തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ നടപടി അതിരുകടന്നുവെന്ന എ ഗ്രൂപ്പിന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവരും.
മതിയായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനുമുള്ള തീരുമാനം എടുത്തതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
രാഹുലിനെതിരായ തീരുമാനത്തെ പിന്തുണച്ച എ ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ നിലപാട് മാറ്റിയത് ഗ്രൂപ്പ് താത്പര്യങ്ങള്‍ കാരണമാണെന്ന് നേതൃത്വം വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.
നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നിലപാടില്‍ അയവ് വരുത്തുന്നത് തിരിച്ചടിയാകുമെന്നും അതിനാല്‍ പുനരാലോചന ആവശ്യമില്ലെന്നും വി.ഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടായിരുന്നു നേരത്തെ രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍ക്കും കെ.പി.സി.സി ഭാരവാഹികള്‍ക്കും എം.പിമാര്‍ക്കും ഉണ്ടായിരുന്നത്.
ഇരകള്‍ രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ വേണമെന്നാണ് മുമ്പ് ഇവരെല്ലാം ആവശ്യപ്പെട്ടിരുന്നത്. ഈ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കെ.പി.സി.സി അധ്യക്ഷന്‍ നടപടി പ്രഖ്യാപിച്ചത്.
ഇപ്പോള്‍ നടപടി അതിരുകടന്നുവെന്ന് പറയുന്ന എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ അന്ന് കടുത്ത നിലപാടിനെ പിന്തുണച്ചവരാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി നേതൃത്വവും സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.
എ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നീക്കങ്ങളെ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നീക്കമായാണ് കോണ്‍ഗ്രസ് നേതൃത്വം വാദിക്കുന്നത്.
Content Highlight: Action against Rahul; Congress leadership rejects Group A for its inconsistent stance