| Thursday, 25th September 2025, 12:12 pm

ബി.ജെ.പിയുടെ വാഗ്ദാന ലംഘനങ്ങളും തൊഴിലില്ലായ്മയുമാണ് ലഡാക്ക് അക്രമത്തിന് കാരണം; ആക്ടിവിസ്റ്റ് സോനം വാങ്ചുക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലേ: 2020ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി ലംഘിച്ചതും യുവാക്കള്‍ക്കിടയില്‍ വര്‍ഷങ്ങളായി തുടരുന്ന തൊഴിലില്ലായ്മയുമാണ് ലഡാക്കിലെ അക്രമത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്.

പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവും സോനം വാങ്ചുക്ക് തള്ളിക്കളഞ്ഞു. ഇത് തികച്ചും രാഷ്ട്രീയേതരമാണെന്നും പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ നിറം വരുന്നത് ഒഴിവാക്കാന്‍ ഉന്നത സമിതി കോണ്‍ഗ്രസ് പ്രതിനിധികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് ഒരു നേതാവിനെക്കൊണ്ട് 5,000 പേരെ വിളിക്കാന്‍ കഴിയുന്നത്ര കഴിവില്ലെന്ന് തനിക്കറിയാമെന്നും അവരുടെ സ്വാധീനത്തിന് അത്രയധികം ക്രെഡിറ്റ് നല്‍കുന്നത് അധികമാകുമെന്നും വാങ്ചുക് പറഞ്ഞു.

ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന, നിരാശരായ യുവാക്കളുടെ ‘സ്വാഭാവികമായ പൊട്ടിത്തെറി’ എന്നാണ് ഈ പ്രക്ഷോഭത്തെ വാങ്ചുക് വിശേഷിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്ന് സമാധാനപരമായ പാത മാത്രമാണ് സ്വീകരിച്ചിരുന്നതെന്നും എന്നാല്‍ ഇന്ന് സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമാണെന്നും വാങ്ചുക്ക് കൂട്ടിച്ചേര്‍ത്തു.

ലേയില്‍ ബി.ജെ.പി ഓഫീസിനും സി.ആര്‍.പി.എഫ് വാനിനും പ്രതിഷേധക്കാര്‍ തീയിടുകയും തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെടുകയും 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വെടിവയ്ക്കുകയും ചെയ്തതില്‍ 30 ലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. പിന്നീട് ലഡാക്ക് തലസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി നിരാഹാര സമരം നടത്തി വരികയായിരുന്ന വാങ്ചുക്ക്.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ തുടരുന്നു. ഉയര്‍ന്ന തലങ്ങളില്‍ ജോലികളൊന്നുമില്ലെന്നും ജനാധിപത്യം വെട്ടിക്കുറയ്ക്കപ്പെട്ടുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്ക് പ്രക്ഷോഭം ആസൂത്രിതമാണെന്നും പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരവാദി ആക്ടവിസ്റ്റ് സോനം വാങ് ചുക്കാണെന്നുമാണ് ആഭ്യന്തരമന്ത്രാലയം ആരോപിച്ചത്.

Content highlight: Activist Sonam Wangchuk blames BJP’s broken promises and unemployment for Ladakh violence

We use cookies to give you the best possible experience. Learn more