| Sunday, 7th September 2025, 10:45 pm

ഹൃദയത്തിൽ അഭിനയിച്ചത് വിനീത് ശ്രീനിവാസനോടുള്ള ഇഷ്ടം കൊണ്ട്; തുടക്കം അവിടെനിന്ന്: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡിറ്റർ ആയി കരിയർ തുടങ്ങി ഇന്ന് അഭിനേതാവെന്ന നിലയിലും ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുകയാണ് സംഗീത് പ്രതാപ്. പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളികളുടെ മനസിലേക്ക് ചേക്കേറിയത്.

തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഹൃദയപൂർവ്വത്തിലും സംഗീത് ജെറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടി. ഇപ്പോൾ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് സം​ഗീത് പ്രതാപ്.

‘എഡിറ്റിങ്ങാണ് അന്നും ഇന്നും കൈവഴക്കമുള്ള ജോലിയായി തോന്നിയിട്ടുള്ളത്. കാരണം അതാണ് അക്കാദമിക്കലായി പഠിച്ചത്. വിനീത് ശ്രീനിവാസൻ എന്ന ബ്രാൻഡിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് ഹൃദയം എന്ന സിനിമ ചെയ്തത്. ഹൃദയമാണ് എല്ലാറ്റിന്റെയും തുടക്കം. അന്ന് അഭിനയമല്ലായിരുന്നു പാഷൻ. എന്നാൽ, പിന്നീട് അത് ഒരു പാഷനായും കരിയറായും വളരെ പ്രധാനമായി മാറി. ജീവിതം അന്നും ഇന്നും ഒരുപാട് മാറി. അന്ന് ഹൃദയത്തിന് ഓഡിഷൻ ഉണ്ടായിരുന്നില്ല,’ സംഗീത് പ്രതാപ് പറയുന്നു.

അഭിനയിക്കുന്ന സമയത്ത് ഏറ്റവും സത്യസന്ധമായി മനസാന്നിധ്യത്തോടെ നിൽക്കുക എന്നതാണ് തന്റെ രീതിയെന്നും ഓരോ സീനിലും എന്താണ് ചെയ്യേണ്ടതെന്ന് സംവിധായകരിൽ നിന്ന് ക്ലാരിറ്റി കിട്ടുമെന്നും സംഗീത് പറയുന്നു.

ഡയലോഗ് ഇല്ലാത്തപ്പോൾ ലൈവായി സീനിൽ നിൽക്കുന്നതും സത്യസന്ധമായി സീനുകളിൽ പ്രതികരിക്കുന്നതുമാണ് തന്റെ രീതിയെന്നും അത് വൃത്തിയായി ചെയ്യുമ്പോഴാണ് ഡയലോഗ് പറയുന്നവരിൽ നിന്നുമാറി ഡയലോഗ് ഇല്ലെങ്കിൽപ്പോലും പ്രേക്ഷകരുടെ ശ്രദ്ധ ഔട്ട് ഓഫ് ഫോക്കസിലുള്ള തങ്ങളിലേക്കെത്തുന്നതെന്നും സംഗീത് പറഞ്ഞു.

അത് പരമാവധി അഭിനയത്തിൽ കൊണ്ടുവരാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും നമ്മൾ ഇല്ലാത്ത സീനുകളിലും നമ്മുടെ കഥാപാത്രം വേണമായിരുന്നുവെന്ന് ആളുകളെക്കൊണ്ട് ചിന്തിപ്പിക്കുന്നതാണ് വിജയമെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു.

Content Highlight: Acting in Hrudhayam was out of love for Vineeth Sreenivasan says Sangeeth Prathap

We use cookies to give you the best possible experience. Learn more