| Tuesday, 11th March 2025, 1:08 pm

പെണ്‍കുട്ടികളും സ്ത്രീകളും ഇരകളാകുന്ന കേസുകളില്‍ നടപടി വേഗത്തിലാക്കണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകളില്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി നിര്‍ദേശം. കാസര്‍ഗോഡ്‌ പതിനഞ്ച് വയസുകാരിയെ വീടനടുത്തുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

15 വയസുകാരിയുടെ തിരോധാനത്തില്‍ സ്ത്രീ എന്ന നിലയിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാമായിരുന്നെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ പെണ്‍കുട്ടികളും സ്ത്രീകളും ഇരകളാകുന്ന ഏതൊരു കുറ്റകൃത്യം നടന്നാലും അടിയന്തരമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

കേസിന്റെ തുടക്കം തൊട്ട് പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്ന തരത്തില്‍ പൊലീസ് കേസ് വിലയിരുത്തിയതായി ആക്ഷേപമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ എന്തുകൊണ്ടാണ് വൈകിയതെന്നും കോടതി ചോദിച്ചു.

ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് 15 വയസുകാരിയെയും ഓട്ടോ ഡ്രൈവര്‍ പ്രദീപിനെയും കാണാതായത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് പ്രദേശത്ത് നടന്ന വ്യാപക തിരച്ചലിനൊടുവിലാണ് ഞായറാഴ്ച ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകദേശം ഇരുപത് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങള്‍ക്ക്.

പൊലീസ് അന്വേഷണത്തില്‍ ജാഗ്രതക്കുറവുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഈ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

Content Highlight: Action should be taken fast in cases where girls and women are victims: High Court

We use cookies to give you the best possible experience. Learn more