| Tuesday, 22nd September 2026, 7:18 am

ഐ.പി.എല്ലിന്റെ 19 സീസണില്‍ 'ഇന്ത്യന്‍ ജയം' വെറും രണ്ടേ രണ്ട് തവണ മാത്രം; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രം തിരുത്താന്‍ സഹീര്‍

ആദർശ് എം.കെ.

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ഇതിഹാസം സഹീര്‍ ഖാനെ നിയമിച്ചത്. സൂപ്പര്‍ കിങ്‌സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ പകരക്കാരനായാണ് സഹീര്‍ ഖാന്‍ ചുമതലയേല്‍ക്കുന്നത്.

ഇംഗ്ലണ്ട് റെഡ് ബോള്‍ കോച്ചായി ഫ്‌ളെമിങ് സ്ഥാനമേറ്റെടുത്തതോടെ സി.എസ്.കെയ്ക്കായി തന്ത്രങ്ങള്‍ മെനയാന്‍ ഇനി ആര് എന്ന ചോദ്യം ഉയര്‍ന്നുകേട്ടിരുന്നു. പലരുടെയും പേരുകള്‍ ചര്‍ച്ചകളുടെ ഭാഗമായെങ്കിലും ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസര്‍ സൂപ്പര്‍ കിങ്‌സിന്റെ പരിശീലകനായി എത്തുകയായിരുന്നു.

വളരെ വലിയ ദൗത്യമാണ് സഹീറിന് മുമ്പിലുള്ളത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയ ടീമിനെ ആറാം കിരീടത്തിലേക്ക് നയിക്കാന്‍ തന്നെയാകും സഹീര്‍ ഒരുങ്ങുന്നത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇന്ത്യന്‍ പരിശീലകര്‍ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ടൂര്‍ണമെന്റിന്റെ 19 സീസണുകളില്‍ 17ലും വിദേശ പരിശീലകര്‍ക്ക് കീഴിലാണ് ടീമുകള്‍ കിരീടം നേടിയിട്ടുള്ളത്.

മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും അഞ്ച് തവണ വീതം കിരീടം നേടിയപ്പോഴും കഴിഞ്ഞ രണ്ട് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടര്‍ച്ചയായ കിരീടം നേടിയപ്പോഴും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വിദേശ പരിശീലകരുടെ തന്ത്രങ്ങള്‍ തന്നെയായിരുന്നു.

2008ല്‍ ഐ.പി.എല്‍ ആരംഭിച്ച ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ പരിശീലകന്‍ കിരീടം നേടുന്നത് 2022ലാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ കന്നി സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ആശിഷ് നെഹ്‌റയാണ് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട ആദ്യ ഇന്ത്യന്‍ പരിശീലകന്‍.

ആശിഷ് നെഹ്‌റ

ശേഷം 2024ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ പരിശീലകനായി ഉണ്ടായിരുന്നത് ചന്ദ്രകാന്ത് പണ്ഡിറ്റാണ്. ഈ രണ്ട് സീസണുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ പരിശീലകര്‍ക്ക് ഐ.പി.എല്‍ രാശിയായിരുന്നില്ല.

ചന്ദ്രകാന്ത് പണ്ഡിറ്റ്. Photo: KKR

ഐ.പിഎല്‍ കിരീടം നേടിയ പരിശീലകര്‍

(വര്‍ഷം – ടീം – പരിശീലകന്‍ എന്നീ ക്രമത്തില്‍)

2008 – രാജസ്ഥാന്‍ റോയല്‍സ് – ഷെയ്ന്‍ വോണ്‍

2009 – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – ഡാരന്‍ ലെമാന്‍

2010 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സ്റ്റീഫന്‍ ഫ്‌ളെമിങ്

2011 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സ്റ്റീഫന്‍ ഫ്‌ളെമിങ്

2012 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ട്രെവര്‍ ബെയ്‌ലിസ്

2013 – മുംബൈ ഇന്ത്യന്‍സ് – ജോണ്‍ റൈറ്റ്

2014 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ട്രെവര്‍ ബെയ്‌ലിസ്

2015 – മുംബൈ ഇന്ത്യന്‍സ് – റിക്കി പോണ്ടിങ്

2016 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ടോം മൂഡി

2017 – മുംബൈ ഇന്ത്യന്‍സ് – മഹേല ജയവര്‍ധനെ

2018 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സ്റ്റീഫന്‍ ഫ്‌ളെമിങ്

2019 – മുംബൈ ഇന്ത്യന്‍സ് – മഹേല ജയവര്‍ധനെ

2020 – മുംബൈ ഇന്ത്യന്‍സ് – മഹേല ജയവര്‍ധനെ

2021 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സ്റ്റീഫന്‍ ഫ്‌ളെമിങ്

2022 – ഗുജറാത്ത് ടൈറ്റന്‍സ് – ആശിഷ് നെഹ്‌റ

2023 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സ്റ്റീഫന്‍ ഫ്‌ളെമിങ്

2024 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ചന്ദ്രകാന്ത് പണ്ഡിറ്റ്

2025 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ആന്‍ഡി ഫ്ളവർ

2026 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ആന്‍ഡി ഫ്ളവർ

നേരത്തെ മുംബൈ ഇന്ത്യന്‍സിനൊപ്പം കോച്ചിങ്/ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ റോളില്‍ കിരീടം നേടിയ സഹീര്‍ ഖാന് ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടത്തിലേക്ക് നയിക്കുക എന്ന ഭാരിച്ച ചുമതലയാണുള്ളത്.

കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫ് സ്ഥാനം ലഭിക്കാതെ പോയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടും തങ്ങളുടെ സിംഹാസനത്തിലേക്കെത്തിക്കാന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content  Highlight: Across 19 IPL seasons, an Indian head coach has won the IPL trophy only twice.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more