കൊച്ചി: അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും തട്ടിക്കൊണ്ട് പോകലുള്‍പ്പെടെയുള്ള കുറ്റകൃത്യം നടന്നില്ലെന്നും വാദിക്കുന്ന നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.
ജാമ്യത്തില്‍ കഴിയവെ ഷൂട്ട് ചെയ്‌തെന്ന് കരുതുന്ന വീഡിയോ മാര്‍ട്ടിന്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുറത്തെത്തിയത്.
നടിയെ ആക്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്നും നടനും സംവിധായകനുമായ ലാലും, അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ ജൂനിയര്‍ ലാലും, നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരും ചില മാധ്യമപ്രവര്‍ത്തകരും, അതിജീവിതയുമെല്ലാം ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന്, കോടതി ശിക്ഷിച്ച പ്രതി വാദിക്കുമ്പോള്‍ അത് ഏറ്റെടുത്തിരിക്കുകയാണ് ദിലീപ് ആരാധകര്‍.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയും കോടതി 20 വര്‍ഷം തടവും പിഴയും ശിക്ഷ വിധിക്കുകയും ചെയ്ത പ്രതിയുടെ വീഡിയോ അതിജീവിതയ്ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ചിലര്‍ കരുതിക്കൂട്ടി ആഘോഷമാക്കുന്നുമുണ്ട്.
ഒരു ഭാഗത്ത് ദിലീപിനെ കുറ്റവിമുക്തനാക്കിയെന്ന് പറഞ്ഞ് കോടതി വിധിയെ വാഴ്ത്തുകയും അംഗീകരിക്കുകയും ചെയ്ത്, മറ്റൊരു ഭാഗത്ത് പ്രതികളെ ശിക്ഷിച്ച അതേ കോടതി വിധിയെ തള്ളി പറഞ്ഞ് കുറ്റകൃത്യം നടന്നിട്ടില്ലെന്ന് നടന്റെ ആരാധകര്‍ വാദിക്കുകയും ചെയ്യുന്നു.
മാര്‍ട്ടിന്റെ വീഡിയോ പുറത്തെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും ഈ സംഭവത്തോടനുബന്ധിച്ച് വരുന്ന വാര്‍ത്തകളുടെ താഴെയുള്ള കമന്റുകളും ഒരേ സ്വഭാവുമുള്ളതാണ്.
ജയില്‍ തടവില്‍ കഴിയുമ്പോള്‍ പ്രതി ഇത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടത് ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലൊന്നുമല്ല, സ്ഥിരം വെളുപ്പിക്കല്‍ പോസ്റ്റുകളുടെ ഭാഗമായാണ് വീഡിയോയും പുറത്തെത്തിയിരിക്കുന്നതെന്നും വ്യക്തമാണ്.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി Photo: ETV/web.com
ഒരേ പാറ്റേണുകള്‍ ഫോളോ ചെയ്യുന്ന കമന്റുകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് അതിജീവിതയ്‌ക്കെതിരായ അധിക്ഷേപവും എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന വാക്കുകളുമാണ്.
കോടതി വിധി ന്യായത്തില്‍ പറയുന്നത് ദിലീപ് ഗൂഢാലോചനയുടെ ഭാഗമായി എന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതികളുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയമുണ്ടായെന്നുമാണ്. അല്ലാതെ കോടതി വിധിയില്‍ ഒരിടത്തും കുറ്റകൃത്യം സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല.
ഒരു ദിലീപ് സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്താല്‍ ‘പ്രതി ആരാവണമെന്ന് തെളിവുകള്‍ തീരുമാനിക്കും’ എന്ന് തന്നെയാണ് ഈ വിഷയത്തിലും പൊതുസമൂഹത്തിന്റെ നിരീക്ഷണം. പ്രതി ആരാണെന്ന് തെളിവുസഹിതം കോടതി പറഞ്ഞു. ശിക്ഷയും വിധിച്ചു. എന്നിട്ടും ദിലീപ് അനുകൂലികളും മാര്‍ട്ടിന്‍, പള്‍സര്‍ സുനി തുടങ്ങിയ പ്രതികളെ പിന്തുണയ്ക്കുന്നവരും പറയുന്നതാവട്ടെ തട്ടിക്കൊണ്ടുപോവലോ കൂട്ടബലാത്സംഗമോ നടന്നിട്ടില്ലെന്നും.
കൃത്യമായ ആസൂത്രണത്തോടെ തിരക്കഥയൊരുക്കി നടപ്പിലാക്കിയ തട്ടിക്കൊണ്ടുപോകലിനോളം പോന്ന ആസൂത്രണമാണ് പുതിയ വീഡിയോ പുറത്തുവിട്ട് കുറ്റവാളികള്‍ നടത്തിയിരിക്കുന്നത്.
ദിലീപും നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും Photo: File Image
മാര്‍ട്ടിനെന്ന കുറ്റവാളിയുടെ വീഡിയോയ്ക്ക് ലഭിച്ച റീച്ചും പ്രമുഖ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെച്ച മാര്‍ട്ടിന്റെ വീഡിയോയുടെ എണ്ണവുമെല്ലാം കരുതിക്കൂട്ടിയുള്ള ആസൂത്രണത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
ഇതിനിടയിലും ദിലീപ് അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുള്‍പ്പെടെ നടിക്ക് നേരെ ഒരു കുറ്റകൃത്യവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ കോടതി വിധിക്ക് പിന്നാലെ, ഇങ്ങനെയൊരു കൃത്യം സംഭവിച്ചെന്ന് ഈ കോടതി വിധി വന്നപ്പോഴാണ് മനസിലായതെന്ന് പറഞ്ഞത് പൊതുസമൂഹത്തിന് പോലും ഞെട്ടലായിരുന്നു.
തന്റെ പേര് വെളിപ്പെടുത്തിയ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്ത അതിജീവിതയ്ക്കതിരെ ഇക്കാര്യത്തിന്റെ പേരിലും സൈബറാക്രമണം നടക്കുകയാണ്.
എന്തിനാണ് പ്രതി പേര് വെളിപ്പെടുത്തുമ്പോള്‍ പ്രതികരിക്കുന്നതെന്നാണ് ഒരു കൂട്ടരുടെ ചോദ്യം. പിന്തുണയ്ക്കുന്നവര്‍ പേര് വെളിപ്പെടുത്തുമ്പോഴോ ചിത്രം പങ്കുവെയ്ക്കുമ്പോഴോ എതിര്‍ക്കുന്നില്ലല്ലോ എന്ന് നിഷ്‌കളങ്കതയോടെ ചോദിക്കുന്നു. ഇത്തരത്തില്‍ കരുതിക്കൂട്ടി തയ്യാറാക്കിയ നിഷ്‌കളങ്ക കമന്റുകളും പ്രൊപ്പഗണ്ട ഖണ്ഡ കാവ്യങ്ങളുമാണ് കമന്റ് ബോക്‌സ് ഭരിക്കുന്നത്.
എട്ടുവര്‍ഷത്തെ നീറ്റലിനൊടുവില്‍ പാതിവെന്ത നീതി ലഭിച്ച അതിജീവിത ഇനിയും സധൈര്യം മുന്നോട്ടാണെന്ന് അവരുടെ ഓരോ പ്രതികരണവും പൊതുയിടത്തിലെ സാന്നിധ്യവും വ്യക്തമാക്കുന്നുണ്ട്. അവരുടെ മനസാന്നിധ്യത്തെ ചോദ്യം ചെയ്യാന്‍ ഈ വെളുപ്പിക്കല്‍-വ്യക്തിഹത്യാ വീഡിയോയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് വീഡിയോ നീക്കം ചെയ്യാനായി പൊലീസിനെ സമീപിച്ച ആദ്യ നടപടി വ്യക്തമാക്കുന്നത്.
സൈബറിടത്തിലെ പ്രതികരണത്തിനോ മറ്റുള്ളവരുടെ സഹതാപത്തിനായുള്ള പോസ്റ്റിനോ മുതിരാതെ നിയമപരമായ രീതിയിലാണ് അതിജീവിത മുന്നോട്ട് പോയതെന്നത് അവരുടെ ഇനിയും നശിക്കാത്ത നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെ എടുത്തുകാണിക്കുന്നു.
ഇനിയുള്ള പ്രതീക്ഷ മേല്‍ക്കോടതികളിലാണ്. കേസില്‍ വൈകാതെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയച്ചതുകൊണ്ടുതന്നെ കേരള ജനതയും നീതിക്കായുള്ള കാത്തിരിപ്പിലാണ്.
Content Highlight: Accused says no attack on actress; Dileep fans believe accused despite court’s verdict