| Saturday, 17th January 2026, 1:31 pm

ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണം; ലണ്ടൻ കേന്ദ്രീകരിച്ച് 'റെഡ് റിബൺ ക്യാമ്പയിൻ'

യെലന കെ.വി

ലണ്ടൻ : ഇസ്രഈൽ തടവിലാക്കിയ ആയിരക്കണക്കിന് ഫലസ്തീനികളുടെ മോചനത്തിനായി അന്താരാഷ്ട്ര തലത്തിൽ പുതിയ പോരാട്ടത്തിന് തുടക്കം. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും ചേർന്ന് ‘റെഡ് റിബൺ ക്യാമ്പയിൻ’ എന്ന പേരിൽ ആഗോള പ്രചാരണം ആരംഭിച്ചു.

ഇസ്രഈൽ ജയിലുകളിൽ ക്രൂരമായ പീഡനവും മനുഷ്യാവകാശ ലംഘനവും നേരിടുന്ന ഫലസ്തീൻ തടവുകാരെ ലോകശ്രദ്ധയിൽ കൊണ്ടുവരികയെന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫലസ്തീൻ ഫോറത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ ആഗോള മുന്നേറ്റത്തിൽ മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും അണിനിരക്കുന്നു.

ഇസ്രഈൽ ജയിലുകളിൽ നടക്കുന്നത് ആസൂത്രിതമായ പീഡനങ്ങളാണെന്നും തടവുകാരുടെ ജീവൻ അപകടത്തിലാണെന്നും ക്യാമ്പയിൻ വക്താക്കൾ മുന്നറിയിപ്പ് നൽകി. ഫലസ്തീൻ തടവുകാരുടെ രക്തത്തെയും അവർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും സൂചിപ്പിക്കാനാണ് ‘റെഡ് റിബൺ’ എന്ന പേര് നൽകിയത്.

ജനുവരി 15 മുതൽ ലോകവ്യാപകമായി ഡിജിറ്റൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ‘ഫ്രീ ഫലസ്തീൻ’ഹാഷ്ടാഗ് ഉപയോഗിക്കാനും പ്രവർത്തകർ ആഹ്വാനം ചെയ്തു.

നിലവിൽ ഇസ്രഈൽ തടവിലാക്കിയ ഫലസ്തീനികളുടെ എണ്ണം 9,൦൦൦ത്തിനും 10,൦൦൦ത്തിനും ഇടയിലാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ യാതൊരുവിധ കുറ്റാരോപണങ്ങളോ വിചാരണയോ കൂടാതെ 3,300 പേരാണ് കരുതൽ തടവിൽ കഴിയുന്നത് .

അതീവ ഗുരുതരമായ സാഹചര്യത്തിൽ 400ൽ അധികം കുട്ടികളെയും ഇസ്രഈൽ ഭരണകൂടം തടവിലിട്ടിട്ടുണ്ട്. കൂടാതെ, യുദ്ധമേഖലകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 150ഓളം ആരോഗ്യ പ്രവർത്തകരടക്കം നിലവിൽ ഇസ്രഈൽ കസ്റ്റഡിയിൽ തുടരുകയാണ്.

content highlight : Activists launch global campaign for Palestinian prisoners

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more