| Monday, 2nd November 2026, 10:29 am

വിദ്യാർഥികളെ പരീക്ഷയെഴുതിക്കാത്ത നടപടി: കാലടി വി.സിക്കെതിരെ ഇന്ന് ജനകീയ മാർച്ച്; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകും

ശ്രീലക്ഷ്മി പി.പി

കാലടി: സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകാത്ത കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വി.സിയുടെ പ്രതികാര നടപടിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഇന്ന് സർവകലാശാലയിലേക്ക് ജനകീയ മാർച്ച് നടത്തും.

ഇതിനൊപ്പം ക്യാമ്പസിൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിക്കും. കോടതി ഉത്തരവ് നടപ്പാക്കാത്ത വി.സിക്കെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യാൻ എസ്.എഫ്.ഐ തീരുമാനിച്ചു.

ക്യാമ്പസിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വി.സിയുടെ പ്രതീകാത്മക ശവമഞ്ചം ഒരുക്കി നാടകം കളിച്ചെന്ന് ആരോപിച്ചാണ് സർവകലാശാല നടപടിയെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിട്ട് 63 ദിവസമായി.

നവംബർ നാലിന് പരീക്ഷകൾ ആരംഭിക്കാനിരിക്കെ, ഒക്ടോബർ 30-നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിദ്യാർഥികൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 31-നകം എക്സാം രജിസ്ട്രേഷൻ പൂർത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങൾ സർവകലാശാല ഒരുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കർശന നിർദേശം. എന്നാൽ, കോടതി വിധി വന്നിട്ടും വിദ്യാർഥികൾക്കായി രജിസ്ട്രേഷൻ പോർട്ടൽ തുറക്കാൻ സർവകലാശാല തയാറായില്ല.

സ്വന്തം വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തടയാൻ ഒരു സർവകലാശാല തന്നെ കോടതിയെ സമീപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള ഹാജരില്ലെന്ന് വാദിച്ച് സിംഗിൾ ബെഞ്ച് വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് വി.സിയുടെ നീക്കം.

കോടതി ഉത്തരവ് പോലും കാറ്റിൽപ്പറത്തി മുന്നോട്ട് പോകുന്ന വി.സിയുടെ പ്രതികാര നടപടികൾക്കെതിരെ ക്യാമ്പസിലും പുറത്തും പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം.

Content Highlight:Action preventing students from taking exams: Public march against Kalady VC today; contempt of court petition to be filed in the High Court.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more