ട ചെയ്യുമ്പോള്‍ ഖാലിദ് റഹ്‌മാന് മുപ്പത്തിരണ്ട് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പക്ഷേ അവനിലൊരു സ്റ്റഫ് ഉണ്ട് എന്നുള്ള കാര്യം മമ്മൂക്ക് തിരച്ചറിഞ്ഞല്ലോ. അതാണ് അദ്ദേഹത്തിന്റെ വിജയം,’ അഭിരാം പറഞ്ഞു.

Content Highlight: Actor Abhiram Radhakrishnan talks about Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more