ബെർലിൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഇസ്രഈലിന് ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ ജർമ്മൻ പ്രതിരോധ കരാറുകാരായ റൈൻമെറ്റാളിനെതിരെ പ്രതിഷേധിച്ച് ആക്ടിവിസ്റ്റുകൾ.
കമ്പനിയുടെ പ്രവേശന കവാടങ്ങൾ ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
വെഡിംഗ് ജില്ലയിലെ കമ്പനി കവാടത്തിന് മുന്നിൽ ഇരുന്ന ‘പീസ്ഫുളി എഗെയ്ൻസ്റ്റ് ജെനോസൈഡ്’ (Peacefully Against Genocide) എന്ന സംഘടനയിലെ അംഗങ്ങൾ തങ്ങളുടെ കൈകൾ റോഡിൽ ഒട്ടിച്ചുവെച്ച് പ്രതിഷേധിച്ചു. ഫലസ്തീന് സ്വാതന്ത്ര്യം നൽകുക, വംശഹത്യ അവസാനിപ്പിക്കുക, ഇസ്രഈൽ ബോംബിടുന്നു ജർമ്മനി പണം നൽകുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.
സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്ന ആയുധ നിർമ്മാണത്തിനെതിരായാണ് ഈ പ്രതിഷേധമെന്ന് സമരക്കാരിലൊരാളായ ഹാനസ് സോമർക്യാമ്പ് പറഞ്ഞു.
‘നമ്മൾ ഇവിടെ ഇരിക്കുമ്പോഴും ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനിലുടനീളവും ഇസ്രഈൽ ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഇസ്രഈൽ ലെബനനെയും ഇറാനെയും ആക്രമിക്കുന്നു, ഓരോ ദിവസവും മനുഷ്യരെ കൊന്നൊടുക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ബെർലിനിൽ വെഡിംഗിന്റെ മധ്യത്തിൽ തന്നെ മനുഷ്യരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ നിർമ്മിക്കപ്പെടുകയാണെന്നും റൈൻമെറ്റാൾ ഇസ്രഈൽ സൈന്യത്തിന് ആയുധങ്ങൾ നൽകുകയും അതുവഴി പശ്ചിമേഷ്യയിലുടനീളം തുടരുന്ന വംശഹത്യക്ക് കളമൊരുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മനുഷ്യരെ കൊല്ലുന്ന പ്രക്രിയ ഇവിടെ ബെർലിനിൽ നിന്നാണ് തുടങ്ങുന്നത്,’ ഹാനസ് സോമർക്യാമ്പ് പറഞ്ഞു.
ആയുധനിർമ്മാണ കമ്പനിയായ റൈൻമെറ്റാളും ജർമൻ സർക്കാരും ഒരുപോലെ കുറ്റക്കാരനാണെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചു.
‘മനുഷ്യരെ കൊന്നൊടുക്കുന്നതിലൂടെ റൈൻമെറ്റാൾ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നു. ഗവൺമെന്റ് അനുവാദം നൽകുകയും ചെയ്യുന്നു,’ ആക്ടിവിസ്റ്റുകളിൽ ഒരാളായ ലെന പറഞ്ഞു.
ഫലസ്തീൻ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്ക് ഇസ്രഈൽ തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപ്പിക്കുമ്പോഴും ജർമ്മനി ആയുധങ്ങൾ നൽകുന്നത് തുടരുകയാണെന്നും ഇതിലൂടെ ജർമ്മൻ സർക്കാരും റൈൻമെറ്റാളും ഫലസ്തീനിലെ വംശഹത്യക്കും ഇസ്രഈൽ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും കൂട്ടുനിൽക്കുകയാണെന്നും അവർ പറഞ്ഞു.
ജർമനിയിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകാരാണ് റെയിൻമെറ്റാൽ. സൈനിക വാഹനങ്ങളും പടക്കോപ്പുകളും നിർമിക്കുന്ന ഈ കമ്പനി സംഘർഷ സാഹചര്യം മുന്നിൽകണ്ട് ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്.
Content Highlight: Activists protest against German arms manufacturing company for supplying weapons to Israel